Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം: കോട്ടയം നഗരപരിധിയിലും പാമ്പാടിയിലും മറ്റുമായി വീടുകളില്‍ രാത്രി കറുത്ത സ്റ്റിക്കര്‍ പതിക്കുന്നത് പതിവാകുന്നു. കറുത്ത സ്റ്റിക്കര്‍ പതിക്കുന്ന രീതി വാര്‍ത്തയിലിടം പിടിക്കുകയും പൊലീസ് കര്‍ശന പരിശോധന ശക്തമായിട്ടും വീണ്ടും മിക്കയിടത്തും സ്റ്റിക്കര്‍ പതിക്കല്‍ തുടരുകയാണ്.
വീടുകളുടെ ജനാലയിലും ഭിത്തിയിലും ആരും കാണാതെ പതിയുന്ന പോസ്റ്റര്‍ നാട്ടുകാരുടെ ഉറക്കവും പൊലീസിന്റെയും സ്വസ്ഥതയും കളയുന്നു. കോട്ടയം നഗരപരിധിയിലും പാമ്പാടിയിലും മറ്റുമായി ഏഴ് വീടുകളിലാണ് കഴിഞ്ഞ ദിവസം സ്റ്റിക്കര്‍ പതിഞ്ഞത്.
സമീപകാലത്ത് ആദ്യമായാണ് ഇത്തരം സംഭവമെന്ന് കൊച്ചി റേഞ്ച് ഐജി പി. വിജയന് പറഞ്ഞു. ആളില്ലാത്ത വീട് പകല്‍ കണ്ടുവയ്ക്കുന്ന മോഷ്ടാക്കള്‍ മതിലിലും മറ്റും അടയാളം പോലെ വരച്ചിട്ടുപോയി രാത്രി മോഷ്ടിച്ച സംഭവങ്ങള്‍ ഉണ്ട്. എന്നാല്‍ രാത്രിയില്‍ കാണാന്‍ കഴിയാത്ത കറുത്ത സ്റ്റിക്കറുകള്‍ എന്തിനു പതിക്കണമെന്ന സംശയമാണ് ഉയരുന്നത്.
പാമ്പാടി മയ്യാരപ്പള്ളിക്കു സമീപം കാരാണിയില് ഹരിനന്ദനം ഹരിയുടെ വീടിന്റെ ജനലിലാണ് രണ്ട് കറുത്ത സ്റ്റിക്കര്‍ പതിച്ചതായി കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സ്റ്റിക്കറുകളെ ഗൗരവമായി എടുക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.
തമിഴ്നാട്ടില്‍ നിന്നുള്ള മോഷണസംഘങ്ങള്‍ പുതിയ ഓപറേഷന് രീതി ആലോചിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ഇത്രയും സമയമെടുത്ത് സ്റ്റിക്കര്‍ ഒട്ടിക്കാന്‍ വരുന്നയാള്‍ക്ക് ഈ സമയം കൊണ്ട് മോഷ്ടിക്കാവുന്നതല്ലേയുള്ളുവെന്ന സംശയം ബാക്കിനില്ക്കുന്നു.
ബ്ലൂവെയ്ല്‍ പോലുള്ള ഏതെങ്കിലും ഓണ്‍ലൈന്‍ ഗെയിമിന്റെ ടാസ്കിന്റെ ഭാഗമാണോ ഇതെന്നും പൊലീസ് സംശയിക്കുന്നു.
സ്റ്റിക്കര്‍ പതിച്ച ഏഴ് വീടുകളില്‍ മൂന്നു വീട്ടില്‍ പകല്‍ സമയം ആളില്ലാത്തവയായിരുന്നു. അതില്‍തന്നെ ഒരു വീട്ടില്‍ രണ്ടാഴ്ചയായി വീട്ടുകാര്‍ യാത്ര പോയിരിക്കുന്നു. ബാക്കി നാലു വീടുകളിലും പകലും രാത്രിയിലും ആളുണ്ടായിരുന്നു. അപ്പോള്‍ പകല്‍ ആളില്ലാത്ത വീടു കണ്ടുവച്ച് രാത്രി മോഷണം എന്ന പൊതു സംശയം ഇല്ലാതാക്കുന്നു.
മാത്രമല്ല ഒരു പ്രദേശത്ത് സ്റ്റിക്കര്‍ പതിച്ച് പൊലീസിന്റെ ശ്രദ്ധ മാറ്റി മറ്റെവിടെയെങ്കിലും മോഷണം നടത്താനുള്ള സാധ്യതയും പൊലീസ് സംശയിക്കുന്നു.
ഇത്തരം അടയാളം വച്ച് മോഷ്ടിക്കുന്ന സംഘങ്ങളെപ്പറ്റി പത്തനംതിട്ട മുന്‍ പൊലീസ് മേധാവി സമൂഹ മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റിനെ തുടര്‍ന്ന് ഏതെങ്കിലും യുവാക്കളുടെ സംഘം നാട്ടുകാരെ പരിഭ്രാന്തിയിലാക്കാന്‍ ചെയ്യുന്നതാണോ എന്ന സംശയവും നിലനില്ക്കുന്നു.
സ്റ്റിക്കറിന്റെ ഉറവിടമറിയാന്‍ മിക്കയിടത്തും റസിഡന്റ്സ് അസോസിയേഷന് അംഗങ്ങള്‍ ഉറക്കമൊഴിഞ്ഞു കാത്തിരിക്കുന്നുണ്ട്.
Leave a Reply