Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 6:22 am

Menu

Published on February 5, 2018 at 6:53 pm

വിമന്‍ കളക്ടീവിന് പണികൊടുത്ത് പ്രമുഖ വനിതകളെല്ലാം പുതിയ സംഘടനയില്‍; മഞ്ജുവോ?

fefka-women-association-in-cinema

രണ്ടു ദിവസം മുന്‍പാണ് മലയാള ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന 200ഓളം സാങ്കേതിക പ്രവര്‍ത്തകരായ വനിതകളെ ഉള്‍പ്പെടുത്തി ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ ഫെഫ്ക പുതിയ വനിതാ സംഘടന രൂപീകരിച്ചത്. ഭാഗ്യലക്ഷ്മി അധ്യക്ഷയായാണ് കോര്‍ഡിനേഷന്‍ കമ്മറ്റി രൂപികരിച്ചത്. കമ്മറ്റിയുടെ പ്രഥമ യോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു.

ചലച്ചിത്ര രംഗത്തെ സ്ത്രീകളുടെ പരാതികളിലും പ്രശ്‌നങ്ങളിലും ഇനി ഫെഫ്ക ഇടപെടുന്നത് കോര്‍ കമ്മറ്റി മുഖേനയായിരിക്കും. വനിത കോര്‍ കമ്മറ്റിയിലെ രണ്ട് അംഗങ്ങള്‍ ഫെഫ്ക ജനറല്‍ കൗണ്‍സിലിലെ പ്രത്യേക ക്ഷണിതാക്കളുമായിരിക്കും. ഇതോടെ പരമാധികാര കമ്മിറ്റിയില്‍ വനിതകള്‍ക്ക് നേരിട്ട് പ്രാതിനിധ്യം നല്‍കുന്ന ഇന്ത്യയിലെ ആദ്യ ചലച്ചിത്ര തൊഴിലാളി സംഘടനയായി ഫെഫ്ക്ക മാറി.

നേരത്തെ കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ വിമന്‍സ് ഇന്‍ സിനിമ കളക്ടീവ് എന്ന പേരില്‍ ഒരു വനിതാ സംഘടനയും രൂപപ്പെട്ടിരുന്നു. ചലചിത്രരംഗത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന എല്ലാവിധ പ്രശ്‌നങ്ങളും ഉയര്‍ത്തിയാണ് അന്ന് ആ സംഘടനയ്ക്ക് രൂപം നല്‍കിയത്.

മഞ്ജുവാര്യര്‍, പാര്‍വതി, ഗീതുമോഹന്‍ ദാസ്, ബീനാ പോള്‍, റീമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സംഘടനയുടെ രൂപീകരണം. വിമണ്‍ ഇന്‍ സിനിമ കളക്ടീവിന് ബദലായി തുടങ്ങിയ ഫെഫ്കയുടെ വനിതാ സംഘടനയിലേക്ക് പ്രമുഖരായ നടിമാരെല്ലാം എത്തുമെന്നാണ് ഭാരവാഹികള്‍ അറിയിച്ചത്.

എന്നാല്‍ ഡബ്ല്യുസിസി അംഗങ്ങളെ ഇതിലേക്ക് ആരും ക്ഷണിച്ചില്ല. മാത്രമല്ല കൊച്ചിയില്‍ ഇങ്ങനെയൊരു മീറ്റിംഗ് നടക്കാന്‍ പോകുന്ന കാര്യം വിമണ്‍ കളക്ടീവിലെ അംഗങ്ങള്‍ കുറച്ചു ദിവസം മുന്‍പ് മാത്രമാണ് അറിഞ്ഞതെന്നുമുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

മഞ്ജു വാര്യര്‍ പുതിയ സംഘടനയുടെ ഭാഗമാകാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നേതൃസ്ഥാനം ഏറ്റെടുക്കില്ലെന്ന നിബന്ധനയുണ്ടെന്നും പറയുന്നു.

കസബ വിവാദത്തില്‍ മമ്മൂട്ടിയെ വിമര്‍ശിച്ച പാര്‍വതിയുടെയും റിമ കല്ലിങ്കലിന്റെയും നിലപാടിനോട് മഞ്ജുവാര്യര്‍ക്ക് തികഞ്ഞ അതൃപ്തിയായിരുന്നെന്നും ഡബ്ല്യുസിസിയുടെ ആദ്യ യോഗങ്ങളില്‍ സജീവമായിരുന്ന മഞ്ജു പിന്നീട് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒരകലം പാലിച്ചിത് ഇക്കാരണത്താലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡബ്ലിയു സി സിയുടെ പ്രവര്‍ത്തനങ്ങളില്‍ എതിര്‍പ്പ് ഉണ്ടായിരുന്ന താര സംഘടന ആയ അമ്മ ഇതോടെ മഞ്ജുവിനെ മുന്നില്‍ നിര്‍ത്തി വനിതാ സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വേണ്ടത്ര പിന്തുണ ലഭിക്കാതെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ഡബ്ല്യൂ.സി.സിയുമായി മത്സരിക്കാനൊന്നുമല്ല ഈ സംഘടനയെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ഇത് ഫെഫ്കെയുടെ നേതൃത്വത്തിലുള്ള ഒരു ട്രേഡ് യൂണിയനാണ്. ഇതിന് പുരുഷ സിനിമാ പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്. സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് ജോലി ചെയ്യുന്ന മേഖലയാണ് സിനിമ. അതില്‍ പുരുഷന്‍മാരെ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ല. എന്നാല്‍ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കേള്‍ക്കാനും പറയാനും ഇടം വേണം. അതാണ് സംഘടനയുടെ ലക്ഷ്യം. സിനിമയിലെ വിവിധ മേഖലയില്‍ നിന്ന് അറുപതോളം പേര്‍ പിന്തുണ പ്രഖ്യാപിച്ച് മീറ്റിങ്ങിന് എത്തിയിരുന്നു. നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.

മലയാള സിനിമയില്‍ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്ന മേഖല എന്ന് പറഞ്ഞാല്‍ അഭിനയം മാത്രമല്ലാ എന്നും സംവിധാനം, തിരക്കഥ, മേക്ക്അപ്പ്, ഡബ്ബിംങ്, ഹെയര്‍ ഡ്രെസ്സിംഗ്, എഡിറ്റിംങ്, കോസ്റ്റിയൂം ഡിസൈനിംങ് സഹസംവിധായകര്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും സ്ത്രീ സാന്നിധ്യങ്ങള്‍ ഉണ്ടെങ്കിലും എല്ലാവരും കൂടുതല്‍ അറിയുന്നത് നടിമാരെയും സംവിധായികമാരെയും മാത്രം ആയതിനാല്‍ മറ്റുള്ളവര്‍ അവഗണിക്കപ്പെടുകയും അവര്‍ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാതിരിക്കുകയും ചെയ്യുന്നു.

ഈ കൂട്ടത്തില്‍ ഡബ്ബിംങ് ആര്‍ട്ടിസ്റ്റുകള്‍ പൊതുവേ സുരക്ഷിതരാണ് എങ്കിലും മറ്റുവിഭാഗങ്ങളില്‍ ഉള്ളവരില്‍ പലരും സുരക്ഷിതരല്ല. ഇവരില്‍ പലരും ഭയം കൊണ്ട് സംസാരിക്കാറുമില്ല. ഇങ്ങിനെ ഉള്ളവര്‍ക്ക് തുറന്ന് സംസാരിക്കാനുള്ള ഒരു വേദി എന്നതാണ് പുതിയ സംഘടനയുടെ ലക്ഷ്യം എന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News