Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 3:47 pm

Menu

Published on November 17, 2018 at 10:00 am

ഗുരുവായൂര്‍ ഏകാദശി വൃതം എടുക്കുന്നത് എന്തിന്??

how-observe-guruvayoor-ekadashi

മലയാളികള്‍ നോല്‍ക്കുന്ന വ്രതങ്ങളും ഒരിക്കലുകളുമെല്ലാം ഏറെയുണ്ട്. മിക്കവാറും എല്ലാ മത വിഭാഗങ്ങള്‍ക്കും ഇത്തരം ഒരിക്കലുകളും വ്രതാനുഷ്ഠാനങ്ങളുമെല്ലാം ഉണ്ടു താനും. ഹിന്ദുക്കള്‍ നോല്‍ക്കുന്ന വ്രതങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഏകാദശി വ്രതം. ഗുരുവായൂര്‍ ഏകാദശി, തൃപ്രയാര്‍ ഏകാദശി, വൈകുണ്ഠ ഏകാദശി എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. ഇതില്‍ തന്നെ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഗുരുവായൂര്‍ ഏകാദശി.ഈ വര്‍ഷം നവംബര്‍ 19നാണ് ഇത്.

ഹരിബോധിനി, ഉത്ഥാന ഏകാദശി എന്നിങ്ങനെയെല്ലാം ഗുരുവായൂര്‍ ഏകാദശി അറിയപ്പെടുന്നുണ്ട്. ഈ ഏകാദശി പുണ്യമാക്കാന്‍, കൃത്യമായി ഇതു നോല്‍ക്കാന്‍ വേണ്ട പല ചിട്ടകളുമുണ്ട്. വൃശ്ചിക മാസത്തിലെ ഗുക്ലപക്ഷ ഏകാദശിയിയാണ് ഗുരുവായൂര്‍ ഏകാദശിയായി കണക്കാക്കുന്നത്. ഏകാദശി ദിവസം ഗുരുവായൂര്‍ ക്ഷേത്ര നട അടയ്ക്കാറില്ല. ഏകാദശിയുടെ മുന്‍പായുള്ള ദിവസം ദശമി എന്നാണ് അറിയപ്പെടുന്നത്. ഈ ദിവസം നട തുറന്ന് ഏകാദശി കഴിയുന്ന ദിവസത്തിന്റെ പിറ്റേന്ന്, അതായത് ദ്വാദശി ദിവസമാണ് നട അടയ്ക്കാറ്. ദശമി ദിവസം വെളുപ്പിനു 3നു തുറക്കുന്ന നട ദ്വാദശി ദിവസം 9നാണ് അടയ്ക്കുക.

ദുഷ്‌നിഗ്രഹത്തിനായി ഭഗവാന്‍ വിഷ്ണുവില്‍ നിന്നും ഉടലെടുത്ത ദേവതയാണ് ഏകാദശി. ഇവരുടെ സല്‍പ്രവൃത്തികളില്‍ സംപ്രീതനായ വിഷ്ണു ഭഗവാന്‍ ഏകാദശി നാളില്‍ വ്രതം നോല്‍ക്കുന്നവര്‍ക്ക് പുണ്യവും ഐശ്വര്യവും ഉണ്ടാകുമെന്ന അനുഗ്രഹം നല്‍കിയെന്നാണു വിശ്വാസം. കൃഷ്ണന്‍ അര്‍ജുനന് ഗീതോപദേശം നല്‍കിയ ദിവസമാണ് ഏകാദശി എന്നാണ് വിശ്വാസം. ഏകാദശി വ്രതം എങ്ങനെ നോല്‍ക്കണം എന്നതു സംബന്ധിച്ചും കൃഷ്ണന്‍ അര്‍ജുനന് ഉപദേശം നല്‍കിയെന്നു പറയപ്പെടുന്നു. ഭഗവാന്‍ വിഷ്ണു നിദ്രയില്‍ നിന്നും ഉണര്‍ന്നെഴുന്നേറ്റ ദിവസം കൂടിയാണ് ഇത്. ഈ ഏകാദശി നോറ്റാല്‍ പര്‍വ്വത തുല്യമായ പാപം പോലും നശിയ്ക്കുമെന്നു സ്‌കന്ദപുരാണത്തില്‍ പറയുന്നു. വൈകുണ്ഠനാഥന്‍ അതായതു വിഷ്ണു ഭഗവാന്‍ ഇന്നേ ദിവസം വൈകീട്ടോടെ ഗുരുവായൂര്‍ അമ്പലത്തിലേയ്‌ക്കെത്തുമെന്നാണു വിശ്വാസം. എല്ലാ ദേവദേവന്മാരും ഇന്നേ ദിവസം ഗുരുവായൂര്‍ അമ്പലത്തില്‍ എത്തുമെന്നാണ് പൊതുവേ വിശ്വാസം.

