Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 9:11 am

Menu

Published on October 13, 2018 at 4:35 pm

ജന്മനക്ഷത്രത്തിലെ ദോഷങ്ങൾക്ക് പരിഹാരം

birth-star-remedies-for-each-star-according-to-astrology

ജനിച്ച നാളുകള്‍ അതായതു ജന്മനക്ഷത്രം എല്ലാവര്‍ക്കുമുണ്ടാകും. മലയാളത്തില്‍ അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുണ്ട്. ജനിച്ച സമയം അടിസ്ഥാനപ്പെടുത്തി നാളുകള്‍ തിട്ടപ്പെടുത്തുന്നു. ചിലപ്പോള്‍ ഒരു ദിവസം തന്നെ രണ്ടു നാളുകള്‍ വന്നേക്കാം. ജനിച്ച സമയ പ്രകാരമാണ് അപ്പോള്‍ നാളുകള്‍ കണക്കാക്കുക.

നാള്‍പ്രകാരം നമുക്കു ദോഷങ്ങളും നല്ല ഫലങ്ങളുമെല്ലാം വരുത്തും. നാള്‍ പ്രകാരമുള്ള ദോഷങ്ങള്‍ മാറ്റാന്‍ പല വഴികളും ജ്യോതിഷത്തില്‍ പറയുന്നുമുണ്ട്. ഓരോ നാളിനും ഇത്തരം ഫലങ്ങള്‍ വ്യത്യസ്തവുമായിരിയ്ക്കും. അശ്വതി മുതല്‍ രേവതി വരെയുളള നക്ഷത്രങ്ങള്‍ക്കു ദോഷങ്ങള്‍ മാറാന്‍ ചെയ്യേണ്ട കാര്യങ്ങൾ, പൂജകളും മന്ത്രങ്ങളും ഉപാസനകളുമെല്ലാം ഇതില്‍ പെടുന്നു.

അശ്വതി

അശ്വതി നക്ഷത്രക്കാര്‍ ദോഷങ്ങള്‍ തീര്‍ക്കാന്‍ ഗണപതിയെ പ്രസാദിപ്പിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. പക്കപ്പിറന്നാള്‍ ദിവസം ഗണപതി ഹോമം നടത്താം. അശ്വതി, മൂലം, മകം എന്നീ നാളുകള്‍ വരുമ്പോള്‍ ഇതേ ദിവസം ക്ഷേത്രത്തില്‍ പോകുന്നതു നല്ലതാണ്. ചൊവ്വാഴ്ച ദിവസം അശ്വതി നക്ഷത്രം വന്നാല്‍ അന്നു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും പോകുന്നതു നല്ലതാണ്. ദുര്‍ഗാ, സുബ്രഹ്മണ്യ, ഗണപതി മന്ത്രങ്ങള്‍ ഉരുവിടുന്നതു നല്ലതാണ്.

ഭരണി

ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ ഇതേ നക്ഷത്രത്തിലും പൂരം, പൂരാടം നക്ഷത്രത്തിലും ഭഗവതി ക്ഷേത്രത്തില്‍ പോയി കടുംപായസ വഴിപാടു നടത്തുന്നതു നല്ലതാണ്.

കാര്‍ത്തിക

കാര്‍ത്തികക്കാര്‍ സൂര്യനേയും ശിവനേയും നിത്യേന നാമം ജപിച്ചു പ്രാര്‍ത്ഥിയ്ക്കുക. ഞായറാഴ്ച ദിവസം കാര്‍ത്തിക വന്നാല്‍ അന്നു വ്രതം നോല്‍ക്കുന്നതു നല്ലതാണ്. ശിവ ക്ഷേത്രത്തില്‍ പക്കപ്പിറന്നാള്‍ തോറും ധാരയും കൂവളമാല വഴിപാടും നല്ലതാണ്. ഇതേ നാളിലും അനുജന്മ നക്ഷത്രങ്ങളായ ഉത്രം, ഉത്രാടം ദിവസങ്ങളിലും ശിവ ക്ഷേത്ര ദര്‍ശനം ഏറെ നല്ലതാണ്.

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്ക് ചന്ദ്ര, ദേവി പ്രീതി അത്യാവശ്യമാണ്. തിങ്കളാഴ്ച വ്രതം ഏറെ നല്ലതാണ്. എല്ലാ തിങ്കളാഴ്ചയും സാധിയ്ക്കില്ലെങ്കിലും രോഹിണിയും തിങ്കളാഴ്ചയും ചേര്‍ന്നു വരുന്ന ദിവസം വ്രതമെടുക്കുക. ഇതുപോലെ പൗര്‍ണമി ദിവസത്തിനും. ഈ ദിവസങ്ങളിലും അത്തം, തിരുവോണം നക്ഷത്രത്തിലും ദേവീ ക്ഷേത്രത്തില്‍ അര്‍ച്ചന, കടുംപായസ വഴിപാടുകള്‍ നടത്തുന്നതു നല്ലതാണ്.

