Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 5:18 am

Menu

Published on September 2, 2019 at 2:30 pm

ഓണത്തിനു മുൻപ് പ്രളയ അടിയന്തര സഹായം ലഭിക്കും

flood-relief-fund-distribution

തിരുവനന്തപുരം: കഴിഞ്ഞ മാസമുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവർക്കായി അടിയന്തര ധനസഹായവിതരണത്തിനു 100 കോടി രൂപ. ഓരോ കുടുംബത്തിനും 10,000 രൂപ വീതമുള്ള ധനസഹായത്തിന്റെ വിതരണം ഇന്നു തുടങ്ങും. ഓണത്തിനു മുൻപ് മുഴുവൻ പേർക്കും സഹായം എത്തിക്കണമെന്നു സർക്കാർ നിർദേശം നൽകി.

സംസ്ഥാന സർക്കാരിന്റെ ദുരന്തപ്രതികരണനിധിയിൽ നിന്ന് ഇതിനായി 47.98 കോടി രൂപ അനുവദിച്ചു. പ്രളയകാലത്ത് ആകെ 90,000 കുടുംബങ്ങൾ ദുരിതാശ്വാസക്യാംപുകളിലെത്തിയെന്നാണു കണക്ക്. ബാക്കിയുള്ളവരുടെ പട്ടിക ഉടൻ ലഭ്യമാക്കാൻ കലക്ടർമാർക്കു നിർദേശം നൽകിയിട്ടുണ്ട്. ധനസഹായം വേഗത്തിൽ ലഭ്യമാക്കാൻ പ്രളയബാധിതരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു ട്രഷറി വഴി നേരിട്ടാണു തുക നൽകുന്നത്. കഴിഞ്ഞവർഷം പ്രളയത്തിനു ശേഷം കലക്ടർമാർക്കും പിന്നീട് താലൂക്ക് ഓഫിസുകൾക്കും തുക കൈമാറിയാണ് പ്രളയബാധിതർക്ക് എത്തിച്ചത്.

പ്രളയകാലത്ത് ബന്ധുവീടുകളിലേക്കും മറ്റും താമസം മാറിയവർക്കും സഹായം നൽകും. ഏകദേശം 10,000 കുടുംബങ്ങൾ ഇങ്ങനെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറിയെന്നാണു പ്രാഥമികവിലയിരുത്തൽ. ഇവരുടെ പട്ടിക തയാറാക്കാൻ പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസർ, പഞ്ചായത്ത് എൻജിനീയർ, സന്നദ്ധപ്രവർത്തകൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീടുകളിലെത്തി പരിശോധന നടത്തും. വിവരശേഖരണത്തിനായി ഐടി മിഷൻ റീബിൽഡ് കേരള എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിട്ടുണ്ട്. പ്രളയത്തിലും ഉരുൾപൊട്ടലിലും വീടുകൾക്കുണ്ടായ നാശനഷ്ടവും ഇതിനൊപ്പം വിലയിരുത്തും. കഴിഞ്ഞ തവണത്തെപ്പോലെ പരാതികൾക്ക് ഇടനൽകാതിരിക്കാൻ രേഖകളുടെയും നാശനഷ്ടത്തിന്റെയും ചിത്രങ്ങൾ പകർത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതുകൂടി വിലയിരുത്തിയാണു നഷ്ടപരിഹാരത്തുക നിശ്ചയിക്കുക.

Loading...

Leave a Reply

Your email address will not be published.

More News