Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവല്ല: നടുറോഡിൽ വിദ്യാർഥിനിയെ കുത്തിപ്പരുക്കേൽപിച്ചശേഷം പെട്രോളൊഴിച്ചു കത്തിച്ചു. സ്വകാര്യ സ്ഥാപനത്തിൽ റേഡിയോളജി വിദ്യാർഥിനിയായ ഇരുപത്തൊന്നുകാരിയാണ് ആക്രമണത്തിന് ഇരയായത്. 60% പൊളളലേറ്റ പെൺകുട്ടിയെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എറണാകുളം മെഡിക്കൽ സെന്ററിലേക്കു മാറ്റി.
ആക്രമണം നടത്തിയ കുമ്പനാട് സ്വദേശി അജിൻ റെജി മാത്യു (18) വിനെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. ഇന്നലെ രാവിലെ 9.11ന് ചിലങ്ക ജംക്‌ഷനിൽ റെയിൽവേ സ്റ്റേഷൻ റോഡിലാണ് സംഭവം. വെച്ചൂച്ചിറ വിശ്വ ബ്രാഹ്മണ എൻജിനീയറിങ് കോളജിൽ രണ്ടാം സെമസ്റ്റർ വിദ്യാർഥിയാണ് അജിൻ. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ സഹപാഠികളായിരുന്നുവെന്നും വിദ്യാർഥിനി തിരുവല്ലയിലെത്തിയതോടെ പ്രണയത്തിൽനിന്നു പിൻമാറിയതാണ് ആക്രമണത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു.
രാവിലെ ചിലങ്ക ജംക്‌ഷനിൽ കാത്തുനിന്ന അജിൻ, ബസിറങ്ങി നടന്നുവന്ന വിദ്യാർഥിനിയുടെ പുറകെ എത്തി പിടിച്ചുനിർത്തുന്ന ദൃശ്യം എതിർവശത്തെ സ്ഥാപനത്തിന്റെ സിസിടിവിയിൽ നിന്നു പൊലീസിനു ലഭിച്ചു. ഇരുവരും 10 സെക്കൻഡ് സംസാരിച്ചു. ഇതിനിടെ അജിൻ കത്തിയെടുത്തു വിദ്യാർഥിനിയെ കുത്തുകയും കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.
സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറും ടയർ കടയിലെ തൊഴിലാളിയും വെള്ളമൊഴിച്ചു തീ കെടുത്തിയെങ്കിലും വിദ്യാർഥിനി പുറകോട്ടു മറിഞ്ഞുവീണു. ഇവർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. വിദ്യാർഥിനിയുടെ ദേഹത്തു തീ പടരുന്നത് അക്ഷോഭ്യനായി നോക്കിനിന്ന അജിനെ നാട്ടുകാർ പിടികൂടി ഷർട്ട് അഴിച്ച് കൈകൾ കൂട്ടിക്കെട്ടി. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കൈവശമുണ്ടായിരുന്ന ബാഗിൽ 3 കുപ്പികളിലായി പെട്രോളിനു പുറമെ കയർ, ഒരു കുപ്പി ബീയർ, പിച്ചാത്തി എന്നിവ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
Leave a Reply