Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം രാമലീലയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത് ഏറെ പ്രത്യേകതകളോടെയാണ്. പ്രത്യേകത എന്നതിലുപരി പോസ്റ്റര്‍ കാണുന്ന ആരും രണ്ടാമതൊന്നു ചിന്തിക്കേണ്ട അവസ്ഥയിലെത്തും. ഇതിപ്പോള്‍ സിനിമയാണോ ജീവിതം, അതല്ലെങ്കില്‍ ജീവിതം സിനിമയാക്കിയതോ എന്നിങ്ങനെ ആകെ ആശയക്കുഴപ്പത്തിലാകും.
സിനിമയുടെ ഇപ്പോഴിറങ്ങിയ പോസ്റ്ററിലെ ചിത്രങ്ങളാണ് ഏറെ അത്ഭുതപ്പെടുത്തുന്നത്. ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന പോസ്റ്ററില്‍ ദിലീപ് ഒരു ശ്രാദ്ധത്തിനു ബലിയിടുന്ന ചിത്രങ്ങളാണുള്ളത്. കാര്യങ്ങള്‍ ഇനി ബാക്കി പറയേണ്ടല്ലോ. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാനായി ദിലീപിന് അനുമതി ലഭിച്ചതും രണ്ടു മണിക്കൂര്‍ നേരത്തേക്കായി ദിലീപ് ജയിലില്‍ നിന്നും പുറത്തിറങ്ങിയതും തുടര്‍ന്ന് കര്‍മ്മങ്ങള്‍ നടത്തി തിരിച്ചു വന്നതുമെല്ലാം നമ്മള്‍ അറിഞ്ഞതാണ്.
ഇപ്പോഴിറങ്ങിയിരിക്കുന്ന രാമലീലയുടെ പോസ്റ്ററിലും ഇതാ ഈ സംഭവങ്ങളോട് സമാനമായ രംഗങ്ങളുടെ ചിത്രങ്ങള്‍. പോസ്റ്ററില്‍ മാത്രമല്ല, ഇതിനു മുമ്പിറങ്ങിയ ടീസറിലും മറ്റുമെല്ലാം തന്നെ ഇതേ രീതിയില്‍ ദിലീപിന്റെ ഇന്നത്തെ അവസ്ഥയോട് സാദൃശ്യം തോന്നിക്കുന്ന രംഗങ്ങള്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്.
ലയണിന് ശേഷം ദിലീപ് ഒരു രാഷ്ട്രീയക്കാരന്റെ വേഷമണിയുന്ന ചിത്രം കൂടിയായ രാമലീല ഒരുക്കിയിരിക്കുന്നത് വന്‍ബജറ്റിലാണ്. നിര്‍മാണം ടോമിച്ചന്‍ മുളകുപാടവും. ഈ മാസം 28 നു ചിത്രം പ്രദര്‍ശനത്തിനെത്തുമ്പോള്‍ ആരാധകരും സിനിമാ പ്രേമികളും മാത്രമല്ല, കേരളം മൊത്തം ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ്. സിദ്ദീഖ്, മുകേഷ്, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, സുരേഷ് കൃഷ്ണ, ശ്രീജിത്ത് രവി, അനില്‍ മുരളി തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Leave a Reply