Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലുവ: നടിയെ ആക്രമിച്ച കേസില്‍ അഭ്യൂഹങ്ങളും വാര്‍ത്തകളും പരക്കുന്നതിനിടെ നടന്‍ ദിലീപ് ആലുവയ്ക്കടുത്തുള്ള ശ്രീ കടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. കേസുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും വാര്‍ത്തകളും പരക്കുന്നതിനിടെ ഇതു രണ്ടാം തവണയാണ് ദിലീപ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത്.
കഴിഞ്ഞ ദിവസം ദിലീപും ഭാര്യ കാവ്യ മാധവനും കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ഇവിടെ 28 സ്വര്‍ണത്താലികള്‍ നടയില്‍ സമര്‍പ്പിക്കുകയും ശത്രുസംഹാര പുഷ്പാഞ്ജലിയടക്കമുളള വഴിപാടുകളും നടത്തുകയും ചെയ്തിരുന്നു.
അതേ സമയം നടിയെ ആക്രമിച്ച കേസിനു വഴിയൊരുക്കിയ ഗൂഢാലോചന കണ്ടെത്താന്‍ പൊലീസ് നടത്തുന്ന ചോദ്യം ചെയ്യലിനോട് മുഖ്യപ്രതി പള്‍സര്‍ സുനി സഹകരിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ജയിലില്‍നിന്ന് എഴുതിയ കത്തിലെ ഉള്ളടക്കം മാത്രമാണ് സുനി ആവര്‍ത്തിക്കുന്നതെന്നാണ് വിവരം. ഗൂഢാലോചനയെക്കുറിച്ച് സുനി ഒന്നും വെളിപ്പെടുത്തുന്നില്ല. സുനിയെ മര്‍ദിച്ചിട്ടില്ലെന്ന നിലപാട് പൊലീസ് കോടതിയെ അറിയിക്കും. പൊലീസിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
നടീനടന്മാര്‍ പങ്കെടുക്കുന്ന വിദേശ സ്റ്റേജ് ഷോകള്‍ സംബന്ധിച്ച വിവരങ്ങള്‍ മനസ്സിലാക്കാന്‍ പൊലീസ് കഴിഞ്ഞ ദിവസം സംഘാടകനായ കെ.എസ്. പ്രസാദിന്റെ മൊഴിയെടുത്തിരുന്നു. ആലുവ പൊലീസ് ക്ലബിലുള്ള സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ എത്തിയതാണെന്നും കൂട്ടത്തില്‍ പൊലീസ് ചില കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയെന്നും കെ.എസ്. പ്രസാദ് പ്രതികരിച്ചു.
ഉപദ്രവിക്കപ്പെട്ട രാത്രിയില്‍ നടി അഭയം തേടി എത്തിയ സംവിധായകന്‍ ലാലിന്റെ വീട്ടില്‍ അവരെ സന്ദര്‍ശിച്ച നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ മൊഴിയും ഇന്നലെ രേഖപ്പെടുത്തി. നടി ഉപദ്രവിക്കപ്പെട്ട ദിവസം രാത്രിയില്‍ സംവിധായകന്‍ ലാലിന്റെ വീട്ടില്‍ സംഭവിച്ച കാര്യങ്ങളാണു പൊലീസ് ചോദിച്ചു മനസ്സിലാക്കിയതെന്ന് ആന്റോ ജോസഫ് പറഞ്ഞു.
Leave a Reply