Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 12:29 am

Menu

Published on August 14, 2019 at 10:25 am

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു..

heavy-rain-alert-by-weather-forecast-flood

തിരുവനന്തപുരം: രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിക്കുന്നതുകൊണ്ടാണിത്. കഴിഞ്ഞദിവസങ്ങളിൽ കനത്ത ദുരന്തംവിതച്ച മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ 24 മണിക്കൂറിനുള്ളിൽ 204 മില്ലീമീറ്ററിൽ കൂടുതൽ മഴപെയ്യാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മില്ലീമീറ്റർ വരെ) അതിശക്തമായതോ (115 മുതൽ 204.5 വരെ മില്ലീമീറ്റർ) ആയ മഴയ്ക്ക് സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രതപാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

ഓഗസ്റ്റ് 17-നു ശേഷം മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. എറണാകുളം ജില്ലയിൽ ബുധനാഴ്ചയും മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾക്ക് സാധ്യത കൂടുമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും നിർദേശിച്ചു.

താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ തുടങ്ങണം. മാറിത്താമസിക്കേണ്ട സാഹചര്യം വരുകയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിതസ്ഥാനത്തേക്കു മാറാൻ ജനങ്ങൾ തയ്യാറാകണമെന്നും ദുരന്തനിവാരണ അതോറിറ്റി അഭ്യർഥിച്ചു. ശക്തമായ തിരമാലയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മൂന്നുദിവസത്തേക്ക് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട്.

നിലമ്പൂർ കവളപ്പാറ ഉരുൾപൊട്ടിയ ഭാഗത്ത് ചൊവ്വാഴ്ച നടത്തിയ തിരച്ചിലിൽ നാലു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. പൂതാനി അബ്ദുൾ കരീമിന്റെ ഭാര്യ സക്കീന (49), തിരിച്ചറിയാത്ത രണ്ട് പുരുഷന്മാർ, സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാത്ത മറ്റൊരാളുടെ മൃതദേഹവുമാണ് കണ്ടെടുത്തത്. സക്കീനയുടെ മൃതദേഹത്തിന്റെ പകുതിമാത്രമേ കിട്ടിയുള്ളൂ. ഇതോടെ കവളപ്പാറ ദുരന്തത്തിൽ 23 മൃതദേഹങ്ങൾ കണ്ടെടുത്തു. രാത്രി ഏഴരയോടെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്. അടുത്തദിവസങ്ങളിലും തിരച്ചിൽ തുടരും.

മഴക്കെടുതിയിൽ അഞ്ചുദിവസത്തിനിടെ 100 പേർ മരിച്ചു. സർക്കാരിന്റെ കണക്കിൽ മരണം 91 ആണ്. 51 പേരെകൂടി ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച തൃശ്ശൂരിൽ മൂന്നുപേരും ആലപ്പുഴയിൽ ഒരാളും മരിച്ചു. സംസ്ഥാനത്താകെ 1057 വീടുകൾ പൂർണമായും 11,159 വീടുകൾ ഭാഗികമായും തകർന്നു. 1239 ദുരിതാശ്വാസ ക്യാമ്പുകളിലായുള്ളത് 2,26,491 പേർ.

Loading...

Leave a Reply

Your email address will not be published.

More News