Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:27 am

Menu

Published on April 27, 2013 at 5:09 am

വൈദ്യുതി നിരക്ക് 12 ശതമാനം കൂടും; 300 കടന്നാല്‍ എല്ലാ യൂണിറ്റിനും ഒരേവില

electricity-unit-rate-raise

തിരുവനന്തപുരം: വൈദ്യുതി നിരക്ക്‌വര്‍ധന ഏപ്രില്‍ 30 ന് പ്രഖ്യാപിച്ചേക്കും. വീടുകളിലെ വൈദ്യുതിക്ക് 12 ശതമാനവും വ്യവസായങ്ങള്‍ക്ക് ഏഴു ശതമാനവും വര്‍ധനയാണ് റെഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിക്കുക എന്നറിയുന്നു. 20 പൈസ മുതല്‍ 70 പൈസ വരെയാവും യൂണിറ്റിന് കൂടുക.

മാസം 300 യൂണിറ്റിന് മുകളില്‍ ഉപയോഗിച്ചാല്‍ എല്ലാ യൂണിറ്റിലും അവസാന സ്ലാബിന്റെ വില നല്‍കേണ്ടിവരും. ഇവര്‍ക്ക് സ്ലാബ് സമ്പ്രദായത്തിന്റെ സൗജന്യം ലഭിക്കില്ല. ഒരുവര്‍ഷത്തിനിടെ രണ്ടാമത്തെ വര്‍ധനയാണിത്. കഴിഞ്ഞ ജൂലായില്‍ നിരക്ക് കൂടിയിരുന്നു.

2750 കോടി രൂപയുടെ വരുമാന നഷ്ടമാണ് വൈദ്യുതി ബോര്‍ഡ് റെഗുലേറ്റി കമ്മീഷനെ അറിയിച്ചത്. ഇതില്‍ 1570 കോടി രൂപ നിരക്ക്‌വര്‍ധനയിലൂടെ ഈടാക്കാന്‍ അനുവദിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജീവനക്കാരുടെ ശമ്പളവര്‍ധന ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന നിലപാടാണ് റെഗുലേറ്ററി കമ്മീഷന്റേത്. ഇതൊഴികെ ബോര്‍ഡിന്റെ 2012 -13 വര്‍ഷത്തെ നഷ്ടമായി റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിക്കുക 1040 കോടിയാണ്. ഇതില്‍ 600 കോടി രൂപ മാത്രമേ നിരക്ക് വര്‍ധനയിലൂടെ കണ്ടെത്താന്‍ കമ്മീഷന്‍ അനുവദിക്കൂ. അതിനാല്‍ നാമമാത്ര വര്‍ധന മാത്രം മതിയെന്നാണ് കമ്മീഷന്റെ നിലപാട്.

ബോര്‍ഡ് ആവശ്യപ്പെട്ടത് എല്ലാ ഉപഭോക്താക്കള്‍ക്കും നോണ്‍ ടെലിസ്‌കോപ്പിക് നിരക്ക് ഏര്‍പ്പെടുത്തണമെന്നാണ്. അതായത് 200 യൂണിറ്റ് ഉപയോഗിച്ചാല്‍ എല്ലാ യൂണിറ്റിനും 200-ാമത് യൂണിറ്റിന്റെ വില നല്‍കണം. ഇപ്പോള്‍ സ്ലാബ് അടിസ്ഥാനമാക്കിയാണ് നിരക്ക് നിശ്ചയിക്കുന്നത്. അതായത് ആദ്യത്തെ 40 യൂണിറ്റുവരെ ഒരുനിരക്ക്. അടുത്ത 40 യൂണിറ്റിന് മറ്റൊരുവില. എന്നാല്‍ എല്ലാ ഉപഭോക്താക്കള്‍ക്കും സ്ലാബ് സമ്പ്രദായം പിന്‍വലിക്കുന്നതിനോട് കമ്മീഷന്‍ യോജിച്ചില്ല. മാസം 300 യൂണിറ്റിന് മുകളില്‍ മാത്രം നോണ്‍ ടെലിസ്‌കോപ്പിക് രീതി മതിയെന്നാണ് തീരുമാനം. 300 യൂണിറ്റ്കടന്നാല്‍ ബില്‍ത്തുക വന്‍തോതില്‍ കൂടും. ഉപഭോഗം കുറയ്ക്കാന്‍ പ്രേരിപ്പിക്കുന്നതിനാണ് ഇക്കൂട്ടര്‍ക്ക് വന്‍ താരിഫ് ഏര്‍പ്പെടുത്തുന്നത്.

സ്ലാബ് സമ്പ്രദായം അവസാനിപ്പിച്ച് വന്‍തുക ഈടാക്കാന്‍ ലക്ഷ്യമിട്ട് അടിസ്ഥാനനിരക്കില്‍ നാമമാത്ര വര്‍ധനയാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സ്ലാബ് സമ്പ്രദായം നിലനിര്‍ത്തി ചെറിയ തോതിലുള്ള വര്‍ധന അംഗീകരിക്കാനാണ് ബോര്‍ഡിന്റെ ഇപ്പോഴത്തെ തീരുമാനം. പുതിയ നിരക്ക് അടുത്ത മാര്‍ച്ച് 31 വരെയായിരിക്കും. എല്ലാവര്‍ഷവും നിരക്ക് കൂട്ടാനാണ് തീരുമാനം.

Loading...

Leave a Reply

Your email address will not be published.

More News