മകയിരം

മകയിരം നക്ഷത്രക്കാര്‍ ചൊവ്വയേയും ചൊവ്വയുടെ ദേവതകളായ ഭദ്രകാളിയേയും സുബ്രഹ്മണ്യ സ്വാമിയേയും നിത്യവും പ്രാര്‍ത്ഥിയ്ക്കുക. ഷഷ്ഠീവ്രതവും പൗര്‍ണമി വ്രതവും നല്ലതാണ്. മകയിരം, അവിട്ടം, ചിത്തിര നക്ഷത്രത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തുക.

തിരുവാതിര

തിരുവാതിരക്കാര്‍ തിങ്കളാഴ്ച വ്രതം നോല്‍ക്കുന്നത് ഏറെ നല്ലതാണ്. ശിവ പ്രീതി വരുത്തുന്നത് പ്രധാനം. പക്കപ്പിറന്നാളിന് ശിവ ക്ഷേത്രത്തില്‍ ധാര കഴിപ്പിയ്ക്കാം. സര്‍പ്പങ്ങളെ പ്രസാദിപ്പിയ്ക്കാനായി നൂറും പാലും കഴിയ്ക്കാം. സര്‍പ്പ പ്രീതിയ്ക്കായി മന്ത്രങ്ങള്‍ ഉരുവിടുന്നതും നല്ലതാണ്.

പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ വിഷ്ണുപ്രീതി വരുത്തേണ്ടത് അത്യാവശ്യമാണ്. വിഷ്ണു ക്ഷേത്ര, കൃഷ്ണ ക്ഷേത്ര ദര്‍ശനം നടത്തുക. വെണ്ണ, പാല്‍പ്പായസം, തുളസീമാല വഴിപാടുകളും ഏറെ നല്ലതാണ്. പക്കപ്പിറന്നാളിന് ശ്രീരാമ പ്രതിഷ്ഠയുളള ഹനുമാന്‍ ക്ഷേത്രത്തില്‍ വെറ്റില മാല, നെയ് വിളക്കു വഴിപാടുകളും ഏറെ നല്ലതാണ്.

പൂയം

പൂയം നക്ഷത്രത്തില്‍ ജനിച്ചവര്‍ നവഗ്രഹ പ്രീതി വരുത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും ശനി പ്രീതി വരുത്തുക. ശിവ ക്ഷേത്രത്തില്‍ മൃത്യുഞ്ജയം, ശാസ്താവിന് നീരാഞ്ജനം വഴിപാടുകള്‍ ഏറെ നല്ലതാണ്. അനിഴം, ഉതൃട്ടാതി, പൂയം നക്ഷത്രങ്ങളിലും സ്വന്തം നാളിലുമാണ് ക്ഷേത്ര ദര്‍ശനം കൂടുതല്‍ നല്ലത്.

ആയില്യം

ആയില്യം നക്ഷത്രം സര്‍പ്പത്തിന്റെ നാളാണെന്നാണ് പറയുക. ഈ നാളില്‍ ജനിച്ചവര്‍ സര്‍പ്പപ്രീതി വരുത്താന്‍ നാള്‍ തോറും നൂറും പാലും വഴിപാട് കഴിയ്ക്കുന്നതു നല്ലതാണ്. ഈ നക്ഷത്രത്തിലും തൃക്കേട്ട, രേവതി നാളുകളിലും സര്‍പ്പ ക്ഷേത്ര ദര്‍ശനം നല്ലതാണ്. പക്കപ്പിറിന്നാളിന് കൃഷ്ണ ക്ഷേത്ര ദര്‍ശനവും ഏറെ നല്ലതാണ്.

മകം

മകം നാളുകാര്‍ ഗണപതിയെ പ്രസാദിപ്പിയ്ക്കുക. പക്കപ്പിറന്നാളിന് ഗണപതി ഹോമം നല്ലത്. കരം, അശ്വതി, മൂലം നക്ഷത്രങ്ങളില്‍ ക്ഷേത്ര ദര്‍ശനം നടത്തുക. ഗണപതിയെ ദിവസവും ഭജിയ്ക്കുക.

