Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 12:38 pm

Menu

Published on May 11, 2017 at 12:22 pm

വീട്ടിലെ ചോര്‍ച്ച തടയാന്‍ മഴയെത്തും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

how-to-protect-home-from-leak

കാലാവസ്ഥ മുന്‍വര്‍ഷങ്ങളേക്കാള്‍ ഏറെ മാറിയ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇത്തരം കാലാവസ്ഥാ മാറ്റങ്ങള്‍ നമ്മുടെ ശരീരത്തെയും ആരോഗ്യത്തെയും ബാധിക്കുന്നതിനൊപ്പം നമ്മള്‍ താമസിക്കുന്ന വീടിനേയും ബാധിക്കാം.

ഇത്തവണ കാലവര്‍ഷം നേരത്തെ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തില്‍ മഴയ്ക്കു മുന്‍പ് വീടിന്റെ കാര്യത്തില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാമെന്ന് നോക്കാം.

മാസങ്ങളേളം കനത്ത ചൂടേറ്റ് കോണ്‍ക്രീറ്റ് ചുട്ടുപഴുത്തുനില്‍ക്കുമ്പോഴായിരിക്കും മഴയെത്തുക. ചുട്ടുപഴുത്തുകിടന്ന കോണ്‍ക്രീറ്റ് പെട്ടെന്ന് തണുക്കുമ്പോള്‍ ചെറിയ വിള്ളലുകള്‍ രൂപപ്പെടും. മഴപെയ്ത് ടെറസില്‍ വെള്ളംനിറയുമ്പോള്‍ ഈ വിള്ളലുകള്‍ വലുതായി, ചോര്‍ച്ച തുടങ്ങും.

കാലാവസ്ഥയ്ക്കനുസരിച്ചുള്ള അറ്റകുറ്റപ്പണി അത്യാവശ്യമായി വരുന്ന ഭാഗമാണ് വീടിന്റെ മേല്‍ക്കൂര. ശരിയായ കാരണം കണ്ടുപിടിക്കാതെ ഓട്ടയടച്ചതുകൊണ്ട് മാത്രം മേല്‍ക്കൂരയിലെ ചോര്‍ച്ച തടയാനാകില്ലെന്ന കാര്യം ഓര്‍ക്കുക.

വീടിനകത്ത് നനവ് കാണുന്നിടത്താവില്ല ചോര്‍ച്ചയുടെ തുടക്കം. മുകളില്‍ കോണ്‍ക്രീറ്റിങ് മോശമായ ഏതെങ്കിലും ഭാഗത്ത് വെള്ളം ഊര്‍ന്നിറങ്ങി കമ്പിയിലൂടെ ഒഴുകി അടിയില്‍ കോണ്‍ക്രീറ്റ് മോശമായ മറ്റൊരു സ്ഥലത്തെത്തി ഇറ്റുവീഴുകയാണ് ചെയ്യുന്നത്.

ചോര്‍ച്ച എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ പ്രയാസമാണെങ്കില്‍ മേല്‍ക്കൂര മുഴുവനായി വാട്ടര്‍പ്രൂഫ് ചെയ്യുകയേ നിവൃത്തിയുള്ളൂ. ഇതിന് വാട്ടര്‍ പ്രൂഫിങ് മെറ്റീരിയല്‍ മേല്‍ക്കൂരയില്‍ ഒട്ടിക്കുകയോ സ്‌പ്രേ ചെയ്യുകയോ ചെയ്യാം. പോളിമര്‍, ബിറ്റുമിന്‍, അക്രിലിക് എന്നിവയെല്ലാം വാട്ടര്‍പ്രൂഫിങ് മെറ്റീരിയലായി ഉപയോഗിക്കാം.

പരന്ന മേല്‍ക്കൂരയിലാണ് ചോര്‍ച്ച കൂടുതല്‍ വരുന്നത്. മേല്‍ക്കൂരയുടെ മുകള്‍ഭാഗം മിനുസപ്പെടുത്തി വെള്ളം ഒഴുകിപ്പോവുന്നതിന് ആവശ്യമായ ചെരിവ് നല്‍കിയാല്‍ ചോര്‍ച്ച ഒരു പരിധിവരെ തടയാം. സിമന്റും മണലും സമാസമം ചേര്‍ത്ത് ടെറസ് റീപ്ലാസ്റ്റര്‍ ചെയ്യുന്നതും നല്ലതാണ്. ടെറസിലേക്ക് പെയ്തിറങ്ങുന്ന വെള്ളം പുറത്തേക്ക് പോകുന്ന പൈപ്പുകളില്‍ തടസ്സമില്ലെന്നും ഉറപ്പാക്കണം.

മഴക്കാലത്ത് മാസത്തിലൊരിക്കല്‍ മേല്‍ക്കൂരയില്‍ കുമ്മായമോ ബ്ലീച്ചിങ് പൗഡറോ വിതറിയാല്‍ പായല്‍ പിടിക്കുന്നത് ഒഴിവാക്കാം. പായല്‍ വരാതിരിക്കാനുള്ള ആന്റി ഫംഗസ് പെയിന്റുകളും വാങ്ങാന്‍ കിട്ടും. ഇതുകൊണ്ടും ചോര്‍ച്ച തടയാനായില്ലെങ്കില്‍ അലൂമിനിയം, ഫൈബര്‍ ഷീറ്റുകൊണ്ടുള്ള മറ്റൊരു മേല്‍ക്കൂരകൂടി കൊടുക്കുക മാത്രമാണ് പോംവഴി.

ചരിഞ്ഞ മേല്‍ക്കൂരയില്‍ തറയോട് പതിക്കുന്ന പതിവുണ്ട്. ചോര്‍ച്ച തടയാന്‍ ഇത് നല്ല മാര്‍ഗമാണ്. എന്നാല്‍ തറയോടിനും കോണ്‍ക്രീറ്റിനും ഇടയില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം കെട്ടിനിന്നാല്‍ ഇത് ഈര്‍പ്പമായി കോണ്‍ക്രീറ്റിലൂടെ അരിച്ചിറങ്ങും. ഓടിനടിയിലേക്ക് വെള്ളം ഇറങ്ങിയാലും പെട്ടെന്നുതന്നെ ഒലിച്ചുപോകാനുള്ള ക്രമീകരണം ചെയ്താല്‍ പ്രശ്‌നം പരിഹരിക്കാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News