Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലെ ഗൂഢാലോചനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് നടന്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ റിമാന്‍ഡിലാണ് ദിലീപ്.
എന്നാല്‍ ഇതിനിടെ ദിലീപിന്റെ അറസ്റ്റിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഒരു സെല്‍ഫി ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. നീല ഷര്‍ട്ടിട്ട് ദിലീപ് രണ്ട് പൊലീസുകാര്‍ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫി. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരമായിരുന്നു ഈ ചിത്രത്തിന്.
ആലുവ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപോകുമ്പോള്‍ ദിലീപ് ധരിച്ചിരുന്നതും ഇതേ നിറത്തിലുള്ള ഷര്‍ട്ടായിരുന്നു. ഇതോടെയാണ് ഫോട്ടോ പുലിവാലായത്. കസ്റ്റഡിലായ ദിലീപിനൊപ്പം പൊലീസുകാരെടുത്ത ഫോട്ടോ എന്നു പറഞ്ഞാണ് ഇത് വന്‍ തോതില്‍ പ്രചരിപ്പിക്കപ്പെട്ടത്.
ദിലീപിന് കസ്റ്റഡിയില്‍ ലഭിക്കുന്ന വി.ഐ.പി. പരിഗണനയായും കേസില്‍ നിന്ന് ദിലീപ് എളുപ്പത്തില്‍ രക്ഷപ്പെടും എന്നതിന്റെ സൂചനയായും വ്യാഖ്യാനിച്ചാണ് ഈ ഫോട്ടോയുടെ പ്രചാരണം. കാര്യങ്ങള്‍ കൈവിട്ടതുടങ്ങിയതോടെ ഇപ്പോഴിതാ ഫോട്ടോയിലുള്ള പൊലീസുകാരില്‍ ഒരാള്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി.
ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ അരുണ്‍ സൈമണാണ് ഈ വിവാദ ഫോട്ടോയുടെ സത്യാവസ്ഥ വിശദീകരിച്ച് രംഗത്തുവന്നത്. ഈ സെല്‍ഫി ദിലീപ് കസ്റ്റഡിയിലുള്ളപ്പോള്‍ എടുത്തതല്ലെന്നും ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിന് ദിലീപ് വന്നപ്പോള്‍ എടുത്ത ഫോട്ടോയാണെന്നും അരുണ്‍ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെ തന്നെയായിരുന്നു അരുണിന്റെ ഈ പ്രതികരണവും.
Leave a Reply