പൂരം

പൂരം നക്ഷത്രത്തില്‍ ഉള്ളവര്‍ ദേവീ പ്രീതിയ്ക്കായി പൗര്‍ണമി വ്രതം അനുഷ്ഠിയ്ക്കുന്നത് ഏറെ നല്ലതാണ്. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ദേവീ ക്ഷേത്ര ദര്‍ശനം നല്ലതാണ്. ഈ ദിവസങ്ങളില്‍ ലളിതാ സഹസ്ര നാമ ജപവും ഉത്തമം. പൂരം, പൂരാടം, ഭരണി നാളില്‍ ലക്ഷ്മീ പൂജ നല്ലതാണ്.

ഉത്രം

ഉത്രം ശാസ്താവിന്റെ നാളാണ്. ഇവര്‍ ശാസ്താപ്രീതി വരുത്തുക. ഈ നക്ഷത്രത്തില്‍ അന്നദാനം, ശാസ്താവിന് നീരാഞ്ജനം എന്നിവ നടത്തുന്നതു നല്ലതാണ്. ഉത്രം, ഉത്രാടം, കാര്‍ത്തിക നക്ഷത്രങ്ങളില്‍ അയ്യപ്പ ക്ഷേത്ര ദര്‍ശനം പ്രധാനം.

അത്തം

അത്തം നക്ഷത്രക്കാര്‍ ഗണപതി പ്രീതിയ്ക്കായി കറുക മാല സമര്‍പ്പിയ്ക്കുന്നതു നല്ലതാണ്. ഗണപതി, സൂര്യ ദേവ ഭജനം ഏറെ നല്ലതാണ്.

ചിത്തിര

ചിത്തിരക്കാര്‍ ചൊവ്വയെ പ്രീതിപ്പെടുത്താനായി ഭദ്രകാളി, സുബ്രഹ്മണ്യന്‍ എന്നിവരെ പൂജിയ്ക്കുക. ചിത്തിര്, അവിട്ടം, മകയിരം ദിവസങ്ങളില്‍ ക്ഷേത്ര ദര്‍ശനം പുണ്യം, ഷ്ഷ്ഠീ വ്രതം, പൗര്‍ണമി വ്രതം എന്നിവയും ഏറെ പ്രധാനമാണ്.

ചോതി

ചോതി നക്ഷത്രക്കാര്‍ക്ക് തിങ്കാളാഴ്ച വ്രതം നോറ്റു ശിവപ്രീതി വരുത്തുന്നതു ന്ല്ലതാണ്. ദിവസവം ശിവമന്ത്രാര്‍ച്ചന ദോഷം മാറ്റാന്‍ നല്ലതാണ്. പക്കപ്പിറന്നാളിന് ശിവ ക്ഷേത്രത്തില്‍ ധാര, സര്‍പ്പത്തിന് നൂറും പാലും എന്നിവ ദോഷം തീര്‍ക്കാന്‍ ഏറെ നല്ലതാണ്. ഡയമണ്ട് ധരിയ്ക്കുന്നതും നല്ലതാണ്.

വിശാഖം

വിശാഖം നക്ഷത്രക്കാര്‍ക്ക് പൂരുരുട്ടാതി, പുണര്‍തം, വിശാഖം നക്ഷത്രത്തില്‍ സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം നല്ലതാണ്. നാളും ബുധനാഴ്ചയും ഒത്തു വരുന്ന ദിവസത്തില്‍ വ്രതം നോല്‍ക്കുക. ഈ നാളിലെ തുലാം രാശിക്കാര്‍ ലക്ഷ്മിയേയും വൃശ്ചികക്കാര്‍ ദുര്‍ഗയേയും സുബ്രഹ്മണ്യനേയും ഭജിയ്ക്കാം.

അനിഴം

അനിഴം നക്ഷത്രക്കാര്‍ ശിവ, ശാസ്താ, ചൊവ്വാ പ്രീതി വരുത്തുക. പക്കപ്പിറന്നാളിന് ശിവ ക്ഷേത്ര ദര്‍ശനം ഏറെ നല്ലതാണ്.

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാര്‍ കൃഷ്ണനെ ഭജിയ്ക്കുന്നതു നല്ലതാണ്. ബുധനാഴ്ച വ്രതം നോറ്റ് വിഷ്ണു മന്ത്രം ജപിയ്ക്കുക. പക്തപ്പിറന്നാണിന് ദുര്‍ഗാ, സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം ഉത്തമം.

