Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: വാലന്റൈന്‍സ് ദിനത്തില്‍ എറണാകുളം ലോ കോളജിലെ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ‘പ്രണയ മാര്‍ച്ച്’ പൊലീസ് തടഞ്ഞു. ലോ കോളജ് വിദ്യാര്‍ഥികള്‍ സെന്റ് തെരേസാസ് കോളജിലേക്ക് നടത്താനിരുന്ന മാര്‍ച്ചാണ് പ്രിന്‍സിപ്പല്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് തടഞ്ഞത്.

ലോ കോളജില്‍ നിന്നും വിദ്യാര്‍ഥികള്‍ റോസാപ്പൂക്കളുമായി എറണാകുളം സെന്റ് തെരേസാസ് കോളജിലേക്കാണ് മാര്‍ച്ച് നിശ്ചയിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ചിനുള്ള ഒരുക്കങ്ങള്‍ ലോ കോളജില്‍ ആരംഭിച്ചപ്പോള്‍ തന്നെ ലോ കോളേജ് പ്രിന്‍സിപ്പല്‍ പൊലീസിന്റെ സഹായം തേടി. കോളജില്‍ അധ്യയനം തടസപ്പെടുന്നുവെന്ന് അറിയിച്ചാണ് പ്രിന്‍സിപ്പല്‍ പൊലീസിനെ വിളിച്ചുവരുത്തിയത്.
പൊലീസ് എത്തി വിദ്യാര്‍ഥികളെ ലോ കോളജില്‍ നിന്നും പുറത്തിറങ്ങുന്നത് തടഞ്ഞതോടെ നേരിയ സംഘര്‍ഷം ഉടലെടുത്തു. എന്നാല്‍ കോളജിന് പുറത്തേക്ക് മാര്‍ച്ച് അനുവദിക്കില്ലെന്ന് പൊലീസ് കര്‍ശന നിലപാടെടുത്തു. പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച് വിദ്യാര്‍ഥികളും പ്രതിഷേധിച്ചെങ്കിലും കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.

അതിനിടെ സംഭവം ചിത്രീകരിക്കാനെത്തിയ രണ്ടു വിദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരോട് പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ കൈവശമുണ്ടായിരുന്നില്ല. രേഖകള്‍ പരിശോധിച്ച ശേഷം ഇവരെ വിടുമെന്ന് പൊലീസ് അറിയിച്ചു. ഫ്രാന്‍സില്‍ നിന്നുള്ള അല്‍വാറസ് അല്‍ബാന്‍ (40), ഇംഗ്ലണ്ടില്‍ നിന്നുള്ള ഡറക് ഡാന്‍ലി മക്‌ഡൊണാള്‍ഡ് (42) എന്നിവരെയാണു മതിയായ രേഖകള്‍ കൈവശമില്ലാതിരുന്നതിനെത്തുടര്‍ന്നു പിടികൂടിയത്.
പതിവുപോലെ വലന്റൈന്‍സ് ദിനത്തില്‍ സെന്റ് തെരേസാസ് കോളജിലെത്തി ലോ കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം പ്രണയം പറയാന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെതിരെയും വിദ്യാര്‍ഥികളുടെ പ്രതിഷേധമുണ്ടായി. പെണ്‍കുട്ടികളുടെയും മറ്റും വേഷവിധാനങ്ങള്‍ അണിഞ്ഞ് ആഘോഷമായാണ് ആണ്‍കുട്ടികള്‍ വലന്റൈന്‍സ് ഡേ മാര്‍ച്ച് നടത്തിയത്.
Leave a Reply