Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 27, 2023 1:27 pm

Menu

Published on June 21, 2019 at 11:05 am

ചെന്നൈയില്‍ ജലക്ഷാമം രൂക്ഷം..

chennai-drought-no-rain

ചെന്നൈ: വേലികെട്ടി താഴിട്ട് പൂട്ടി സുരക്ഷയൊരുക്കിയ കിണർ. പൂട്ട് തുറക്കുന്നതും കാത്ത് മണിക്കൂറുകളോളം അക്ഷമയോടെ കാത്തിരിക്കുന്ന ജനക്കൂട്ടം. ഗ്രാമവാസികൾക്ക് വെള്ളം വീതിച്ചുനൽകുന്ന ചുമതല നാട്ടുകാരനായ മുത്തുവിനാണ്. രാവിലെയും വൈകീട്ടും മുത്തു ഇവിടെ എത്തി നറുക്കിടും. ഭാഗ്യശാലികൾക്ക് കിണറ്റിൽനിന്ന് മൂന്ന് കുടം വീതം വെള്ളം എടുക്കാം. വെള്ളം തീർന്നാൽ ബാക്കിയുള്ളവർക്കുള്ള അവസരം വൈകീട്ട്. ചെന്നൈ പല്ലാവരം ഈശ്വരി നഗറിലെ പൊതുകിണറിന്റെ പരിസരത്തെ അവസ്ഥയാണിത്.

വെള്ളത്തിന്റെ വില തിരിച്ചറിയുന്ന കാഴ്ചകളിലൊന്ന്. കടുത്ത ആശങ്കയുണർത്തുന്ന ഇത്തരം കാഴ്ചകളാൽ മൂടിയിരിക്കുകയാണ് ചെന്നൈയും പരിസര ജില്ലകളും. കൊടുംരൂക്ഷതയിലേക്ക് നീങ്ങുകയാണ് ജലക്ഷാമം. 2015-ലുണ്ടായ വെള്ളപ്പൊക്കത്തിൽ ജനങ്ങൾ ആഗ്രഹിച്ചത് വെള്ളക്കെട്ടിൽനിന്നുള്ള പലായനമാണ്. എന്നാൽ ഇപ്പോൾ തൊണ്ട നനയ്ക്കാൻ ഒരു തുള്ളി വെള്ളത്തിനുവേണ്ടി കൊതിക്കുകയാണവർ. വെള്ളത്തിനായി മണിക്കൂറുകളും ദിവസങ്ങളും കാത്തിരിക്കേണ്ടിവരുന്നു.

‘‘കുടിക്കാൻ വെള്ളമില്ല. കുളിക്കാനും വെള്ളമില്ല. പാത്രം കഴുകാനും അലക്കാനും വെള്ളമില്ല. ഞങ്ങൾ എവിടെ പോകും’’ – ചെന്നൈ മറീന ബീച്ചിനടുത്ത ചേരിയിൽ താമസിക്കുന്ന വാസന്തിയുടെ ചോദ്യം. കൈക്കുഞ്ഞ് അവരുടെ മാറത്തിരുന്ന് നിലവിളിക്കുന്നു. കത്തുന്ന ചൂടിനിടെ ഏപ്രിലിൽ പതുങ്ങിയെത്തിയ ജലക്ഷാമം ജൂണായതോടെ രൂക്ഷമായി. കത്തുന്ന സൂര്യനുകീഴെ വെള്ളത്തിനായി കരിഞ്ഞുണങ്ങുന്ന മനുഷ്യർ. അവർ തെരുവുകളിൽ വെള്ളത്തിനായി കലഹിക്കുന്നു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. പലയിടത്തും പോലീസിന് ഇടപെടേണ്ടിയും വരുന്നു.

“എന്തിനിങ്ങനെ പരീക്ഷിക്കുന്നു. ഇനിയെങ്കിലും ഞങ്ങളോട് കനിയണമേ” – മഴദൈവങ്ങേളോടുള്ള ജനങ്ങളുടെ പ്രാർഥന. മനുഷ്യരെ മാത്രമല്ല മിണ്ടാപ്രാണികളെയും ബാധിച്ചു വിപത്തുകൾ. അമ്പത്തൂരിലെ പുതൂർ താമരക്കുളത്തിൽ വെള്ളമില്ലാതെ, ചൂടുതാങ്ങാനാവാതെ മീനുകൾ ചത്തുപൊങ്ങുകയാണ്. ഇവയെ ഭക്ഷിക്കാൻ കൂട്ടംകൂടിനിൽക്കുന്ന തെരുവു നായ്ക്കൾ. ‘‘ചെന്നൈ നഗരം വികസനത്തിലേക്ക് കുതിക്കുകയാണെന്നാണ് സർക്കാരിന്റെ ഭാഷ്യം. ജീവജാലങ്ങൾക്ക് കുടിവെള്ളം പോലും നൽകാൻ സാധിക്കാത്തതാണോ വികസനം” – ജനങ്ങൾ ചോദിക്കുന്നു.

2003-ൽ ചെന്നൈയിൽ വരൾച്ച ഉണ്ടായിരുന്നു. എന്നാൽ അതിനെക്കാൾ ഭയാനകമാണ് നിലവിലെ സ്ഥിതിയെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഒട്ടേറെ ഹോട്ടലുകൾ പ്രവർത്തനം നിർത്തി. ചിലതിൽ ഉച്ചഭക്ഷണം ഒഴിവാക്കി. പല ഐ.ടി. സ്ഥാപനങ്ങളും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്യാൻ നിർദേശിച്ചു. സ്കൂളുകളുടെ പ്രവൃത്തിസമയം വെട്ടിക്കുറച്ചു. ചില സ്കൂളുകളിൽ പ്രവൃത്തിദിനം മൂന്നു ദിവസമാക്കി. കെട്ടിടനിർമാണ മേഖല സ്തംഭിച്ചു. സർക്കാർ ആശുപത്രികളിൽ രോഗികൾ വിഷമത്തിലാണ്. ഹോസ്റ്റലുകൾ പൂട്ടുന്നു. തടാകങ്ങളും കിണറുകളും വറ്റിവരണ്ടു. എണ്ണൂറടി കുഴിച്ചാലും കുഴൽക്കിണറുകളിൽ വെള്ളം കിട്ടുന്നില്ല. ടാങ്കർ ലോറികളിൽ എത്തിക്കുന്ന വെള്ളത്തിന് ദിവസങ്ങൾ കാത്തിരിക്കണം. ടാങ്കറുകളിൽ നിറയ്ക്കാനും വെള്ളം കിട്ടാത്ത അവസ്ഥയാണ്.

മാധ്യമങ്ങളാണ് ജലക്ഷാമം പെരുപ്പിച്ചുകാട്ടുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നു. എന്നാൽ യാഥാർഥ്യങ്ങൾ തിരിച്ചറിയുന്ന ജനങ്ങൾ സർക്കാരിനെതിരേ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. ചെന്നൈ ഉൾപ്പെടെ 24 ജില്ലകളാണ് ജലക്ഷാമം നേരിടുന്നത്. ആറു മാസമായി നഗരത്തിലും പരിസരജില്ലകളിലും മഴ ലഭിച്ചിട്ടില്ല. സ്ഥിതി ഇങ്ങനെ തുടർന്നാൽ ഇവിടെനിന്നുള്ള പലായനത്തിന്റെ മറ്റൊരു ദൈന്യചിത്രം വിദൂരമാവില്ല.

Loading...

Leave a Reply

Your email address will not be published.

More News