Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തന്റെ വളര്‍ത്തു നായയെ ക്രൂരമായി അടിച്ചുകൊന്നതിന് അയല്‍വാസിക്കെതിരെ നിയമ നടപടിക്കൊരുങ്ങി ഉടമ. തന്റെ ബോക്‌സര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തു നായയെ അടിച്ചുകൊന്ന അയല്‍വാസിയായ ഓട്ടോഡ്രൈവര്‍ സുനിലിനെതിരെയാണ് എറണാകുളം ഞാറയ്ക്കല്‍ സ്വദേശി ജിതേന്ദ്രദാസ് കേസുകൊടുത്തിരിക്കുന്നത്.
മിണ്ടാപ്രാണികളോട് കണ്ണില്ലാത്ത ക്രൂരത കാണിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമമുണ്ടെങ്കിലും അതൊന്നും നിലവില്‍ അത്ര പ്രബലമല്ല. 50 രൂപ പിഴയടച്ചാല്‍ ഈ ജീവികളെ കൊല്ലുന്നവര്‍ക്ക് സുഖമായി ഊരിപ്പോരാം. അതുകൊണ്ടു തന്നെയാണ് ഇത്തരം ക്രൂരകൃത്യങ്ങള്‍ ഇവിടെ തുടര്‍ക്കഥയാകുന്നതെന്ന് മനോരമ ഓണ്‍ലൈനിന് നല്‍കിയ പ്രതികരണത്തില്‍ ജിതേന്ദ്രദാസ് ചൂണ്ടിക്കാട്ടുന്നു.
ഇനിയൊരു മിണ്ടാപ്രാണിക്കും ഈ ഗതി വരാതിരിക്കാനാണ് താന്‍ പ്രതികരിക്കുന്നതും ജിതേന്ദ്രദാസ് കൂട്ടിച്ചേര്‍ത്തു. വീടും പരിസരവും അത്ര സുരക്ഷിതമല്ലാത്തതിനാല്‍ വീട്ടിലുള്ള അമ്മയെയും സഹോദരിയെയും കരുതിയാണ് നായയെ വളര്‍ത്തിയത്.
നല്ല കാവല്‍ക്കാരനും അനുസരശീലമുള്ളതുമായിരുന്നു ഈ നായ. അയല്‍വാസിയുടെ കോഴിയെ കൊന്നുവെന്ന് പറഞ്ഞാണ് അയാള്‍ നായയെ പൈപ്പുപയോഗിച്ച് അയാള്‍ തലയ്ക്കടിച്ചു കൊന്നതെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ ഒന്നിലധികം തവണ നായയുടെ തലയ്ക്ക് മാരകമായ അടിയേറ്റിട്ടുണ്ടെന്ന് പറയുന്നുണ്ടെന്നും ജിതേന്ദ്രദാസ് വ്യക്തമാക്കി.
ഈ മാസം 23നായിരുന്നു സംഭവം. കോഴിയെ കൊന്നുവെന്ന് ആരോപിച്ച് അയല്‍വാസി നായയെ പൈപ്പ് വച്ച് പലതവണ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.
അയല്‍വാസിക്കെതിരെ ജിതേന്ദ്രദാസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സംഭവത്തില്‍ ആദ്യം കേസെടുക്കാന്‍ മടിച്ചെങ്കിലും പിന്നീട് സുനിക്കെതിരെ കേസെടുക്കാന്‍ ഞാറയ്ക്കല്‍ പൊലീസ് തയാറാവുകയായിരുന്നു. തന്റെ കുട്ടികളയുള്‍പ്പെടെ ആക്രമിക്കാന്‍ ശ്രമിച്ചതിനാലാണ് നായയെ കൊന്നതെന്നായിരുന്നു പൊലീസിനോട് സുനിന്റെ വിശദീകരണം. പൊലീസ് പിന്നീട് ഇയാളെ അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നെന്നും ജിതേന്ദ്രദാസ് പറയുന്നു.
