Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:32 am

Menu

Published on August 31, 2019 at 11:54 am

വിനായകചതുർഥി ;കാര്യാ സാധ്യത്തിനായി വ്രതം അനുഷ്ഠിക്കാം..

importance-of-vinayaka-chaturthi

ഹൈന്ദവവിശ്വാസപ്രകാരം ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്നനിവാരണത്തിനായി ഗണപതി പൂജ നടത്താറുണ്ട്. ഭഗവാൻ ഏറ്റവും പ്രസന്നനായിരിക്കുന്ന പിറന്നാൾ ദിനത്തിൽ ചതുർഥി പൂജ നടത്തുന്നത് മംഗല്യ തടസം, വിദ്യാതടസം, സന്താനതടസം, ഗൃഹനിർമ്മാണ തടസം എന്നിങ്ങനെയുള്ള വിഘ്നങ്ങൾ ഒഴിവാക്കാൻ ഉത്തമമാണ്.

ചിങ്ങത്തിലെ അമാവാസി കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥി ഗണപതിയുടെ ജന്മദിനമായ വിനായകചതുർഥിയായി ആഘോഷിക്കപ്പെടുന്നു. ഈ വർഷം സെപ്റ്റംബർ 02 തിങ്കളാഴ്ചയാണ് വിനായകചതുർഥി വരുന്നത് . അന്നേദിവസം ഗണേശ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

ചതുർഥി ദിനത്തിൽ ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല, അർച്ചന, മോദകനേദ്യം, ഗണപതി ഹോമം എന്നിവ നടത്തിയാൽ സര്‍വ്വാഭീഷ്ടസിദ്ധിയാണ് ഫലം. വീടുകളിൽ മോദകം അഥവാ കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷണപ്രിയനായ ഗണേശനെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരുന്ന് കഴിക്കുന്നത് കുടുംബൈശ്യര്യവർദ്ധനവിന് ഉത്തമമാണ്.വിനായകചതുർഥിയിൽ ഗണപതിയുടെ ആയിരത്തെട്ട് ഭാവങ്ങളെ വർണ്ണിക്കുന്ന ‘ഗണേശ സഹസ്രനാമം’ ഭക്തിയോടെ പാരായണം ചെയ്യുന്നത് അത്യുത്തമം. ഗണനാഥനായ ഗണപതി ഭഗവാന് പ്രാധാന്യം നൽകികൊണ്ട് ചെയ്യുന്ന എല്ലാ പ്രവൃത്തിയും ഫലപ്രാപ്തിയിലെത്തും എന്നാണ് വിശ്വാസം.

വിനായക ചതുർഥി ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നത് ശ്രേഷ്ഠമാണ്. ഈ വ്രതം അനുഷ്ഠിച്ചാൽ അടുത്ത വിനായക ചതുര്‍ഥി വരെയുള്ള ഒരു വര്‍ഷക്കാലം ഗണേശപ്രീതിയിലൂടെ സർവ വിഘ്‌നങ്ങൾ നീങ്ങി ഉദ്ദിഷ്ട കാര്യലബ്‌ധിയുണ്ടാവുമെന്നാണ് വിശ്വാസം.ചതുർഥിയുടെ തലേന്ന് മുതൽ ഒരിക്കലോടെ വ്രതം ആരംഭിക്കണം. മത്സ്യമാംസാദികൾ ഉപേക്ഷിക്കുക. എണ്ണതേച്ചു കുളി, പകലുറക്കം എന്നിവ പാടില്ല .

ചതുർഥി ദിനത്തിൽ സൂര്യോദയത്തിനു മുന്നേ കുളിച്ചു ശരീരശുദ്ധി വരുത്തി നിലവിളക്കു തെളിയിച്ചു ഗണപതി ഗായത്രികൾ ഭക്തിയോടെ ജപിക്കണം. കിഴക്കോട്ടു തിരിഞ്ഞാവണം ജപം . 108 തവണ ജപിക്കുന്നതാണ് ഏറ്റവും ഉത്തമമെങ്കിലും കുറഞ്ഞത് 10 തവണയെങ്കിലും ജപിക്കാൻ ശ്രമിക്കുക. തുടർന്ന് ഗണേശ ക്ഷേത്ര ദർശനം നടത്തി അവനവനാൽ കഴിയുന്ന വഴിപാടുകൾ സമർപ്പിക്കുക. ധാന്യഭക്ഷണം ഒരുനേരമായി കുറച്ചുകൊണ്ട് മറ്റുള്ള സമയങ്ങളിൽ പാലും പഴവും മറ്റും കഴിക്കുക. ദിനം മുഴുവൻ ഗണേശസമരണയോടെ കഴിച്ചുകൂട്ടുന്നത് അത്യുത്തമം. കഴിയാവുന്നത്ര തവണ മൂലമന്ത്രമായ ” ഓം ഗം ഗണപതയേ നമഃ” ജപിക്കുക . സാധ്യമെങ്കിൽ വൈകുന്നേരവും ക്ഷേത്രദർശനം നടത്തുക. പിറ്റേന്ന് തുളസീ തീർഥമോ ക്ഷേത്രത്തിലെ തീർഥമോ സേവിച്ചു പാരണ വിടാം.

ഉദിഷ്ഠ കാര്യസിദ്ധിക്കായി ജപിക്കേണ്ട ഗണപതി ഗായത്രി

“ഓം ഏക ദന്തായ വിദ് മഹേ വക്ര തുന്ധായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് “

വിഘ്‌നനിവാരണത്തിനായി ജപിക്കേണ്ട ഗണപതി ഗായത്രി

“ഓം ലംബോദരായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് “

Loading...

Leave a Reply

Your email address will not be published.

More News