Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:49 am

Menu

Published on January 6, 2014 at 10:59 am

ആഷസ് പരമ്പര ഓസ്‌ട്രേലിയ 5-0ന് തൂത്തുവാരി

australia-crush-england-to-seal-5-0-whitewash

സിഡ്‌നി: ആഷസ്‌ ക്രിക്കറ്റ്‌ ടെസ്‌റ്റ്‌ പരന്പരയിൽ ഓസ്‌ട്രേലിയയ്‌ക്കു സമ്പൂർണ ജയം. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സ് രണ്ട് സെഷനുകള്‍ക്കിടെ തീര്‍ത്താണ് ഓസീസ് ഇത്തവണത്തെ പരമ്പര അവിസ്മരണീയമാക്കിയത്.ജയിക്കാന്‍ 448 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് വെറും 166 റണ്‍സിന് പുറത്താവുകവഴി പതനം പൂര്‍ത്തിയാക്കി.രണ്ടിന്നിങ്‌സിലും ഇരുനൂറ് കടക്കാതെയാണ് ഇംഗ്ലണ്ടിന്റെ പേരുകേട്ട ബാറ്റിങ് നിര കൊഴിഞ്ഞുവീണത്.രണ്ടിന്നിങ്‌സിലുമായി എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ഫാസ്റ്റ്ബൗളര്‍ റയന്‍ ഹാരിസാണ് കളിയിലെ കേമന്‍. പരമ്പരയുടെ താരമായി മിച്ചല്‍ ജോണ്‍സണ്‍ തിരഞ്ഞെടുക്കപ്പെട്ടു.അഞ്ച് ടെസ്റ്റുകളില്‍ 13.97 റണ്‍സ് ശരാശരിയില്‍ 37 വിക്കറ്റുകളാണ് ജോണ്‍സണ്‍ സ്വന്തമാക്കിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ 326, 276;ഇംഗ്ലണ്ട് 155, 166.പരമ്പരയിലെ എല്ലാ കളികളിലും കുറഞ്ഞത് അര്‍ധശതകമെങ്കിലും നേടിയ ഹാഡിന്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധശതകങ്ങളുമുള്‍പ്പെടെ 493 റണ്‍സ് വാരി പുതിയ റെക്കോഡുമിട്ടു.ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍നേടുന്ന ഓസീസ് കീപ്പര്‍ എന്ന ബഹുമതിയാണ് ഹാഡിന്‍ സ്വന്തമാക്കിയത്.2001-02ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആഡം ഗില്‍ക്രിസ്റ്റ് നേടിയ 473 റണ്‍സിന്റെ റെക്കോഡാണ് വഴിമാറിയത്.പരമ്പരയുടെ താരത്തിനായി ജോണ്‍സണും ഹാഡിനും തമ്മിലായിരുന്നു മത്സരം. ആഷസ് പരമ്പരയില്‍ ഓസീസിന് 5-0ന് പരമ്പര സമ്മാനിച്ച രണ്ട് ക്യാപ്റ്റന്മാരേ ഇതുവരെ ഉണ്ടായിട്ടുള്ളൂ – വാര്‍വിക് ആംസ്‌ട്രോങ്ങും റിക്കി പോണ്ടിങ്ങും.ഞായറാഴ്ചത്ത വിജയത്തോടെ മൈക്കല്‍ ക്ലാര്‍ക്കും ആ ശ്രേണിയിലേക്കുയര്‍ന്നു.എന്നാല്‍, 21 ദിവസംകൊണ്ട് വിജയം പിടിച്ചെടുക്കുകവഴി ക്ലാര്‍ക്ക് തന്റെ പിന്മുറക്കാരേക്കാള്‍ ഒരുപടി മുന്നിലെത്തി.പോണ്ടിങ് 22 ദിവസത്തിലും(2006-07) ആംസ്‌ട്രോങ് 24 ദിവസത്തിലും (1920-21) ആണ് ഈ നേട്ടം കൈവരിച്ചത്. ഹാരിസിന്റെ പന്തില്‍ ഇംഗ്ലണ്ടിന്റെ അവസാന ബാറ്റ്‌സ്മാന്‍ ബോയ്ഡ് റാങ്കിന്‍ എഡ്ജു ചെയ്തത് കൈപ്പിടിയിലൊതുക്കി ക്ലാര്‍ക്ക് തന്നെയാണ് ഇംഗ്ലണ്ടിന്റെ പതനം പൂര്‍ത്തിയാക്കിയത്.ഓപ്പണര്‍ ക്രിസ് റോജേഴ്‌സിന്റെ(119) സെഞ്ച്വറിയായിരുന്നു ഓസീസിന്റെ രണ്ടാമിന്നിങ്‌സിന്റെ ബാറ്റിങ് സവിശേഷത.ഒന്നാമിന്നിങ്‌സില്‍ സ്റ്റീവന്‍ സ്മിത്ത് (115) സെഞ്ച്വറി നേടിയിരുന്നു. രണ്ടാമിന്നിങ്‌സില്‍ റയന്‍ഹാരിസിന്റെ അഞ്ചുവിക്കറ്റ് പ്രകടനം ഇംഗ്ലണ്ടിന്റെ തോല്‍വി മിന്നല്‍വേഗത്തിലാക്കി. ചായയ്ക്ക് പിരിയുമ്പോള്‍ മൂന്നിന് 87 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.എന്നാല്‍ ചായയ്ക്കുശേഷം 52 മിനിറ്റില്‍ ഏഴു വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച് അവര്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News