Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:55 pm

Menu

Published on January 29, 2018 at 2:34 pm

ആകാശത്തുനിന്ന് വീണ ‘അത്ഭുത വസ്തു’ പങ്കിട്ടെടുത്തു; പറ്റിയത് വന്‍ അബദ്ധം

frozen-human-waste-falls-sky-india-village

വലിയ ശബ്ദത്തോടെ ഗുഡ്ഗാവിലെ വയലില്‍ പതിച്ച അത്ഭുത വസ്തു കണ്ട നാട്ടുകാര്‍ ആദ്യം ഒന്ന് അമ്പരന്നു. പിന്നീട് അന്യഗ്രഹ വസ്തുവാണെന്ന് ധരിച്ച് ആ ‘അമൂല്യ’ വസ്തു എല്ലാവരും ചേര്‍ന്ന് പങ്കിട്ടെടുത്തു. ചിലര്‍ ഇത് ഫ്രിഡ്ജില്‍ വരെ സൂക്ഷിച്ചു. എന്നാല്‍ സത്യമറിഞ്ഞതോടെയാണ് പറ്റിയ അബദ്ധം എല്ലാവര്‍ക്കും മനസിലായത്.

ഇതെ കുറിച്ച് അധികൃതരെ അറിയിച്ച് അവര്‍ പരിശോധിച്ചതോടെയാണ് ഈ ‘അമൂല്യ’ വസ്തു എന്തെന്ന് നാട്ടുകാര്‍ തിരിച്ചറിയുന്നത്. അത് വേറൊന്നുമല്ല, വിമാനത്തില്‍ നിന്ന് വീണ മനുഷ്യ വിസര്‍ജ്യമായിരുന്നു.

ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലെ ഫസില്‍പുര്‍ ബഡ്ലി ഗ്രാമത്തിലെ വയലില്‍ ആകാശത്തു നിന്ന് ഐസ് കട്ടയോട് സദൃശ്യമുള്ള കനത്തിലുള്ള വസ്തു വന്നുപതിക്കുന്നത്. വന്നു പതിച്ച ആഘാതത്തില്‍ വസ്തു പൊട്ടി തകരുകയായിരുന്നു. ഈ അവശിഷ്ടങ്ങളാണ് പ്രദേശവാസികള്‍ ചേര്‍ന്ന് പങ്കിട്ടെടുത്തത്.

ബല്‍വാന്‍ എന്ന കര്‍ഷകന്റെ ഗോതമ്പുപാടത്ത് പതിച്ച ഈ വസ്തുവിന് എട്ട് കിലോയോളം ഭാരമുണ്ടായിരുന്നു. ഇത് എന്താണെന്ന് അറിയാതെ പരിഭ്രാന്തരായി നിന്നവര്‍ക്കിടയില്‍ പല അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. ചിലര്‍ കരുതി അത് ഉല്‍ക്കയാകാമെന്ന്. മറ്റുചിലര്‍ നിധിയെന്നും ചിലരാകട്ടെ എന്തെങ്കിലും അമൂല്യ ധാതുക്കളായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. പതിച്ച് രണ്ട് മണിക്കൂര്‍ കഴിഞ്ഞതോടെ ഈ വസ്തു ഉരുകാനും തുടങ്ങി.

ഇത് പതിച്ചിടത്ത് ആഴത്തിലുള്ള കുഴി രൂപപ്പെട്ടിരുന്നു. സംഭവം കര്‍ഷകര്‍ ഉടന്‍ പൊലീസില്‍ അറിയിച്ചു. ഉല്‍ക്കയാണെന്ന സംശയം ആളുകള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇന്ത്യന്‍ മെറ്റിറോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റി(ഐഎംഡി)നെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ ഐഎംഡി ഉദ്യോഗസ്ഥന്‍ എസ്.പി ധവാന്‍ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് കൊണ്ടുപോയി. തുടര്‍ന്നാണ് അത് മനുഷ്യ വിസര്‍ജ്യമാണെന്ന് മനസിലാക്കുന്നത്.

വിമാനങ്ങളില്‍ നിന്നും പതിക്കുന്ന മനുഷ്യ വിസര്‍ജ്യങ്ങളെ ‘ബ്ലൂ ഐസ്’ എന്നാണ് പറയുന്നത്. വിസര്‍ജ്യവും വിമാനത്തിലെ ടോയിലറ്റില്‍ ഉപയോഗിക്കുന്ന ഡിസിന്‍ഫക്ടന്റുകളും ഒത്തുചേര്‍ന്ന മിശ്രിതമാണ് താഴേക്ക് പതിക്കുന്നത്. ഇത് ദ്രാവകമായാണ് താഴേക്ക് പതിക്കുന്നതെങ്കിലും അത്ര ഉയരത്തില്‍ അന്തരീക്ഷത്തിലെ തണുപ്പ് കാരണം തണുത്തുറഞ്ഞ് മഞ്ഞുകട്ടയായാണ് ഇത് നിലത്തെത്തുക. ഭാരമുള്ള ഇത്തരം വസ്തുക്കള്‍ വാമനത്തില്‍ നിന്നും അത്ര ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്നത് മൂലം കനത്ത നാശനഷ്ടങ്ങളാണ് സംഭവിക്കുന്നത്.

വിമാനങ്ങളില്‍ നിന്ന് മനുഷ്യ വിസര്‍ജ്യം താഴെ പതിച്ചാല്‍ വിമാനക്കമ്പനികള്‍ 50,000 രൂപ പിഴ നല്‍കണമെന്ന് ഉത്തരവാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് നല്‍കി പത്ത് ദിവസത്തിന് ശേഷമാണ് സംഭവം നടന്നിരിക്കുന്നത്.

2006 ഡിസംബര്‍ 20 നാണ് ട്രിബ്യൂണല്‍ ഇത്തരത്തിലുള്ള ഉത്തരവ് ആദ്യമായി പുറത്തിറക്കുന്നത്. ഈ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള സര്‍ക്കുലറാണ് കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് നല്‍കിയത്.

നേരത്തേയും ഇതുപോലുള്ള സ്ഥങ്ങളില്‍ ബ്ലൂ ഐസ് വീണ് ഏവരിലും ആശങ്കയും കൗതുകവുമണര്‍ത്തിയ സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബ്ലൂ ഐസ് വീണ് ഭോപ്പാലില്‍ വീട്ടമ്മയുടെ തോളെല്ലിന് പരുക്കേറ്റ വാര്‍ത്തയും ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News