Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 1:08 pm

Menu

Published on May 6, 2013 at 4:54 am

കല്‍ക്കരിപ്പാടം അഴിമതി: സി.ബി.ഐ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതിയില്‍

coal-corruptiontoday-cbi-in-supreme-court

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി ക്കേസിന്‍െറ അന്വേഷണത്തിന്‍െറ സ്ഥിതിവിവര റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടത്തിയ തിരുത്തല്‍ വെളിപ്പെടുത്തുന്ന സത്യവാങ്മൂലം സി.ബി.ഐ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയത് നിയമമന്ത്രി അശ്വിനികുമാറും അറ്റോണി ജനറല്‍ ജി.ഇ വഹന്‍വതിയുമാണെന്ന് സത്യവാങ്മൂലത്തില്‍ സി.ബി.ഐ വെളിപ്പെടുത്തും. റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയുടെ ഓഫിസിനെ പ്രതിപാദിക്കുന്ന ഖണ്ഡിക നീക്കം ചെയ്യാനും സര്‍ക്കാറിന് ആഘാതമുണ്ടാക്കുന്ന ചില വരികള്‍ മയപ്പെടുത്താനുമാണ് ഇരുവരും ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടില്‍ നേരിയ മാറ്റങ്ങള്‍ അഭിപ്രായപ്പെടുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് നിയമമന്ത്രി അശ്വിനി കുമാര്‍ അവകാശപ്പെടുന്നത്. സി.ബി.ഐ തിങ്കളാഴ്ച സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ മന്ത്രിയുടെ വാദം ഖണ്ഡിക്കുന്നതാണ്. കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് നിയമമന്ത്രിയുടെ സാന്നിധ്യത്തില്‍ റിപ്പോര്‍ട്ട് പ്രധാനമന്ത്രി കാര്യാലയത്തിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ജോ.സെക്രട്ടറി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരും തിരുത്തലുകള്‍ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യവും സി.ബി.ഐ സത്യവാങ്മൂലത്തിലുണ്ടാകും. ഈ രണ്ട് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും കോടതിയെ സി.ബി.ഐ അറിയിക്കും. കല്‍ക്കരി അഴിമതി അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് സി.ബി.ഐയുടെ വെളിപ്പെടുത്തല്‍.
ഇതോടെ രാജിയുടെ വക്കില്‍ നില്‍ക്കുന്ന അശ്വിനികുമാറിന്‍െറ നില കൂടുതല്‍ പരുങ്ങലിലാകും. കല്‍ക്കരിപ്പാടം കേസ് മേയ് എട്ടിനാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. സി.ബി.ഐയുടെ സത്യവാങ്മൂലത്തിലെ വെളിപ്പെടുത്തല്‍ സംബന്ധിച്ച കോടതിയുടെ പ്രതികരണവും അന്നുണ്ടാകും. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് ആരുമായും പങ്കുവെച്ചിട്ടില്ലെന്നാണ് സി.ബി.ഐ ആദ്യം കോടതിയെ അറിയിച്ചത്. എന്നാല്‍, നിയമമന്ത്രിയുടെ സാന്നിധ്യത്തില്‍ സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ, അറ്റോണി ജനറല്‍ വഹന്‍വതി എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തതും തിരുത്തിയതും പുറത്തുവന്നതോടെ ഇക്കാര്യം കോടതിയില്‍ സമ്മതിക്കാന്‍ സി.ബി.ഐ നിര്‍ബന്ധിതരായി. തിരുത്തുന്നതിന് മുമ്പുള്ള റിപ്പോര്‍ട്ടും തിരുത്തിയതിന് ശേഷമുള്ള റിപ്പോര്‍ട്ടും സി.ബി.ഐ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
കോടതിയില്‍ ഇരുട്ടില്‍ നിര്‍ത്തിയ സി.ബി.ഐയെ നിശിതമായി വിമര്‍ശിച്ച ജസ്റ്റിസ് ആര്‍.എം. ലോധയുടെ നേതൃത്വത്തിലുള്ള ബെഞ്ച് റിപ്പോര്‍ട്ട് ആരൊക്കെ കണ്ടു, തിരുത്തല്‍ നിര്‍ദേശിച്ചത് ആരാണ് തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്ന് സി.ബി.ഐയോട് ആവശ്യപ്പെടുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News