Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവമ്പാടി കൃഷ്ണനെ സാക്ഷിയാക്കി നടി ഭാവനയ്ക്ക് മംഗല്യം. തൃശൂര്‍ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രനടയില്‍ ലളിതമായ ചടങ്ങില്‍ കന്നഡ നിര്‍മ്മാതാവ് നവീന്റെ നല്ലപാതിയായി ഭാവന പുതിയ ജീവിതത്തിലേക്കു കടന്നു. നഗരത്തിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച വിവാഹ ചടങ്ങില്‍ മഞ്ജുവാര്യരടക്കം ചലച്ചിത്ര രംഗത്തെ ഉറ്റ സുഹൃത്തുക്കളെത്തി.
തൃശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററിലേക്ക് ഇന്നലെ രാത്രി താരങ്ങളുടെ ഒഴുക്കായിരുന്നു. ഭാവനയ്ക്ക് ആശംസകള്‍ നേരാന്‍ നിരവധി നടീ നടന്‍ന്മാരും ചലച്ചിത്ര പ്രവര്‍ത്തകരുമാണ് എത്തിയത്.

വൈകിട്ട് ഏഴുമണിയോടെ മമ്മൂട്ടിയും ഭാവനയ്ക്ക് ആശംസകള്‍ നേരാനെത്തി. സിബി മലയില്‍, കമല്‍, പൃഥ്വിരാജ്, ടൊവീനോ തോമസ്, വിനീത്, മനോജ് കെ ജയന്‍, അനൂപ് മേനോന്‍, റീമ കല്ലിങ്ങല്‍, അര്‍ച്ചന കവി, രമ്യ നമ്പീശന്‍, മിയ, കൃഷ്ണപ്രഭ, കെ.പി.എ.സി ലളിത, സംവിധായകന്‍ ഹരിഹരന്‍, വിനയന്‍, സജി സുരേന്ദ്രന്‍, ബൈജു കൊട്ടാരക്കര, ലിബര്‍ട്ടി ബഷീര്‍ ഇങ്ങനെ പോകുന്നു പ്രമുഖരുടെ നിര.

കൂടാതെ മഞ്ജു വാര്യര്‍ അടക്കം പകലുടനീളം ഭാവനയ്‌ക്കൊപ്പമുണ്ടായിരുന്നു. ഭാവനയും നവീനും പാര്‍ട്ടി ഹാളിലേക്ക് പ്രവേശിച്ച ഉടനെ നടിമാരുടെ നൃത്തമായിരുന്നു. ഭാവനയും ഒപ്പം ചുവടുവച്ചു. ആഘോഷത്തില്‍ നവീനും പങ്കുചേര്‍ന്നു.
തിരുവമ്പാടി ക്ഷേത്രത്തിലെ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം തൊഴുതിറങ്ങിയ വധൂവരന്‍മാര്‍ കന്നഡിഗ പരമ്പരാഗത വിവാഹ ചടങ്ങുകളുടെയും ഭാഗമായി. നവീനുമായി മൂന്നു വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഭാവന വിവാഹിതയാകുന്നത്. എല്ലാവര്‍ക്കും നന്ദി എന്നു മാത്രമാണ് വിവാഹ ശേഷം ഭാവന പറഞ്ഞത്. ആ ഒറ്റവാക്ക് ഒരുപാടു പേര്‍ക്കുള്ള കനത്ത ഉത്തരവുമായിരുന്നു.
ഭാവനയുടെ വിവാഹത്തെ സംബന്ധിച്ച് നേരത്തെ ഒട്ടേറെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വിവാഹം മുടങ്ങിയെന്നും ഇല്ലെന്നും സംബന്ധിച്ച് നിരവധി വാര്‍ത്തകളായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ സമചിത്തത കൈവിടാതെയാണ് നടിയും അതിനേക്കാളുപരി നവീനും ഈ വിഷയത്തോടു പ്രതികരിച്ചത്.
ഭാവനയുടെ പിതാവിന്റെ മരണവും നവീന്റെ അമ്മയുടെ മരണവുമായിരുന്നു ഇരുവരുടെയും ഈ സ്വപ്നത്തെ നീട്ടിവെപ്പിച്ചത്. സിനിമ താരങ്ങളുടെ, പ്രത്യേകിച്ച് നടിമാരുടെ പ്രണയവും വിവാഹവും പരമാവധി ആഘോഷിക്കുകയെന്ന ഓണ്‍ലൈന്‍ ഇടങ്ങളിലെ മര്യാദയില്ലാത്ത പതിവ് ഭാവനയുടെ കാര്യത്തിലും തുടര്‍ന്നു. ഇക്കാരണത്താല്‍ തന്നെ തന്റെ വിവാഹം മുടങ്ങിയിട്ടില്ലെന്ന് നിസഹായായി പലതവണ അവര്‍ക്ക് പറയേണ്ടിയും വന്നിരുന്നു. അത്തരം ആഘോഷങ്ങള്‍ക്കുള്ള ചുട്ടമറുപടിയായി വിവാഹദിനം.

Leave a Reply