സുരഭിയെന്ന പശുവുമായി ഇന്ദ്രദേവന്‍ വൃന്ദാവനത്തില്‍ എത്തിയതും സുരഭി പാല്‍ ചുരത്തി കൃഷ്ണാഭിഷേകം നടത്തിയതുമെല്ലാം ഇന്നേ ദിവസമാണെന്നു വിശ്വാസം. താന്ത്രിക ചടങ്ങില്ലാതെ ഭഗവാന്‍ ഭക്തജനങ്ങളെ നേരില്‍ കണ്ട് അനുഗ്രഹിയ്ക്കാന്‍ എത്തുന്ന, മേല്‍പ്പത്തൂര്‍, ശങ്കരാചാര്യര്‍, കുറൂരമ്മ, വില്വമംഗലം, പൂന്താനം തുടങ്ങിയ ഭക്തര്‍ക്കു ദര്‍ശനം ലഭിച്ച ദിനം കൂടിയാണ് ഗുരുവായൂര്‍ ഏകാദശി. ഇന്നത്തെ ക്ഷേത്ര ചടങ്ങുകള്‍ ഈ വിധം ശങ്കരാചാര്യര്‍ ചിട്ടപ്പെടുത്തിയതും ഇന്നേ ദിവസമാണെന്നാണു വിശ്വാസം. സ്വരം നഷ്ടപ്പെട്ട ചൈമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്കു സ്വരം തിരികെ ലഭിച്ചതും അദ്ദേഹം ശിഷ്യരോടൊത്ത് ഇവിടെ വന്നു കച്ചേരി നടത്തിയതും ഇന്നേ ദിവസമെന്നു വിശ്വാസം.

മുഴുവന്‍ സമയവും ക്ഷേത്ര നട തുറന്നിരിയ്ക്കുന്ന ദിവസവും ക്ഷേത്ര പ്രതിഷ്ഠ നടത്തിയ ദിവസവുമെല്ലാമാണ് ഇത്. മേല്‍പ്പത്തൂര്‍ നാരായണീയം ഭഗവത് സന്നിധിയില്‍ സമര്‍പ്പിച്ചതും ഈ ദിവസം തന്നെയാണ്. ഏകാദശി നോല്‍ക്കുന്നതിന് കൃത്യമായ ചിട്ടകളുണ്ട്. കഠിനമായ ചിട്ടകള്‍ എന്നു പറയാം. ഏകാദശി ദിവസത്തിനു തൊട്ടു മുന്‍പുള്ള ദ്വാദശി ദിവസവും പ്രധാനമാണ്. ഒരിക്കല്‍, അതായത് ഒരു നേരം മാത്രം ആഹാരം കഴിച്ചു വ്രതം നോല്‍ക്കുന്നവരും ഉണ്ട്.

ഏകാശദി ദിവസം

* ഏകാശദി ദിവസം ഏഴര വെളുപ്പിന് എഴുന്നേററു കുളി കഴിഞ്ഞു ഭഗവാന്‍ വിഷ്ണുവിനെ പൂജിയ്ക്കുക. ഇതിനു ശേഷം ക്ഷേത്രത്തിലെ തുളിസീതീര്‍ത്ഥമോ വീട്ടിലുണ്ടാകുന്ന തുളസീ തീര്‍ത്ഥമോ സേവിയ്ക്കാം. ഇതിനു ശേഷം മാത്രമേ ജലപാനം പാടൂ. വിഷ്ണുവിന് ഏറെ പ്രിയമായ സസ്യമാണ് തുളസി. തുളസിയും പൂക്കളും പഴങ്ങളുമെല്ലാം വിഷ്ണു ഭഗവാന് സമര്‍പ്പിയ്ക്കുന്നതു നല്ലതാണ്. വിഷ്ണുവെന്നാല്‍ കൃഷ്ണന്‍ തന്നെ.
* ദിവസം മുഴുവന്‍ ഭക്ഷണം കഴിയ്ക്കാതെ വ്രതം എന്നതാണ് കൃത്യമായ രീതി. ജലപാനാകാം. ഇതിനു ബുദ്ധിമുട്ടെങ്കില്‍ ഫലവര്‍ഗങ്ങള്‍ കഴിയ്ക്കാം.
* ഒരു നേരം മാത്രം ഭക്ഷണം കഴിയ്ക്കുന്നവരുമുണ്ട്. എന്നാല്‍ അരിയാഹാരം നിഷിദ്ധമാണ്. അരി മാത്രമല്ല, ധാന്യങ്ങളൊന്നും തന്നെ കഴിയ്ക്കരുതെന്നതാണ് വാസ്തവം. എന്നാല്‍ നാം സാധാരണ ഗോതമ്പു വിഭവങ്ങളും കൂവനൂറും റവയുമല്ലൊം കഴിയ്ക്കാറുണ്ട്. യഥാര്‍ത്ഥത്തിലെ ചിട്ട ഇവയൊന്നും പാടില്ലെന്നതാണ്. അരി ഭക്ഷണം മാത്രം ഉപേക്ഷിച്ചു മറ്റു ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതു പകുതി വ്രതമാണെന്നാണു പറയുക.
* ഉള്ളി, വെളുത്തുള്ളി, തേന്‍, മത്സ്യ മാംസാദികള്‍, മദ്യം, പുകവലി എന്നിവ പാടില്ല. എണ്ണയും ഉപയോഗിയ്ക്കരുതെന്നു പറയും. ഇതുപോലെ സ്റ്റീല്‍ പാത്രത്തിലും ഭക്ഷണം അരുതെന്നതാണ് ചിട്ട.
* കുളിച്ചു വൃത്തിയായ ശേഷം മാത്രം തയ്യാറാക്കുന്ന ഭക്ഷണമേ അന്നേ ദിവസം കഴിയ്ക്കാവൂ. തലേന്നത്തെ ഭക്ഷണം, എച്ചിലായവ, ബാക്കി വച്ചവ, കുളിയ്ക്കാത്തവരും അശുദ്ധിയുള്ളവരുമുണ്ടാക്കിയ ഭക്ഷണം എന്നിവ കഴിയ്ക്കരുതെന്നാണ് പ്രമാണം.
അന്നേ ദിവസം വിഷ്ണു സഹസ്ര നാമം, വിഷ്ണു അഷ്ടോത്തരം എന്നിവയെല്ലാം ജപിയ്ക്കാം. ഇതിനൊന്നും സാധിച്ചില്ലെങ്കില്‍ നാരായണാ, കൃഷ്ണാ ഗുരുവായൂരപ്പാ തുടങ്ങിയ മന്ത്രങ്ങള്‍ മനസിലെങ്കിലും ഉരുവിടുക. നിലവളിക്കിനു മുന്നില്‍ ഇരുന്നു നാമാര്‍ച്ചന നടത്തുന്നതാണ് ശരിയായ രീതി. ക്ഷേത്ര ദര്‍ശനവും ഇന്നേ ദിവസം ഏറെ പ്രധാനമാണ്. ഏകാദശി നോല്‍ക്കുന്നവര്‍ പകല്‍ സമയം ഉറങ്ങാന്‍ പാടില്ലെന്നതാണു പ്രമാണം.