മൂലം

മൂലം നക്ഷത്രക്കാര്‍ ഗണപതി പ്രീതി വരുത്തുക. അശ്വതി, മകം, മൂലം നാളുകളില്‍ വിഷ്ണു ക്ഷേത്ര ദര്‍ശനം, മൂലം, വ്യാഴാഴ്ച ഒത്തു വരുന്ന ദിവസങ്ങളില്‍ വ്രതം നോറ്റ് വിഷ്ണു ക്ഷേത്രത്തില്‍ പാല്‍പ്പായസം, തുളസിമാല വഴിപാടുകള്‍ കഴിയ്ക്കാം. വ്യാഴാഴ്ച ഭാഗ്യസൂക്തം നല്ലതാണ്.

പൂരാടം

പൂരാടം നക്ഷത്രക്കാര്‍ ഈ നക്ഷത്രത്തിലും പൂരം, ഭരണി ദിവസങ്ങളിലും വിഷ്ണു, ലക്ഷ്മി ക്ഷേത്ര ദര്‍ശനം നടത്തുന്നതു നല്ലതാണ്. ശുക്ര ഗ്രഹത്തെ പ്രീതിപ്പെടുത്തുക.

ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ സൂര്യനെ പ്രസാദിപ്പിയ്ക്കുക. ഞായറാഴ്ച ദിവസം സൂര്യനേയും ശിവനേയും ഒരുപോലെ പ്രസാദിപ്പിയ്ക്കുന്നത്, മന്ത്രം ജപിയ്ക്കുന്നത് ഏറെ നല്ലതാണ്. പക്കപ്പിറന്നാളിന് ശിവ ക്ഷേത്ര ദര്‍ശനം പ്രധാനം.

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ വ്യാഴാഴ്ച തോറും വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തി പാല്‍പ്പായസ, തുളസീ മാല വഴിപാടും ചെയ്യുക. വ്യാഴാഴ്ച വ്രതം, വിഷ്ണു സഹസ്ര നാമാര്‍ച്ചന എന്നിവ പ്രധാനമാണ്.

അവിട്ടം

അവിട്ടം നാളുകാര്‍ ചൊവ്വാ ഗ്രഹത്തെ പ്രീതിപ്പെടുത്തുക. ഭദ്രകാളി, സുബ്രഹ്മണ്യ ഭജനം ഉത്തമം. ഈ നക്ഷത്രത്തിലും ചിത്തിര്, മകയിരം നക്ഷത്രത്തിലും ക്ഷേത്ര ദര്‍ശനം നല്ലത്. പൗര്‍ണമി, ഷഷ്ഠീ വ്രതം ഗുണം ചെയ്യും.

ചതയം

ചതയം നക്ഷത്രക്കാര്‍ രാഹുവിനെ പ്രീതിപ്പെടുത്തുക. സര്‍പ്പങ്ങള്‍ക്ക് മഞ്ഞള്‍പ്പൊടി, നൂറും പാലും വഴിപാടു നടത്തുക. ശാസ്താവിന് നീരാഞ്ജനം ഏറെ നല്ലതാണ്.

പൂരോരുട്ടാതി

പൂരോരുട്ടാതിക്കാര്‍ വിഷ്ണു ഭഗവാനെ പ്രസാദിപ്പിയ്ക്കുക. പക്കപ്പിറന്നാളിന് വിഷ്ണു, കൃഷ്ണ ക്ഷേത്ര ദര്‍ശനം പ്രധാനമാണ്. പാല്‍പ്പായസം, തുളസിമാല, വെണ്ണ വഴിപാടുകള്‍ നടത്താം. വ്യാഴാഴ്ച വ്രതം നല്ലതാണ്. ഈ ദിവസം വിഷ്ണു ക്ഷേത്ര ദര്‍ശനം പ്രധാനം.

ഉത്രട്ടാതി

ഉത്രട്ടാതിക്കാര്‍ വിഷ്ണുവിനെ നിത്യവും ഭജിയ്ക്കുക. ശാസ്താവിന് നീരാഞ്ജനം, വിഷ്ണുവിന് പാല്‍പായസം ഉത്തമമാണ്. പൂയം, ഉത്രട്ടാതി, അനിഴം നാളുകളില്‍ വിഷ്ണു ക്ഷേത്ര ദര്‍ശനം നല്ലതാണ്.

രേവതി

രേവതിക്കാര്‍ ബുധനെ പ്രീതിപ്പെടുത്തുക. ബുധനാഴ്ചയും രേവതിയും ഒത്തു വരുന്ന ദിവസത്തല്‍ വ്രതം നോല്‍ക്കുക. ഇന്നേ ദിവസം കൃഷ്ണ ക്ഷേത്ര ദര്‍ശനം പ്രധാനപ്പെട്ടതാണ്. കണ്ണനു വെണ്ണ നിവേദ്യവും ഏറെ നല്ലതാണ്.

Loading...

Leave a Reply

Your email address will not be published.

More News