Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലുവ: നടിയെ ആക്രമിച്ച കേസില്‍ നടനും താരസംഘടന അമ്മയുടെ വൈസ് പ്രസിഡന്റുമായ ഇടവേള ബാബുവിനെ പൊലീസ് ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബ്ബില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ‘അമ്മ’യുടെ താരഷോയുമായി ബന്ധപ്പെട്ടാണ് ചോദിച്ചതെന്ന് ഇടവേള ബാബു പറഞ്ഞു.
റിഹേഴ്‌സല്‍ സമയത്തെ കാര്യങ്ങള്‍ ചോദിച്ചു. ഇതിന്റെ ചില രേഖകള്‍ അന്വേഷണ സംഘത്തിനു കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യല്‍ അരമണിക്കൂറോളം നീണ്ടു. ഈ കേസില്‍ ആദ്യമായാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത്.
നേരത്തെ ഇതുമായി ബന്ധപ്പെട്ട് എം.എല്‍.എമാരുടെ മൊഴി എടുത്തിരുന്നു. ഇതേ കേസില്‍ നടനും എംഎല്‍എയുമായകൂടിയായ മുകേഷ് , നടി കാവ്യ മാധവന്റെ മാതാവ് ശ്യാമള, ടിവി അവതാരകയും ചലച്ചിത്ര പ്രവര്‍ത്തകയുമായ റിമി ടോമി എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചനയും ശക്തമാണ്.
അടുത്ത ദിവസങ്ങളില്‍തന്നെ ഇവരെ ചോദ്യം ചെയ്യുന്നതിനാണ് തീരുമാനം. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി മുന്‍പ് മുകേഷിന്റെ ഡ്രൈവറായിരുന്നു.
കാവ്യ മാധവന്റെ അമ്മ ശ്യാമളയേയും കാവ്യയെയും അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചാണ് നടിയും ഗായികയുമായ റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ദിലീപിനൊപ്പം നടത്തിയ വിദേശ ഷോകളെക്കുറിച്ചാണ് ചോദിച്ചതെന്ന് റിമി വ്യക്തമാക്കിയിരുന്നു.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരായി പരാതി നല്‍കിയ ആലുവ സ്വദേശിയായ സന്തോഷ് കുമാറില്‍ നിന്ന് പൊലീസ് ഇന്നു രാവിലെ മൊഴിയെടുത്തിരുന്നു. ബാല്യകാല സുഹൃത്തായ സന്തോഷ് കുമാര്‍ പിന്നീട് ദിലീപുമായി തെറ്റാനിടയായ സാഹചര്യങ്ങളും പൊലീസ് ആരാഞ്ഞിരുന്നു.
Leave a Reply