Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ഏതാനും ഹോളിവുഡ് നടിമാര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ‘മി ടൂ’ എന്ന ക്യാംപെയ്ന്‍ പോലും ആരംഭിക്കുന്നത്.
ഹാര്‍വിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ഒരുവിധത്തില്‍ കെട്ടടങ്ങിയെന്ന അവസ്ഥയില്‍ നില്‍ക്കെയാണ് ഇപ്പോള്‍ പുതിയൊരു അടിയേറ്റിയിരിക്കുന്നത്. അതും ഹോളിവുഡിലെ ഒന്നാം നിര നടിയില്‍ നിന്ന്.
ഫ്രിദ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ നോമിനേഷന്‍ ഉള്‍പ്പെടെ സ്വന്തമാക്കിയ സല്‍മ ഹയക് ആണ് ഹാര്‍വിക്കെതിരെ പുതുതായി രംഗത്തെത്തിയിരിക്കുന്നത്.
തനിക്ക് ഏറെ പ്രശസ്തി നേടിത്തന്ന ഫ്രിദ എന്ന ചിത്രത്തിന്റെ പേരില്‍ ഒരിക്കല്‍പ്പോലും സന്തോഷിച്ചിട്ടില്ലെന്ന് ന്യൂയോര്‍ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ സല്‍മ പറയുന്നു. ഈ ലേഖനമാണ് ഇപ്പോള്‍ ചലച്ചിത്രലോകത്തെ പ്രധാന ചര്‍ച്ചാവിഷയം.
നരകത്തിലെന്ന പോലെയാണ് ആ ചിത്രത്തില്‍ അഭിനയിച്ചതെന്നും 2002ലിറങ്ങിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹാര്‍വിയുടെ ലൈംഗികമോഹങ്ങളെ തൃപ്തിപ്പെടുത്തിക്കൊടുക്കാത്തതിന്റെ പേരില്‍ ജീവനു വരെ ഭീഷണിയുണ്ടായിരുന്നുവെന്നും ‘ഹാര്‍വി വെയ്ന്‍സ്റ്റീന്‍ ഈസ് മൈ മോണ്‍സ്റ്റര്‍ ടൂ’ എന്ന ലേഖനത്തില്‍ സല്‍മ പറയുന്നു.
ഹാര്‍വിയുടെ മിറാമാക്സ് കമ്പനിയായിരുന്നു ഫ്രിദയുടെ വിതരണം. ചിത്രത്തിലേക്കു തന്നെ ക്ഷണിച്ചപ്പോള്‍ ഹാര്‍വിയോട് ഏറെ ബഹുമാനം തോന്നിയെന്നും സല്‍മ പറയുന്നു.
പ്രതിഭാശാലിയായ, നല്ല കുടുംബസ്ഥനായ, വിശ്വസിക്കാവുന്ന ഒരു സുഹൃത്ത് എന്നായിരുന്നു ഹാര്‍വിയെപ്പറ്റി ആദ്യം കരുതിയതെങ്കിലും ഒരിക്കലും സമ്മതിച്ചുകൊടുക്കാന്‍ സാധിക്കാത്ത തരം ആവശ്യങ്ങളുമായി തന്നെ പലയിടത്തും വച്ച് സമീപിച്ചതോടെ ആ ധാരണയെല്ലാം മാറിയെന്നും സല്‍മ കൂട്ടിച്ചേര്‍ത്തു.
എല്ലാ ദിവസവും രാത്രി ഹോട്ടലിലെത്തി വാതില്‍ തുറന്നുകൊടുക്കാന്‍ പറഞ്ഞു. സമ്മതിച്ചില്ല. അതോടെ ഫ്രിദയുടെ സെറ്റില്‍ സ്ഥിരം സന്ദര്‍ശകനായി. തന്റെ എല്ലാ ചിത്രങ്ങളുടെയും ലൊക്കേഷനിലും ഹോട്ടലുകളിലും അപ്രതീക്ഷിത സന്ദര്‍ശനങ്ങളായി.
തന്റെയൊപ്പം കിടക്ക പങ്കിടാന്‍ സല്‍മയെ ക്ഷണിച്ചു അയാള്‍. ഒപ്പം കുളിയ്ക്കണമെന്നും അല്ലെങ്കില്‍ കുളിക്കുന്നത് കണ്ടു നില്‍ക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു, സല്‍മ കുറിച്ചു.
ഹാര്‍വിയും ഒരു സുഹൃത്തും നഗ്‌നരായി മസാജ് ചെയ്തു തരാമെന്നു പറഞ്ഞു. മറ്റൊരു സ്ത്രീയുമൊത്ത് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെല്ലാറ്റിനോടും ഇല്ല, ഇല്ല, ഇല്ല, ഇല്ല എന്നു തന്നെയായിരുന്നു മറുപടി. സംവിധായകന്‍ ക്വന്റിന്‍ ടറന്റിനോയോടും ഒപ്പം ജോര്‍ജ് ക്ലൂണിയോടും തനിക്ക് അടുപ്പമുണ്ടായിരുന്നതു കൊണ്ടായിരിക്കണം തന്നെ ബലാത്സംഗം ചെയ്യാന്‍ ഹാര്‍വി ശ്രമിക്കാതിരുന്നതെന്നും സല്‍മ ചൂണ്ടിക്കാട്ടുന്നു.
കിടക്ക പങ്കിടാന്‍ ക്ഷണിച്ചു പരാജയപ്പെട്ടപ്പോള്‍ പിന്നെ വധഭീഷണിയായെന്നും സല്‍മ പറഞ്ഞു. അതിനിടെ ഷൂട്ടിങ്ങിലും ഹാര്‍വി ഇടപെടാന്‍ തുടങ്ങി. തന്റെ അഭിനയം ശരിയല്ലെന്നു പറഞ്ഞ് സെറ്റിലെ മറ്റുള്ളവരുടെ മുന്നില്‍ വച്ച് തുടര്‍ച്ചയായി വഴക്കു പറഞ്ഞു. തിരക്കഥ തിരുത്തിയെഴുതാന്‍ വരെ നിര്‍ദേശിച്ചു. ഒരു നഗ്‌നരംഗം എഴുതിച്ചേര്‍ത്തു. അങ്ങനെയാണ് നടി ആഷ്ലി ജൂഡുമൊത്തുള്ള ഫ്രിദയിലെ കിടപ്പറ രംഗം ഉള്‍പ്പെടുത്തുന്നതെന്നും സല്‍മ പറയുന്നു.
Leave a Reply