Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗുരുവായൂര്‍: ഇക്കഴിഞ്ഞ ഞായറാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയിടഞ്ഞു പാപ്പാനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം നടത്തേണ്ട ഉദ്യോഗസ്ഥനെ ഇന്നു തീരുമാനിക്കും.
പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുണ്ടായിരുന്ന കൊമ്പനെ എഴുന്നള്ളിപ്പിനയച്ച സാഹചര്യം പരിശോധിക്കും. മാത്രമല്ല കൊല്ലപ്പെട്ട പാപ്പാന്‍ സുഭാഷിനെ നാലു ദിവസം മുന്‍പു കൊമ്പന്‍ ശ്രീകൃഷ്ണന്‍ കുത്താന്‍ ശ്രമിച്ച സംഭവം മറച്ചുവച്ചുവെന്ന ആരോപണവും അന്വേഷണത്തിന്റെ പരിധിയില്‍ വരും.
ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ ഏഴോടെ ശീവേലിക്കിടെയാണ് ഇടഞ്ഞ ശ്രീകൃഷ്ണന്‍ എന്ന ആന പാപ്പാനെ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ പാപ്പാന്‍ പെരിങ്ങോട് കോതച്ചിറ വെളുത്തേടത്ത് സുഭാഷ് (37) വൈകിട്ട് അഞ്ചുമണിയോടെ തൃശൂര്‍ അമല ആശുപത്രിയില്‍ മരിക്കുകയായിരുന്നു. ആനയിടഞ്ഞതോടെ ഭക്തരെ പുറത്താക്കി രണ്ടു മണിക്കൂര്‍ ദര്‍ശനം നിര്‍ത്തിവച്ചിരുന്നു.
എഴുന്നള്ളിപ്പിന്റെ രണ്ടാമത്തെ പ്രദക്ഷിണം അയ്യപ്പന്റെ അമ്പലത്തിനടുത്ത് എത്തിയപ്പോഴാണ് ശ്രീകൃഷ്ണന്‍ ഇടഞ്ഞ് സുഭാഷിനെ കുത്തിയത്. ആനയുടെ മൂന്നാംപാപ്പാനാണ് സുഭാഷ്. ശ്രീകൃഷ്ണന്‍ ഇടഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന രവികൃഷ്ണ, ഗോപീകണ്ണന്‍ എന്നീ കൊമ്പന്‍മാര്‍ പരിഭ്രമിച്ചോടിയിരുന്നു.
ഇതിനു പിന്നാലെ ക്ഷേത്രത്തില്‍ രാത്രി വിളക്കെഴുന്നള്ളിപ്പിനു ഞായറാഴ്ച മുതല്‍ ഒരു ആന മാത്രമാക്കി. രാവിലത്തെ ശീവേലിക്കു മൂന്ന് ആനകളെ എഴുന്നള്ളിക്കും. ആനകളെ എഴുന്നള്ളിക്കുന്ന സമയത്ത് അതത് ആനകളുടെ പാപ്പാനെ കൂടാതെ വിദഗ്ധരായ അഞ്ചു പേരെ കൂടി ക്ഷേത്രത്തില്‍ നിയമിച്ചു. ആനകളെ നിരീക്ഷിക്കുന്നതിനും അപകടാവസ്ഥയുണ്ടായാല്‍ പരിഹാരമുണ്ടാകുന്നതിനുമാണിത്.
Leave a Reply