Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:01 am

Menu

Published on July 4, 2017 at 10:54 am

മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കൊരുങ്ങി ദിലീപും നാദിര്‍ഷയും; പൊലീസിനെ അറിയിക്കാതെ കേരളം വിടരുതെന്ന് നിര്‍ദേശം

dileep-and-nadirsha-to-stop-arrest-in-actress-molestation-case

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ദിലീപും നാദിര്‍ഷയും. കേസില്‍ അറസ്റ്റ് ഒഴിവാക്കാനായി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനുവേണ്ടി രണ്ടുപേരും മുതിര്‍ന്ന അഭിഭാഷകരെ സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്ന പൊലീസ് അന്വേഷണത്തിന്റെ പുരോഗതി ഇവരുടെ അറസ്റ്റിലേയ്ക്ക് നീങ്ങുന്നതായാണ് സൂചന. ഇതിന് തക്കതായ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

നടന്‍ ദിലീപിനോട് പൊലീസിന്റെ അറിവോടയല്ലാതെ കേരളം വിട്ടുപോകരുതെന്ന് വാക്കാല്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം കേസില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനോട് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശമുണ്ടെന്നും സൂചനയുണ്ട്.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെയും സഹതടവുകാരന്‍ ജിന്‍സണിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത്. കൊച്ചിയില്‍ കാവ്യയുടെ വീട്ടില്‍ പൊലീസ് എത്തിയിരുന്നെങ്കിലും അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ആലുവയിലെ ദിലീപിന്റെ വസതിയില്‍ എത്തി പൊലീസ് നിര്‍ദേശം നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ പൊലീസ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് ദിലീപിന്റെ കുടുംബാംഗങ്ങളുടെ പ്രതികരണം.

ഇതിന് പുറമെ പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധം സംബന്ധിച്ചും പൊലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായാണ് വിവരം. നടി ആക്രമിക്കപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുവരും ഓരേ മൊബൈല്‍ ഫോണ്‍ ടവറിന്റെ പരിധിയില്‍ വന്നതും ദിലീപ് അഭിനയിച്ച ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ സെറ്റില്‍ സുനിയെത്തിയതുമെല്ലാം ഇതിന്റെ തെളിവാണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

കാവ്യാ മാധവന്റെ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലും ചില വിവരങ്ങളും തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും അറിയുന്നു. ഇതെല്ലാം കേസില്‍ ഒരു അറസ്റ്റ് അനിവാര്യമാണെന്നതാണ് കാണിക്കുന്നത്. ഒരുപക്ഷേ, ഇന്നു തന്നെ അറസ്റ്റ് ഉണ്ടായേക്കുമെന്നും പൊലീസ് സൂചിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ ഒരുങ്ങുന്നത്.

Loading...

Leave a Reply

Your email address will not be published.

More News