Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്കു സമീപം സവാറില്‍ എട്ടുനില വ്യാപാരസമുച്ചയം തകര്‍ന്നുവീണ് നൂറോളം പേര്‍ മരിച്ചു. എഴുന്നൂറോളം പേര്‍ക്കു പരിക്കേറ്റു. ബാങ്കും വസ്ത്രനിര്‍മാണശാലകളും ഉള്‍പ്പെടെയുള്ള വാണിജ്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന റാണ പ്ലാസ എന്ന കെട്ടിടമാണ് ബുധനാഴ്ച തകര്‍ന്നുവീണത്. 96 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. രാവിലെ തിരക്കേറിയ സമയത്താണ് തകര്‍ച്ചയെന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ആശങ്കയുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിയിട്ടുണ്ട്.
തകര്‍ച്ചയുടെ കാരണം വ്യക്തമല്ലെങ്കിലും ചൊവ്വാഴ്ച കെട്ടിടത്തില്‍ വിള്ളല്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇതേത്തുടര്‍ന്ന് ജോലിക്കാരെ കെട്ടിടത്തിനുള്ളില്‍ പ്രവേശിപ്പിക്കരുതെന്ന മുന്നറിയിപ്പ് ഫാക്ടറി ഉടമകള്‍ അവഗണിച്ചതായി പോലീസ് മേധാവി പറഞ്ഞു.
പല കെട്ടിടങ്ങളും നിയമം ലംഘിച്ചാണ് പടുത്തുയര്‍ത്തിയത് എന്നതിനാല്‍ ബഹുനിലക്കെട്ടിടങ്ങള്‍ നിലംപൊത്തുന്നത് ബംഗ്ലാദേശില്‍ സാധാരണമാണ്. അഗ്‌നിബാധയും മറ്റും തരണം ചെയ്യുന്നതിനാവശ്യമായ സുരക്ഷാസൗകര്യങ്ങള്‍ ഇല്ലാത്തവയാണ് പല കെട്ടിടങ്ങളും. കഴിഞ്ഞ നവംബറില്‍ ധാക്കയ്ക്കു സമീപമുള്ള വസ്ത്രനിര്‍മാണശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ 110 പേരാണ് വെന്തുമരിച്ചത്.
Leave a Reply