Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായില്‍ ലോകത്താദ്യമായി ഒട്ടകങ്ങള്‍ക്കുള്ള ഹൈടെക് ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള നൂതന ചികിത്സ സൗകര്യങ്ങളോടെ ഒരുക്കിയ ആശുപത്രിയില്‍ ഒരേസമയം 20 ഒട്ടകങ്ങളെ ചികിത്സിക്കാനുള്ള സൗകര്യമുണ്ട്.
നാലു കോടി ദിര്‍ഹം മുതല്‍മുടക്കിയാണ് ഈ ആശുപത്രി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തും അടുത്തിടെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
അറബ് സമൂഹത്തിന്റെ അഭേദ്യ ഭാഗമായ ഒട്ടകങ്ങള്‍ക്കു വേണ്ടി മികച്ച പരിചരണം ഒരുക്കാന്‍ ദുബായ്ക്ക് ബാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ വന്‍കിട ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
ചികിത്സയ്ക്കുശേഷം സുഖം പ്രാപിക്കുന്ന ഒട്ടകങ്ങള്‍ക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ ആശുപത്രിയോടനുബന്ധിച്ച് ഒരു മിനി റേസ് ട്രാക്കുമുണ്ട്. മികച്ച പരിശീലനം നേടിയ ഡോക്ടര്‍മാരും മറ്റു ജീവനക്കാരുമാണ് ഇവിടെയുള്ളത്.
ശസ്ത്രക്രിയയ്ക്ക് 1,000 ഡോളര്‍ മുതലാണ് ഫീസ്. എക്‌സ്‌റേയ്ക്ക് 110 ഡോളറും. ഒട്ടകങ്ങള്‍ക്കുള്ള മരുന്നുകള്‍ വികസിപ്പിക്കാനും പഠന-ഗവേഷണങ്ങള്‍ക്കും സംവിധാനമുണ്ട്.
അറേബ്യന്‍ ചരിത്രവുമായി അടുത്തബന്ധമുള്ള ഒട്ടകങ്ങളുടെ സംരക്ഷണത്തിനായി സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായാണ് ആശുപത്രി പൂര്‍ത്തിയാക്കിയതെന്ന് ആശുപത്രി ഡയറക്ടര്‍ മുഹമ്മദ് അല്‍ ബലൂഷി പറഞ്ഞു.
Leave a Reply