Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഡ്രൈവിങ്ങ് ലൈസന്‍സ് പരീക്ഷയില്‍ വിജയിക്കാന്‍ അപേക്ഷകര്‍ ഇനി കുറച്ച് ബുദ്ധിമുട്ടും. പരീക്ഷ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചു.
സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ ആരംഭിച്ച കമ്പ്യൂട്ടര്‍വല്‍കൃത ഡ്രൈവിങ്ങ് ടെസ്റ്റ് കേന്ദ്രങ്ങളിലേതിനു സമാനമായി മറ്റു സ്ഥലങ്ങളിലെ ഡ്രൈവിങ്ങ് ടെസ്റ്റ് കേന്ദ്രങ്ങളുടെയും ഘടനയില്‍ മാറ്റം വരുത്തി. പുതുക്കിയ ഘടന പ്രകാരമുള്ള ഡ്രൈവിങ് വൈദഗ്ധ്യ പരീക്ഷ തിങ്കളാഴ്ച ആരംഭിക്കും. ഇതു സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
തിരുവനന്തപുരം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ കേന്ദ്രങ്ങളിലാണ് കമ്പ്യൂട്ടര്‍വല്‍കൃത ഡ്രൈവിങ് ടെസ്റ്റ് സംവിധാനമുള്ളത്. ഇതേ മാനദണ്ഡങ്ങളാകും കമ്പ്യൂട്ടര്‍വല്‍കൃതമല്ലാത്ത ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിലും നടപ്പാക്കുക. ഇവിടെ ഉപയോഗിക്കുന്ന അടയാളങ്ങളുടെ ഉയരം കമ്പ്യൂട്ടര്‍വല്‍കൃത ഡ്രൈവിങ്ങ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന അടയാളങ്ങളുമായി ഏകീകരിക്കും.
ഇതിന്റെ ഭാഗമായി ഡ്രൈവിങ് പരീക്ഷയില്‍ ‘എച്ച് ‘ എടുക്കുമ്പോള്‍ അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയില്‍നിന്നു രണ്ടര അടിയായി കുറച്ചു.
വാഹനം റിവേഴ്‌സ് എടുക്കുമ്പോള്‍ വളവുകള്‍ തിരിച്ചറിയാനായി കമ്പിയില്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ അടയാളം വയ്ക്കുന്ന പതിവും ഇനി ഉണ്ടാകില്ല. വാഹനം റിവേഴ്‌സ് എടുക്കുമ്പോള്‍ ഇനി തിരിഞ്ഞുനോക്കാനോ, ഡോറിന് വെളിയിലേക്ക് നോക്കാനോ അനുവാദമുണ്ടാകില്ല. വശങ്ങളിലെയും അകത്തെയും കണ്ണാടി നോക്കി റിവേഴ്‌സ് എടുക്കണം.
ഇപ്പോള്‍ ‘എച്ച് ‘ പരീക്ഷയ്ക്കുശേഷം റോഡ് ടെസ്റ്റ് നടത്താറുണ്ടെങ്കിലും കയറ്റങ്ങളിലെ ഡ്രൈവിങ് പരീക്ഷ നിര്‍ബന്ധമില്ലായിരുന്നു. ഉദ്യോഗസ്ഥന്റെ താല്‍പ്പര്യമനുസരിച്ച് നിരപ്പായ പ്രദേശത്ത് വാഹനം ഓടിച്ചു കാണിച്ചാലും മതിയാകുമായിരുന്നു. പക്ഷേ, പുതിയ നിയമമനുസരിച്ചു കയറ്റത്തു നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം വിജയകരമായി മുന്നോട്ട് ഓടിച്ചുകാണിക്കണം. ഇതിനൊപ്പം നിരപ്പായ സ്ഥലത്തും വാഹനം വിജയകരമായി ഓടിക്കണം.
ഇതുകൂടാതെ രണ്ടു വാഹനങ്ങള്‍ക്കിടയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്ന റിവേഴ്‌സ് പാര്‍ക്കിങ്ങ് ടെസ്റ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ ഈ പരീക്ഷ വ്യാപകമാണ്.
റോഡ് അപകടങ്ങള്‍ കുറയ്ക്കാനാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Leave a Reply