Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാവോപോളോ: കാല്‍പ്പന്ത് കളിയുടെ മഹോത്സവത്തിന് ബ്രസീല്‍ ഒരുങ്ങിക്കഴിഞ്ഞു.കിക്കോഫിന് ഇനി മണിക്കൂറുകളുടെ ദൂരം മാത്രം..ബ്രസീലിലെ ചരിത്രപ്രസിദ്ധമായ സാവോ പോളോ സ്‌റ്റേഡിയത്തില്‍ ജൂണ്‍ 12ന് (ഇന്ത്യന്‍ സമയം ജൂണ്‍ 13 പുലര്‍ച്ചെ 1.30ന് )ബ്രസീല്‍ ക്രൊയേഷ്യമത്സരത്തോടെയാണ് ഫിഫ ലോകകപ്പിന് അരങ്ങുണരുക.അലറിവിളിക്കുന്ന കാണികളുടെ മുന്നില്‍ കിരീടം തിരികെപ്പിടിക്കാന്‍ ബ്രസീല്‍, നിലനിര്‍ത്താന്‍ സ്‌പെയിന്‍, പിന്നെ അര്‍ജന്റീന, ജര്‍മ്മനി ഇംഗ്ലണ്ട്, ഫ്രാന്‍സ്.. 32 രാജ്യങ്ങള്‍ ഒരു പന്തിന് പുറകെ പായുന്ന സുന്ദര നിമിഷങ്ങള്‍. ബ്രസീല്‍, 64 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് വേദിയാകുന്നത്. അതിനാല്‍ത്തന്നെ ഇത്തവണത്തെ മത്സരങ്ങള്‍ക്ക് മാറ്റ് കൂടുമെന്ന് ഉറപ്പ്. റിയോ ഡി ജനിറോയിലെ മാരക്കാനയും ആമസോണ്‍ കാടുകള്‍ക്ക് നടുവിലെ മനാസുമുള്‍പ്പെടെ 12 വേദികളിലായാണ് മത്സരങ്ങള്‍. കലാശപ്പോരാട്ടം ചരിതമുറങ്ങുന്ന മാരക്കാനയിലും. 1950ല്‍ നടന്ന ലോകകപ്പിന്റെ ഫൈനലില്‍ ഉറുഗ്വായോട് തോറ്റ ബ്രസീലിന് ആ അപമാനത്തെ മയ്ച്ചുകളയാനുള്ള അവസരമാണ് ഇത്. ഇക്കുറിയും ഫൈനല്‍ മാരക്കാനയിലാണ് എന്നത് ബ്രസീലിന് ഒരേസമയം ആവേശവും ആശങ്കയും പകരുന്നു.ബ്രസീലില്‍ ലോകകപ്പ് നടത്തിപ്പിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളും സമരങ്ങളും ഈ ലോകകപ്പിനെ കലുഷിതമാക്കിയിരുന്നു. രാജ്യത്തെ അഴിമതിയെയും വിലക്കയറ്റത്തെയുമാണ് എതിര്‍ക്കുന്നതെന്നും കളിയോട് എതിര്‍പ്പില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. കളി തുടങ്ങുന്നതോടെ എല്ലാ എതിര്‍പ്പുകളും മാറ്റിവെച്ച് ബ്രസീലിലെ ജനങ്ങള്‍ ഫുട്‌ബോളിനുവേണ്ടി മുന്നിട്ടിറിങ്ങും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സാവോപോളോ നഗരത്തില്‍ ഒരു വിഭാഗം തൊഴിലാളികള്‍ നടത്തിയിരുന്ന പ്രതിഷേധം ചൊവ്വാഴ്ച താത്കാലികമായി അവസാനിപ്പിച്ചിട്ടുണ്ട്.അതേസമയം , പ്രമുഖ താരങ്ങളുടെ പരിക്കുകളും ഫുട്‌ബോള്‍ ആരാധകരെ ആശങ്കയിലാക്കുന്നു. ബ്രസീലിന്റെ പ്രതീക്ഷയായ നെയ്മര്‍ക്ക് ചൊവ്വാഴ്ച പരിശീലനത്തിനിടെ പരിക്കേറ്റത് ആരാധകരെ എന്നപോലെ ടീമിനെയും നടുക്കിയിട്ടുണ്ട്. ലോകോത്തര താരങ്ങളായ കൊളംബിയയുടെ റഡമെല്‍ ഫാല്‍ക്കാവോ, ഫ്രാന്‍സിന്റെ ഫ്രാങ്ക് റിബറി, ജര്‍മനിയുടെ മാര്‍ക്കോ റൂസ് എന്നിവര്‍ പരിക്കിനെത്തുടര്‍ന്ന് പിന്മാറിയത് ലോകകപ്പിന്റെ നഷ്ടമാകും. ഉറുഗ്വായുടെ ലൂയി സുവാരസ്, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരും പരിക്കിന്റെ ഭീഷണിയിലാണ്. ഗോള്‍ലൈന്‍ ടെക്‌നോളജിയും വാനിഷിംഗ് സ്‌പ്രേയുമൊക്കെയായി സാങ്കേതിക വിദ്യയുടെ പുത്തന്‍ ആവിഷ്‌കാരങ്ങള്‍ക്കും ഇത്തവണ ബ്രസീല്‍ വേദിയാകും. ജൂലൈ 13നാണ് മാരക്കനയിലെ ഫൈനല്‍. കണ്ണിമവെട്ടാതെ കാത്തിരുന്ന ആരാധകരെ ഈറനണിയിച്ച മാരക്കാനയിലെ 1950ലെ തോല്‍വിക്ക് പകരം വീട്ടേണ്ടതുകൂടിയുണ്ട് കാനറികള്‍ക്ക്. ഇനി കാത്തിരിപ്പ്…
Leave a Reply