Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഓരോ നീക്കങ്ങളും അതീവ ജാഗ്രതയോടെയായിരുന്നെന്ന് റിപ്പോര്‍ട്ട്. വിശ്വസ്തരെപ്പോലും ദിലീപ് ഒരു കാര്യവും അറിയിച്ചിരുന്നില്ല.
കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. എന്നാല്‍ ഗൂഢാലോചനയെക്കുറിച്ച് അപ്പുണ്ണിക്ക് അറിവില്ലായിരുന്നാണ് ഇതുവരെയുളള വിവരം. സുഹൃത്ത് നാദിര്‍ഷയ്ക്കും ആക്രമണത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും പിന്നീടു ദിലീപിന്റെ നിര്‍ദേശപ്രകാരം ഇരുവരും സഹായങ്ങള്‍ ചെയ്‌തോയെന്നു പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
ഗൂഢാലോചന തെളിയിക്കാന്‍ പൊലീസ് സാങ്കേതിക വിദഗ്ധരുടെ സഹായവും തേടുന്നുണ്ട്. രാജ്യത്തെ ടെലികോം, ഐടി രംഗത്തെ ചില വിദഗ്ധരെ ഇതിനായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ക്ഷണിച്ചു. അവര്‍ ഇന്നു തലസ്ഥാനത്ത് അന്വേഷണ സംഘത്തിലെ ഉന്നതരും ഡിജിപിയുമായി ചര്‍ച്ച നടത്തിയേക്കും.
സുനി അഭിഭാഷകനു കൈമാറിയ മൊബൈല്‍ ഫോണില്‍ നിന്നു പൊലീസ് സൈബര്‍ വിഭാഗം കണ്ടെത്തിയ ചിത്രങ്ങളും വിഡിയോയും വിദഗ്ധരെ കാണിച്ചു വ്യക്തത വരുത്തും. ഒന്നിലേറെ പുരുഷന്‍മാര്‍ നടിയെ ശാരീരികമായി ഉപദ്രവിക്കുന്നതിന്റെ ചിത്രങ്ങളും ഇതിലുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.
കൂടാതെ സംഭവത്തിലെ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. മുഖ്യപ്രതി സുനില്‍ കുമാറിന്റെ മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രതീഷിനെ ഒരു തവണ പൊലീസ് ചോദ്യംചെയ്തുവിട്ടയച്ചിരുന്നു.
ഗൂഢാലോചന കുറ്റത്തിനു ദിലീപ് അറസ്റ്റിലായ സാഹചര്യത്തില്‍ അന്വേഷണ സംഘത്തിനു ലഭിച്ച കൂടുതല്‍ തെളിവുകളുടെ വെളിച്ചത്തിലാണ് അഭിഭാഷകനെ വീണ്ടും ചോദ്യം ചെയ്യുന്നത്. കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാവുമെന്ന് അന്വേഷണ സംഘം വ്യക്തമായ സൂചന നല്‍കി. സുനിയെ ജില്ലയിലെ ഒരു പ്രതിപക്ഷ എംഎല്‍എ പല തവണ ഫോണില്‍ വിളിച്ചതിന്റെ വിവരങ്ങള്‍ പൊലീസിനു ലഭിച്ചു. എന്തിനു വേണ്ടിയാണു വിളിച്ചതെന്നു കണ്ടെത്താന്‍ എംഎല്‍എയുടെ മൊഴികള്‍ അന്വേഷണ സംഘം വിശദമായി രേഖപ്പെടുത്തും.
Leave a Reply