Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ് കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ‘മൂത്തോന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍.
ചിത്രത്തിലെ നിവിന്റെ കിടിലന്‍ ഗെറ്റപ്പ് ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. തല മൊട്ടയടിച്ച് പരുക്കന്‍ ഗെറ്റപ്പിലാണ് നിവിന്‍ പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡിലെ ഹിറ്റ് സംവിധായകന്‍ അനുരാഗ് കശ്യപും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
തമിഴ്താരം ധനുഷ് ഉള്‍പ്പടെയുള്ളവര്‍ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഗീതു മോഹന്‍ദാസ് തന്നെയാണ്. ഭര്‍ത്താവ് രാജീവ് രവിയാണ് ക്യാമറ.
ഒരു സാഹസിക സിനിമയുടെ സ്വഭാവത്തിലായിരിക്കും മൂത്തോനെന്ന് ചിത്രത്തിന്റെ സംവിധായിക ഗീതു മോഹന്‍ദാസ് വെളിപ്പെടുത്തി. മൂത്തോന്‍ തന്റെ ആദ്യ മലയാളം ഫീച്ചര്‍ ഫിലിം ആയാണ് പുറത്ത് വരുന്നത്. മലയാളത്തിലൊരു സിനിമ ചെയ്യുന്നതിന്റെ പരിഭ്രമവും എക്സൈറ്റ്മെന്റും തീര്‍ച്ചയായും ഉണ്ടെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.
ചിത്രത്തില്‍ നായകനായി നിവിന്‍ പോളി തന്നെ ആദ്യമേ മനസ്സിലുണ്ടായിരുന്നുവെന്നും ഗീതു പറഞ്ഞു. കഥ എഴുതിവന്നപ്പോള്‍ താന്‍ രൂപപ്പെടുത്തിയ കഥാപാത്രത്തിന് ഏറ്റവും യോജിക്കുന്നത് നിവിനാണെന്ന് തോന്നിയിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൂടാതെ താന്‍ പറയാന്‍ ആഗ്രഹിക്കുന്ന കഥ പറച്ചില്‍ രീതിയെ പ്രേക്ഷകര്‍ എങ്ങനെ എടുക്കുമെന്ന പേടിയുണ്ടെന്നും ഗീതു പറഞ്ഞു. മുന്‍വിധിയൊന്നുമില്ലാതെ സിനിമ ചെയ്യുകയാണ്. സ്വീകരിക്കപ്പെടും എന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും ഗീതു കൂട്ടിച്ചേര്‍ത്തു.
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് മൂത്തോന്‍. 2009ല്‍ പുറത്തിറങ്ങിയ ഹ്രസ്വചിത്രം ‘കേള്‍ക്കുന്നുണ്ടോ’ ആയിരുന്നു ആദ്യത്തേത്. കൂടാതെ 2014ല്‍ ഹിന്ദിയില്‍ ലയേഴ്‌സ് ഡൈസ് എന്ന ചിത്രമൊരുക്കി നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിരുന്നു ഗീതു.
Leave a Reply