Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡ്രൈവിങ്ങ് പഠനത്തിനിടയിലെ രസകരമായ സംഭവങ്ങള്‍ തന്റെ സിനിമകളില്‍ ഉള്‍പ്പെടുത്തി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. തലയണമന്ത്രം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ ചിത്രങ്ങളിലെ രംഗങ്ങള്‍ പ്രേക്ഷകര്‍ അത്ര പെട്ടെന്ന് മറക്കില്ല.
താനും ശ്രീനിവാസനും ഒരിക്കല്‍ ഡ്രൈവിങ്ങ് പഠിക്കാനിറങ്ങിയ കഥ പങ്കുവെയ്ക്കുകയാണ് സത്യന്‍ അന്തിക്കാട്. നാടോടിക്കാറ്റ് ഇറങ്ങി വിജയിച്ചു നില്‍ക്കുന്ന സമയം. അതോടെ ശ്രീനിവാസന്‍ വലിയ താരമായി മാറുകയും ചെയ്തു. എനിക്കും ശ്രീനിക്കും ഡ്രൈവിങ് പഠിച്ചാല്‍ കൊള്ളാമെന്ന വലിയ മോഹം തോന്നിയത് അപ്പോഴാണെന്ന് മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.
മലയാളികള്‍ അധികമില്ലാത്ത ചെന്നൈയിലാകാമെന്നു കരുതി പ്രൊഡക്ഷന്‍ മാനേജര്‍ നാരായണനെ ഒരു ഡ്രൈവിങ് സ്‌കൂള്‍ കണ്ടുപിടിക്കാന്‍ ഏല്‍പിച്ചു. കോടമ്പാക്കത്തിനടുത്തു വിജയ ഡ്രൈവിങ് സ്‌കൂളില്‍ ചേര്‍ന്നു.
നാരായണനെ അവര്‍ക്കു വലിയ ബഹുമാനമാണ്. ഞങ്ങളെ അറിയുകയേയില്ല. നാലു പേരടങ്ങിയ സംഘത്തിനൊപ്പം ഞങ്ങളും വിദ്യാര്‍ഥികളായി ചേര്‍ന്നു. ആദ്യദിനം ക്ലാസാണ്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലെ പോലെ ഞങ്ങളെ ആദ്യം ഒരു പെട്ടിയിലിരുത്തി. ക്ലച്ചും ഗിയറും സ്റ്റിയറിങ്ങും ബ്രേക്കുമെല്ലാം ആ പെട്ടിയിലിരുന്നു പഠിക്കണം.
എനിക്കു ചെറുതായി ഡ്രൈവിങ് ശീലമുണ്ട്. ശ്രീനിക്ക് ഒട്ടുമില്ല. കാര്‍ റോഡിലൂടെ ഓടിച്ച് പഠിക്കുന്ന ഒരു ദിവസം. ശ്രീനിയാണ് ഡ്രൈവിങ് സീറ്റില്‍. പെട്ടെന്നൊരു ഇലക്ട്രിക് പോസ്റ്റിനു നേരെ കാര്‍ ഇടിക്കാനായി കുതിച്ചു. ശ്രീനി വല്ലാതെ വെപ്രാളപ്പെട്ടു. ഡ്രൈവിങ് മാസ്റ്റര്‍ തമിഴിലെ സകല തെറിയും ഉച്ചത്തില്‍ വിളിക്കുകയാണ.് ‘ബുദ്ധിയില്ലേടാ നിനക്ക്, ഇതുപോലൊരു മണ്ടനെ ഇതു വരെ കണ്ടിട്ടില്ല’, എന്നു തുടങ്ങി ചീത്തയോടു ചീത്ത. ശ്രീനി ഒന്നും മിണ്ടുന്നില്ല. ഞാന്‍ തലയുയര്‍ത്തിയതേയില്ല.
അതോടെ ഞങ്ങളുടെ അവിടുത്തെ ഡ്രൈവിങ് പഠനം അവസാനിച്ചു. ആറു ദിവസം മാത്രമായിരുന്നു ഞങ്ങളുടെ അവിടുത്തെ പഠനം. വൈകിട്ട് റൂമിലെത്തിയപ്പോ ശ്രീനി പറഞ്ഞു, ‘സത്യാ… ഇക്കാര്യം നീ ആരോടും പറയണ്ട. മോശമല്ലേ…’
‘ഓ.. ശരി ശ്രീനി… മോശം തന്നെയല്ലേ…’, ഞാനും സമാധാനിപ്പിച്ചു. പക്ഷേ, ഞാനപ്പോള്‍ തന്നെ ഫോണില്‍ മോഹന്‍ലാലിനോടും വിപിന്‍ മോഹനോടും ജോണ്‍സണോടും വിളിച്ചു പറഞ്ഞു. അടുത്ത ചിത്രമായിരുന്നു തലയണമന്ത്രം.
ഒടുവില്‍ വരവേല്‍പ് ഷൂട്ട് ചെയ്യാന്‍ പാലക്കാട്ടെത്തിയപ്പോഴാണു താന്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. അതിനകം പ്രൊഡക്ഷന്‍ വണ്ടികളൊക്കെ ഓടിച്ചു ഡ്രൈവിങ് നന്നായി ശീലമാക്കിയിരുന്നു.
Leave a Reply