Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 1:37 pm

Menu

Published on June 28, 2017 at 10:42 am

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു; ജാഗ്രതാ നിര്‍ദേശം, കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

heavy-rain-in-kerala-warning

കൊച്ചി: സംസ്ഥാനത്തു കാലവര്‍ഷം ശക്തമായതോടെ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. വരുന്ന 24 മണിക്കൂറില്‍ വിവിധ കേന്ദ്രങ്ങളില്‍ ഏഴു മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുളളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

വ്യാഴാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍, ജില്ലാകളക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.

ചിലയിടങ്ങളില്‍ 20 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കാനും സാധ്യതയുളളതായി മുന്നറിയിപ്പുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ ജില്ലയില്‍ പ്രഫഷണല്‍ കോളജുകള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധിയായിരിക്കും. കൊല്ലം, എറണാകുളം ജില്ലകളില്‍ പ്രഫഷണല്‍ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഇടുക്കി ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.

അതേസമയം, കനത്ത മഴ തുടരുന്നതിനാല്‍ മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കട്ടപ്പനയ്ക്കു സമീപം കാഞ്ചിയാര്‍ പഞ്ചായത്തിലെ പടുകയില്‍ ഇന്നലെ രണ്ടു തവണ ഉരുള്‍പൊട്ടി. ഒന്നര ഏക്കറിലെ കൃഷി നശിച്ചു. ആളപായം ഇല്ല. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങള്‍ വെള്ളം കയറിയ അവസ്ഥയിലാണ്.

സെക്രട്ടേറിയറ്റ്, കളക്ടറേറ്റുകള്‍, താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍, ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി എന്നിവരുടെ സേവനം ലഭ്യമായിരിക്കും. തലസ്ഥാനത്തും ജില്ലകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News