തുളസി

ഏകാദശി ദിവസം തുളസിയ്ക്കു വെള്ളമൊഴിയ്ക്കുക, തുളസിയെ പ്രദക്ഷിണം വയ്ക്കുക എന്നിവയെല്ലാം നല്ലതാണ്. തുളസിയില, തുളസിമാല ക്ഷേത്രത്തില്‍ നല്‍കാം, കൃഷ്ണനോ വിഷ്ണുവിനോ സമര്‍പ്പിയ്ക്കാം. തുളസിയെ മൂന്നു തവണ പ്രദക്ഷിണം വയ്ക്കുമ്പോള്‍ പ്രസിദ തുളസീ ദേവീ, പ്രസീദ ഹരിവല്ലഭേ, ക്ഷീരോദ മഥനോദ്ഭുതേ, തുളസീ ത്വം നമാമ്യഹം എന്ന മന്ത്രം ഉരുവിടുന്നത് ഏറെ നല്ലതാണ്.

ഏകാശദി വ്രതം

ഏകാശദി വ്രതം പാരണ വീടുന്നത് എന്നാണു പറയുക. അതായത് അവസാനിപ്പിയ്ക്കുന്നത്. ഇത് പിറ്റേന്നു ദ്വാദശി നാളിലാണ്. രാവിലെ കുളിച്ചു വിളക്കു വച്ചു പൂജ ചെയ്തു നാമം ജപിച്ച് തുളസീതീര്‍ത്ഥം സേവിച്ചു വേണം, പാരണ വീടാന്‍.

ദ്വാദശിപ്പണ സമര്‍പ്പണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദ്വാദശിപ്പണ സമര്‍പ്പണം എന്ന ഒന്നുണ്ട്. ദ്വാദശി ദിവസം ഭക്തര്‍ ഇവിടെയെത്തി ഭഗവാന് കാണിക്ക സമര്‍പ്പിയ്ക്കുന്നു. ഇത് ഏറെ വിശേഷപ്പെട്ട ചടങ്ങാണ്.

ആനയൂട്ടും

ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ട ആനയായ ഗുരുവായൂര്‍ കേശവന്‍ ചരിഞ്ഞതും ഇതേ ദിവസമാണ്. ആനകളുടെ ഉടമസ്ഥാനായി കണക്കാക്കുന്നതു ഗുരുവായൂരപ്പനെയാണ്. ഇതു കൊണ്ടു തന്നെ ഇന്നേ ദിവസം ആനയൂട്ടും പുണ്യമാണ്.

ഏകാദശി

ഏകാദശി സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ആര്‍ക്കും നോല്‍ക്കാം. കുടുംബത്തിന്റെ ഐശ്വര്യത്തിനും പാപ ശമനത്തിനും ഇതു നല്ലതാണ്. അന്നേ ദിവസം ശരീര ശുദ്ധി, മനശുദ്ധി, പ്രവൃത്തിശുദ്ധി എന്നിവയും പ്രധാനം. കളങ്കപ്പെട്ട മനസും പ്രവൃത്തികളും ഏകാദശിയ്‌ക്കെന്നല്ല, എന്നും ദോഷമേ വരുത്തൂ.

Loading...

Leave a Reply

Your email address will not be published.

More News