Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയാമെന്ന് നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി(എ.എസ്.സുനില്‍രാജ് )യുടെ മൊഴി.
പള്‍സര്‍ സുനിയുമായി മുന്‍പരിചയമുണ്ടായിരുന്നുവെന്നും നടനും എം.എല്‍.എയുമായ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതല്‍ സുനിയുമായി പരിചയമുണ്ടെന്നും അപ്പുണ്ണി പൊലീസിനോട് പറഞ്ഞു. ദിലീപിനുവേണ്ടി ഫോണില്‍ സംസാരിച്ചെന്നും അപ്പുണ്ണി അന്വേഷണ സംഘത്തോട് സമ്മതിച്ചു.
ദിലീപും സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും അപ്പുണ്ണി പറഞ്ഞതായി പൊലീസിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. അപ്പുണ്ണിയെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തു.
ദിലീപിന് സുനിയെ നേരത്തെ അറിയാമായിരുന്നു. സുനി ദിലീപിനെ ഫോണില്‍ വിളിച്ചപ്പോള്‍ താനായിരുന്നു ഫോണ്‍ എടുത്തത്. പള്‍സര്‍ സുനിയുമായി താന്‍ ഫോണില്‍ സംസാരിച്ചത് ദിലീപിന്റെ നിര്‍ദേശപ്രകാരമാണ്. നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് അറിയില്ലെന്ന മട്ടില്‍ സംസാരിക്കാന്‍ ദിലീപ് തന്നോട് ആവശ്യപ്പെട്ടിരുന്നു. സംസാരിക്കുമ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നെന്നും അപ്പുണ്ണി മൊഴിനല്‍കി.
സുനി തന്നോട് പറഞ്ഞതെല്ലാം ദിലീപിനെ അപ്പോള്‍ത്തന്നെ അറിയിച്ചിരുന്നു. ജയിലില്‍നിന്നയച്ച കത്തിന്റെ കാര്യം സംസാരിക്കാന്‍ ഏലൂര്‍ ടാക്‌സി സ്റ്റാന്‍ഡിലും പോയി. എന്നാല്‍ ഗൂഢാലോചനയെപ്പറ്റി അറിയില്ലെന്നും അപ്പുണ്ണിയുടെ മൊഴിയില്‍ പറയുന്നു.
2013 ല്‍ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതല്‍ പള്‍സസര്‍ സുനിയുമായി അടുത്ത പരിചയമുണ്ട്. തന്റെ ഫോണ്‍ നമ്പരും സുനിയുടെ കൈയ്യിലുണ്ടാകാം. ജയിലില്‍നിന്ന് പള്‍സര്‍ സുനി തന്റെ ഫോണിലേക്കു വിളിച്ചത് ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കാമെന്നും അപ്പുണ്ണി പൊലീസിനോടു പറഞ്ഞു.
എന്നാല്‍ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടോ എന്ന തനിക്കറിയില്ല. സിനിമാ സെറ്റുകളില്‍ ചിലപ്പോളൊക്കെ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഇവര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായി അറിയില്ലെന്നും അപ്പുണ്ണി മൊഴി നല്‍കി.
അതേസമയം, നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ എവിടെയെന്ന് അറിയില്ലെന്നും അപ്പുണ്ണി മറുപടി നല്‍കിയിരുന്നു.
ദിലീപ് അറസ്റ്റിലായ ജൂലൈ പത്തു മുതല്‍ ഒളിവിലായിരുന്ന അപ്പുണ്ണി കഴിഞ്ഞ ദിവസമാണ് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു ഇത്. അപ്പുണ്ണിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനും തനിക്കും നേരിട്ടു ബന്ധമില്ലെന്ന നിലപാടാണ് അപ്പുണ്ണി സ്വീകരിച്ചത്. രണ്ടു ദിവസത്തിനു ശേഷം വീണ്ടും ഹാജരാവാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി കുറ്റകൃത്യത്തിനു മുന്‍പു നടിയെ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ദിലീപുമായി സംസാരിച്ചിരുന്നത് അപ്പുണ്ണിയുടെ ഫോണില്‍ വിളിച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. റിമാന്‍ഡില്‍ കഴിയുന്ന സുനില്‍ വിളിച്ചതും അപ്പുണ്ണിയുടെ ഫോണിലേക്കാണ്.
Leave a Reply