Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: ഡ്രൈവിങ് ടെസ്റ്റ് നടപടികള്‍ പൂര്‍ത്തിയായാലുടന്‍ ലൈസന്‍സ് നല്‍കുന്ന രീതി അവതരിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്.
ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞ് ഒരു മണിക്കൂര്‍ കാത്തിരുന്നാല്‍ ഇനിമുതല്‍ ലൈസന്‍സ് കൈപ്പറ്റി മടങ്ങാം. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ കോഴിക്കോട് ആര്‍ടി ഓഫീസില്‍ 87 പേരാണ് ടെസ്റ്റ് കഴിഞ്ഞു മണിക്കൂറൊന്നു കഴിയും മുന്‍പ് ലൈസന്‍സ് വാങ്ങി മടങ്ങിയത്.
കോഴിക്കോട് ആര്‍ടി ഓഫീസിന്റെ പരിധിയില്‍ അതിവേഗം ലൈസന്‍സ് നല്‍കുന്ന പരിപാടിയുടെ ഉദ്ഘാടനം ആര്‍.ടി.ഒ സി.ജെ. പോള്‍സണ്‍ നിര്‍വഹിച്ചു. എം.വി.ഐമാരായ വി.വി. ഫ്രാന്‍സിസ്, എസ്. മാലിക്, പി. സുനീഷ്, പി. സനല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാനത്ത് കംപ്യൂട്ടറൈസ്ഡ് ടെസ്റ്റ് സംവിധാനമുള്ള തിരുവനന്തപുരം, പാറശാല, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് പുതിയ രീതി നടപ്പാക്കുന്നത്. ചേവായൂര്‍ ഗ്രൗണ്ടില്‍ ടെസ്റ്റ് പൂര്‍ത്തിയായാലുടന്‍, ലൈസന്‍സ് നല്‍കുന്ന ജോലിയിലേക്ക് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ കടക്കും. ലൈസന്‍സ് ഒപ്പിട്ടു ലാമിനേറ്റു ചെയ്ത് ഉടന്‍ ലഭ്യമാക്കും.
സാധാരണ നിലയില്‍ ഡ്രൈവിങ് ടെസ്റ്റിന് ശേഷം രണ്ടാഴ്ചയെങ്കിലും കഴിഞ്ഞാണ് ലൈസന്‍സ് ലഭിക്കുക. അപേക്ഷകന്‍ നല്‍കുന്ന തപാല്‍ കവറിലാണ് അയക്കുക. പലപ്പോഴും അത് ഉടമയ്ക്കു നേരിട്ടു കിട്ടണമെന്നില്ല. അഥവാ വിലാസക്കാരനെ കണ്ടെത്താന്‍ കഴിയാതെ മടങ്ങിയാല്‍ പിന്നീട് മോട്ടോര്‍ വാഹന ഓഫിസില്‍നിന്നു കണ്ടെടുക്കുക ഏറെ പ്രയാസകരമാണ്. ഈ സാഹചര്യത്തില്‍ പുതിയ നടപടി എല്ലാവര്‍ക്കും ഉപകാരപ്രദമാകും.
Leave a Reply