മുന്‍പും ജീവികളെ ക്രൂരമായി കൊല്ലുന്ന ശീലം സുനിക്കുണ്ടായിരുന്നു. വീട്ടിലെത്തുന്ന പൂച്ചകളേയും മറ്റും അമ്പെയ്തു കൊന്നെന്ന ആരോപണവും ഇയാള്‍ക്കെതിരെയുണ്ട്.
മറ്റുളളവരോട് സ്വാഭാവികമായി പെരുമാറുന്ന നായ, എന്നാല്‍ കോഴി പൂച്ച എന്നിവയെ കണ്ടാല്‍ അക്രമാസക്തമാകും. നേരത്തേ സുനിലിന്റെ വീട്ടിലെ കോഴിയെ പിടിച്ചിട്ടുമുണ്ട്. അന്ന് ബഹളമുണ്ടാക്കിയ സുനിലിന് കോഴിയെ വാങ്ങി നല്‍കാമെന്ന് അമ്മ പറഞ്ഞിരുന്നു. ഇതിനിടയിലാണ് ഇയാള്‍ തന്റെ നായയെ കൊന്നതെന്നും ജിതേന്ദ്രദാസ് പറയുന്നു.
പൊതുവെ ഈ സംഭവത്തിനു ശേഷം കൂട്ടില്‍നിന്ന് പുറത്തിറക്കാറില്ലായിരുന്ന നായയെ അന്ന് പുറത്തുകൊണ്ടുപോയതിന് ശേഷം മുറ്റത്ത് കെട്ടിയിട്ടു. തുടര്‍ന്ന് നായയ്ക്കുള്ള ആഹാരവുമായി തിരിച്ചുവന്നപ്പോള്‍ അതിനെ അവിടെ കണ്ടില്ല. പിന്നീടന്വേഷിച്ചപ്പോഴാണ് സുനില്‍ നായയെ കൊണ്ടുപോയെന്നറിഞ്ഞത്.
ഓടിയെത്തുമ്പോഴേക്കും അയാള്‍ തന്റെ അടുത്തേക്ക് വന്നു. ‘എന്റെ കോഴിയെ പിടിച്ചതിന് നിന്റെ നായയെ തല്ലിക്കൊന്നിട്ടിട്ടുണ്ട്’ പറഞ്ഞു. ഇത് കേട്ട് ഓടിച്ചെല്ലുമ്പോള്‍ തലപ്പൊട്ടി ചോരയൊലിക്കുന്ന അവസ്ഥയിലായിരുന്നു നായ. വയറില്‍ ചെറിയൊരു മിടിപ്പ് ബാക്കിയുണ്ടായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ കയ്യിലെടുത്തെങ്കിലും വായില്‍നിന്ന് രക്തം ഒലിച്ച് അത് ചത്തു, ജിതേന്ദ്രദാസ് വ്യക്തമാക്കി.
തുടര്‍ന്ന് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ കോഴിയെ പിടിച്ചാല്‍ നായയെ കൊല്ലില്ലേ എന്നായിരുന്നു ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ പ്രതികരണമെന്നും ജിതേന്ദ്രദാസ് പറയുന്നു. മറ്റ് മാര്‍ഗ്ഗമില്ലാത്തതിനാല്‍ കേന്ദ്രമന്ത്രി മനേകാ ഗാന്ധിയ്ക്കും കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമനും പരാതി നല്‍കി. പിന്നീട് പൊലീസ് സ്റ്റേഷനില്‍നിന്ന് എസ് ഐ വിളിപ്പിച്ച് ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞെങ്കിലും അയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
കേസിനെ തുടര്‍ന്ന് സുനിലിന്റെ വീട്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുക്കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇയാള്‍ ജാമ്യത്തിലിറങ്ങി. മേനക ഗാന്ധിയുടെ സംഘടനയായ പീപ്പിള്‍ ഫോര്‍ ആനിമല്‍സില്‍ നിന്ന് ജിതേന്ദ്രനെ നേരിട്ടു വിളിക്കുകയും കേരള വിഭാഗം മേധാവി രതി ദേവി നേരിട്ടെത്തി സംഭവങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള ദയ എന്ന സംഘടനയും ഇതിനെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Leave a Reply