Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 11, 2024 8:13 am

Menu

Published on May 24, 2017 at 9:57 am

വീണ്ടും ഭീകരാക്രമണ സാധ്യത; ബ്രിട്ടനില്‍ അതീവ ജാഗ്രതാ നിര്‍ദേശം

british-threat-level-raised-theresa-may

ലണ്ടന്‍: മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിനു പിന്നാലെ ബ്രിട്ടനില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണ ഭീഷണിയാണ് നേരിടുന്നതെന്നു പറഞ്ഞ പ്രധാനമന്ത്രി തെരേസ മേ, ഭീഷണി ഗുരുതരമാണെന്നും വിലയിരുത്തി.

ഏത് നിമിഷവും വീണ്ടും ഒരു ആക്രമണമുണ്ടായേക്കാമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഗീതപരിപാടികള്‍ക്കും കായികമത്സരങ്ങള്‍ക്കും സുരക്ഷ ഒരുക്കാന്‍ സൈന്യത്തെ വിന്യസിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാന സ്ഥലങ്ങളുടെ സുരക്ഷാ ഡ്യൂട്ടിയില്‍ നിന്ന് പൊലീസിനെ പിന്‍വലിച്ച് സൈന്യത്തെ നിയോഗിക്കാനും തീരുമാനമായി.

അന്വേഷണവിഭാഗങ്ങളുടെ ശുപാര്‍ശയെത്തുടര്‍ന്നു ഭീഷണിയുടെ ഘട്ടം അതീവ ഗുരുതരമായി ഉയര്‍ത്തിയെന്നു തെരേസ മേ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ ജോലി നിര്‍വഹിക്കാന്‍ ഉത്തരവാദപ്പെട്ടവരാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സജ്ജമാകണമെന്നു സുരക്ഷാസേനയ്ക്ക് നിര്‍ദേശം നല്‍കി.

മാഞ്ചസ്റ്ററില്‍ 22 പേരുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറിക്ക് പിന്നാലെ പ്രധാനമന്ത്രി തെരേസ മേയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റിന്റെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. തിങ്കളാഴ്ചത്തെ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അക്രമി വിപുലമായ ശൃംഖലയിലെ കണ്ണിയാണെന്നും അവര്‍ വീണ്ടും ആക്രമണത്തിന് മുതിര്‍ന്നേക്കാമെന്നു യോഗം വിലയിരുത്തി.

അതേസമയം, ഇരുപത്തിരണ്ടുകാരനായ ബ്രിട്ടീഷ് പൗരന്‍ സല്‍മാന്‍ അബിദിയാണ് സ്‌ഫോടനത്തിനു പിന്നിലെന്നാണ് പൊലീസ് വിലയിരുത്തല്‍. മാഞ്ചസ്റ്ററില്‍ ജനിച്ച അബിദിയുടെ മാതാപിതാക്കള്‍ ലിബിയക്കാരാണ്. ലിബിയയിലായിരുന്ന അബിദി അടുത്തിടെയാണ് ബ്രിട്ടനിലെത്തിയത്. ലണ്ടനില്‍നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഇയാള്‍ മാഞ്ചസ്റ്ററിലെത്തിയതെന്ന് യുഎസ് അധികൃതര്‍ അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

സല്‍മാന്‍ അബിദി ഒറ്റയ്ക്കാണോ ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ആക്രമണവുമായി ബന്ധപ്പെട്ട് ഇരുപത്തിമൂന്നുകാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ സംഗീതപരിപാടിക്കെത്തിയ ജനക്കൂട്ടത്തിനുനേരെയാണ് ചാവേര്‍ ഭീകരാക്രമണം നടന്നത്. ഇതില്‍ 22 പേര്‍ കൊല്ലപ്പെടുകയും 59 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. അമേരിക്കന്‍ പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീതപരിപാടി കഴിഞ്ഞു പുറത്തിറങ്ങിയ ആളുകള്‍ക്കിടയില്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News