Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാഠ്മണ്ഡു: ഭൂകമ്പത്തെത്തുടര്‍ന്നു നേപ്പാളിലെ കാളി ഗണ്ഡകീ നദിയില്‍ മണ്ണിടിഞ്ഞ് ഒഴുക്കു തടസപ്പെട്ടതിനെത്തുടര്‍ന്ന് ബിഹാര്‍ വെള്ളപ്പൊക്ക ഭീഷണിയില്‍.
യാഗ്ഡി ജില്ലയിലെ റാംഷെ ഗ്രാമത്തിലാണു കഴിഞ്ഞദിവസം പുലര്‍ച്ചെ ഒരു മണിക്ക് ഗണ്ഡകീ നദിക്കു കുറുകേ തടയണ നിര്‍മിച്ചതിനു തുല്യമായ അവസ്ഥയിൽ മണ്ണിടിഞ്ഞ് നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടത്. ചില പ്രദേശങ്ങളിൽ 150 മീറ്റര്‍ ഉയരത്തില്‍ വരെ ജലനിരപ്പ് ഉയര്‍ന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.ജലസമ്മര്‍ദം വര്‍ധിക്കുന്നതോടെ തടയണ ഏതു നിമിഷവും തകരാമെന്ന ഭീതിയിലാണ് അധികൃതർ.മുന്‍കരുതലായി റാംഷെ ഗ്രാമവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.നദി ഒഴുകുന്ന പര്‍ഭത്, സ്യാന്‍ജ്യ, ഗുല്‍മി, പല്‍പ, നവല്‍പരസി, ചിത്വാന്‍ എന്നീ ജില്ലകളിലെ ആളുകളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ഒരു മിനിറ്റില്‍ 50 ഘനമീറ്റര്‍ ജലമാണു നദിയിലൂടെ ഒഴുകുന്നത്. തടയണ ഉണ്ടായി ഒരു മണിക്കൂറില്‍ തന്നെ 1.80 ലക്ഷം ഘനയടി ജലം ഉള്‍ക്കൊള്ളുന്ന കൃത്രിമ തടാകം ഇവിടെ രൂപം കൊണ്ടതായി ഹൈഡ്രോളജി ആന്‍ഡ് മെറ്ററോളജി ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്റ്റര്‍ ജനറല്‍ ഋഷി റാം ശര്‍മ. ജലനിരപ്പ് അതിവേഗത്തിലാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ ജലം ഒഴുക്കിക്കളയാന്‍ മാര്‍ഗം കണ്ടെത്തിയില്ലെങ്കില്‍ വന്‍ ദുരന്തമാകും ഉണ്ടാകുകയെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് ബിഹാര്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു.
2008 ഓഗസ്റ്റ് 18 നു കോസി നദിയില്‍ മലയിടിഞ്ഞു വീണതിനെത്തുടര്‍ന്ന് കൃത്രിമ തടാകം രൂപപ്പെടുകയും തുടര്‍ന്ന് നദി ഗതിമാറി ഒഴുകുകയും ചെയ്തിരുന്നു. അന്നു നൂറിലേറെ പേര്‍ മരിച്ചു. സമാനമായ അന്തരീക്ഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
ഗണ്ഡകീ നദി
ടിബറ്റന്‍ അതിര്‍ത്തിയിലെ മസ്റ്റാങ്ങിലുള്ള ഹിമാനിയില്‍ നിന്ന് ഉദ്ഭവിക്കുന്ന ഗണ്ഡകീ നദി പര്‍വതങ്ങള്‍ക്കിടയിലൂടെ കുതിച്ചൊഴുകി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നു. ബിഹാറിലൂടെ ഒഴുകി ഹാജിപ്പുരില്‍ ഗംഗാ നദിയുമായി സംഗമിക്കുന്ന ഗണ്ഡകിയുടെ ആകെയുള്ള 630 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 300 കിലോമീറ്ററും ബിഹാറിലാണ്. ഈ നദിയില്‍ നിന്നാണു സാളഗ്രാമ ശിലകള്‍ ലഭിക്കുന്നത്. തിരുവനന്തപുരത്തെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ വിഗ്രഹം നിര്‍മിച്ചത് ഗണ്ഡകീ നദിയില്‍ നിന്നു കൊണ്ടുവന്ന 12,008 സാളഗ്രാമങ്ങള്‍ ഉപയോഗിച്ചാണ്.
Leave a Reply