Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുമളി: കേരള – തമിഴ്നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. 14 പേര് മരിച്ചെന്ന വാര്‍ത്ത വരുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, കൂടുതല്‍പ്പേര്‍ വനത്തില്‍ അകപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വനത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ഊര്‍ജിതശ്രമം നടക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനു സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്.
ദേവികുളം ടോപ്സ്റ്റേഷന്റെ മറുഭാഗത്ത് കൊളുക്കുമലയില്‍നിന്ന് തമിഴ്നാട്ടിലെ തേനിയിലേക്ക് ട്രക്കിങ്ങിനുപോയ 39 അംഗ സംഘമാണ് കാട്ടുതീയില്‍ അകപ്പെട്ടത്. 9 പേര് കാട്ടുതീയില്‍ മരിച്ചതായി സ്ഥിരീകരിച്ചു. 15 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇതില്‍ അഞ്ചുപേരുടെ നില അതീവഗുരുതരമാണ്. ഏഴുപേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതുവരെ 16 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ചെന്നൈ സ്വദേശികളായ സുശീല, ഹേമലത, സുനിത, ശുഭ, അരുണ്‍, കോയമ്പത്തൂര്‍ സ്വദേശിയായ വിപിന്‍, ഈറോഡ് സ്വദേശികളായ ദിവ്യ, വിവേക്, തമിഴ്ശെല്വന് എന്നവരാണ് മരിച്ചവര്‍. ഇവരില്‍ ദിവ്യയും വിവേകും ദമ്പതിമാരാണ്.
കോട്ടയം പാലാ സ്വദേശിക്കും പരുക്കേറ്റിട്ടുണ്ട്. ചെന്നൈ മലയാളിയായ ബീന ജോര്‍ജ് അവിടെ ഐടി ഉദ്യോഗസ്ഥയാണെന്നാണ് വിവരം. ചെന്നൈയില്‍ സ്ഥിരതാമസമാണിവര്‍.
പരിക്കേറ്റവര്‍ തേനി മെഡിക്കല്‍ കോളജ്, ബോഡിനായ്ക്കന്നൂര്‍ ജനറല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ചികിത്സയിലാണ്. ഇവരില്‍ പലരുടെയും നില പൊള്ളലേറ്റ് അതീവ ഗുരുതരമാണ്. 80% വരെ പൊള്ളലേറ്റവരാണു കാട്ടില്‍ കുടുങ്ങിയിരിക്കുന്നത്.
ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എത്തിയ 25 സ്ത്രീകളും എട്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമടങ്ങുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. മീശപ്പുലിമലയില്‍ നിന്നും ഇറങ്ങി കുരങ്ങിണി മലയുടെ താഴ്വാരത്തെത്തിയതോടെയാണ് തീ പടര്‍ന്നത്. സംഘാംഗങ്ങളില്‍ ഒരാള്‍ വലിച്ചെറിഞ്ഞ സിഗററ്റു കുറ്റിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സംശയം.

അഞ്ചടിയോളം ഉയരമുള്ള പുല്ലിന് തീപിടിച്ചതോടെ മറ്റിടങ്ങളിലേക്കും പടര്‍ന്നു. ഉണങ്ങിയ പുല്ലായിരുന്നതും കാറ്റടിച്ചതും തീ പടര്‍ന്നുപിടിക്കാന്‍ കാരണമായി. തീ പടര്‍ന്ന ശേഷമാണ് ഗ്രാമവാസികള്‍ പോലും അറിഞ്ഞത്.
ഞായറാഴ്ച വൈകിട്ട് നാലരയോടെ സംഘത്തിലുള്ള ഒരാള്‍ വീട്ടിലേക്ക് വിളിച്ച് അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടുകാര്‍ വനം വകുപ്പുമായി ബന്ധപ്പെടുകയായിരുന്നു. അര്‍ദ്ധരാത്രിയായതും മലമുകളില്‍ നിന്നും പരിക്കേറ്റവരെയും മറ്റും പുറത്തെത്തിക്കാന്‍ ഗതാഗത സംവിധാനങ്ങള്‍ ഇല്ലാതിരുന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. പരിക്കേറ്റവരില്‍ നാലുപേരെ മൂന്നാര്‍ വഴിയാണ് പുറത്തെത്തിച്ചത്.
Leave a Reply