Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മത്തിക്ക് അജ്ഞാത രോഗം ബാധിച്ചതായി സോഷ്യല്‍ മീഡിയയിലും മറ്റും വ്യാജ പ്രചരണം. മത്തിയുടെ കുടല്‍ ഭാഗങ്ങളില്‍ വെളുത്ത നിറത്തില്‍ ചെറിയ മുട്ടകള്‍ പോലെ തോന്നിക്കുന്ന ഒരു ചിത്രം സഹിതമാണ് വ്യാജ പ്രചരണം.
എന്നാല്‍ ഇത്തരത്തിലൊരു അസുഖം ജില്ലയില്‍ എവിടെയും മീനുകളില്‍ കണ്ടെത്തിയതായി അറിവില്ലെന്ന് ആലപ്പുഴ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ ഉദ്ധരിച്ച് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍ മത്തിയോടു സാദൃശ്യമുള്ള മത്സ്യത്തിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ഇറക്കുമതി ഇനമായ ഇറാന്‍ മത്തി ആലപ്പുഴയിലെ ചന്തകളില്‍ സുലഭമായി ലഭിക്കുന്നുണ്ടെങ്കിലും രോഗം ബാധിച്ചവ ലഭിച്ചതായി ഇതുവരെ പരാതിയില്ല. എന്നാല്‍ ഈ പ്രചരണം വന്നതോടെ മത്തിക്ക് ആവശ്യക്കാര്‍ നേരിയതോതില്‍ കുറഞ്ഞുവരുന്നതായി കച്ചവടക്കാര്‍ പറയുന്നു.
അതേസമയം, മത്സ്യങ്ങളില്‍ അത്യപൂര്‍വമായി കാണപ്പെടുന്ന ഒരുതരം പരാന്നജീവിയുടെ സാന്നിധ്യമാണ് ഇതിനു കാരണമെന്ന മറുപടി സന്ദേശവും പ്രചരിക്കുന്നുണ്ട്. ഇതു നീക്കം ചെയ്തശേഷം പാകംചെയ്തു കഴിക്കുന്നതില്‍ തെറ്റില്ലെന്നാണ് പുതിയ സന്ദേശം. രോഗം സംബന്ധിച്ചു ഇതുവരെ ഔദ്യോഗികമായി യാതൊരു സ്ഥിരീകരണവും ഇല്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ടതില്ല.
എന്നാല്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം സന്ദേശങ്ങള്‍ കണ്ടു ഭയക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കില്‍ ജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കുമെന്നും ഇത്തരത്തിലൊരു രോഗം ബാധിക്കുന്നുണ്ടോയെന്നു കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതരും പറയുന്നു.
Leave a Reply