Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:09 am

Menu

Published on December 19, 2013 at 10:15 am

കോഹ്ലിക്കു സെഞ്ചുറി;ഇന്ത്യ അഞ്ചിന് 255

india-2555-at-stumps-on-day-1

ജൊഹാനസ്‌ബര്‍ഗ്‌: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യ ബാറ്റിംഗ്‌ തകര്‍ച്ചയെ താല്‍കാലികമായി അതിജീവിച്ചു.ഒന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ചിന്‌ 255 റണ്ണെന്ന നിലയിലാണ്‌.ക്യാപ്റ്റന്‍കുപ്പായത്തില്‍ 50-ാം ടെസ്റ്റ് കളിക്കുന്ന മഹേന്ദ്ര സിങ് ധോണിയും (46 പന്തില്‍ 17) ക്ഷമയോടെ ബാറ്റ്ചെയ്യുന്ന അജിന്‍ക്യ രഹാനെയുമാണ് (105 പന്തില്‍ 43) ക്രീസില്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിച്ചശേഷമുള്ള ആദ്യ ടെസ്റ്റില്‍,സച്ചിന്റെ നാലാം നമ്പര്‍ സ്ഥാനത്തില്‍ ബാറ്റ് ചെയ്യാനിറങ്ങിയ കോഹ്ലി ആരാധകരെ നിരാശരാക്കിയില്ല.സെഞ്ചുറിവരെ പിഴവുകളില്ലാതെ ബാറ്റിങ്ങായിരുന്നു കോഹ്ലി വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ പകര്‍ന്നുനല്‍കിയത്.കരിയറിലെ അഞ്ചാം ടെസ്‌റ്റ് സെഞ്ചുറി നേടിയ കോഹ്ലി 119 റണ്ണുമായാണു പുറത്തായത്‌.181 പന്തുകള്‍ നേരിട്ട കോഹ്ലി 18 തവണ പന്ത്‌ അതിര്‍ത്തി കടത്തി.ഏകദിന ശൈലിയില്‍ ബാറ്റ്‌ വീശിയ കോഹ്ലി 76 പന്തിലാണ്‌ ആദ്യ 50 കടന്നത്‌.പിന്നീടു പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധിച്ച കോഹ്ലി 140 പന്തിലാണു മൂന്നക്കത്തിലെത്തിയത്‌.കോഹ്ലിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന നാലാം വിക്കറ്റ്‌ കൂട്ടുകെട്ടാണ്‌ ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്‌.89 റണ്ണാണ്‌ അവര്‍ നേടിയത്‌.ഇമ്രാന്‍ താഹീറിന്റെ പന്തില്‍ ഇല്ലാത്ത റണ്ണിനോടിയ പൂജാര റണ്ണൗട്ടായതു തിരിച്ചടിയായി.25 റണ്ണെടുത്ത പൂജാര കളം പിടിച്ചു വരുന്നതിനു മുന്‍പ്‌ പുറത്തായി.പൂജാരയ്‌ക്കു പിന്നാലെ ക്രീസിലെത്തിയ രോഹിത്‌ ശര്‍മ അനാവശ്യ ഷോട്ടിനു ശ്രമിച്ചാണു പുറത്തായത്‌.14 റണ്ണെടുത്തുനിന്ന രോഹിത്‌ വെര്‍നോണ്‍ ഫിലാന്‍ഡറുടെ പുറത്തേക്കു പോയ പന്തിനു ബാറ്റ്‌ വച്ച്‌ വിക്കറ്റിനു പിന്നില്‍ എ.ബി.ഡിവിലിയേഴ്‌സിനു പിടി നല്‍കി.അജിന്‍ക്യ രഹാനെയും കോഹ്ലിയും ചേര്‍ന്ന്‌ 68 റണ്ണിന്റെ കൂട്ടുകെട്ട്‌ നേടിയതോടെ സ്‌കോര്‍ 200 ലെത്തി. വൈകാതെ കോഹ്ലി പുറത്തായി.ജാക്ക്‌ കാലിസിന്റെ സ്ലോ ബോളിനെ ഡ്രൈവ്‌ ചെയ്‌ത കോഹ്ലിയെ ജീന്‍ പോള്‍ ഡുമിനി കൈപ്പിടിയിലാക്കി.വിദേശത്തു കോഹ്ലി രണ്ടാം തവണയാണു സെഞ്ചുറിയടിക്കുന്നത്‌.2012 ല്‍ നടന്ന അഡ്‌ലെയ്‌ഡ് ടെസ്‌റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ നേടിയ 116 റണ്ണായിരുന്നു ആദ്യത്തേത്‌.നിലവിലെ ഇന്ത്യന്‍ ടീമില്‍ വിദേശത്തു ടെസ്‌റ്റ് സെഞ്ചുറി നേടിയ താരമായി കോഹ്ലി മാത്രമേയുള്ളു.ന്യൂവാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ ടോസ്‌ നേടിയ ഇന്ത്യ ബാറ്റ്‌ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.13 റണ്ണെടുത്ത ശിഖര്‍ ധവാന്‍ പുറത്തായതോടെ തകര്‍ച്ച തുടങ്ങി. ഡെയ്‌ല്‍ സ്‌റ്റെയിന്റെ അടിച്ചു പറത്താന്‍ ശ്രമിച്ച ധവാനെ ഫൈന്‍ ലെഗില്‍ ഇമ്രാന്‍ താഹിര്‍ പിടികൂടി. ആറു റണ്ണെടുത്ത മുരളി വിജയ്‌ ക്രീസ്‌ വിട്ടതോടെ ഇന്ത്യ വീണ്ടും ഞെട്ടി.ഒരു മണിക്കൂര്‍ ക്രീസില്‍ ചെലവഴിച്ച മുരളി വിജയ്‌ 42 പന്തുകള്‍ നേരിട്ടിരുന്നു.മോര്‍ണി മോര്‍ക്കലിന്റെ പന്തില്‍ ബാറ്റ്‌ വച്ച മുരളി വിജയ്‌ എ.ബി.ഡിവിലിയേഴ്‌സിന്‌ അനായാസ ക്യാച്ച്‌ നല്‍കി.വിജയ്‌ മടങ്ങുമ്പോള്‍ ഇന്ത്യ രണ്ടിന്‌ 24 റണ്ണെന്ന അവസ്‌ഥയിലായിരുന്നു.ഒന്നാം ടെസ്‌റ്റില്‍ ഇന്ത്യ മൂന്നു പേസര്‍മാരെ കളിപ്പിക്കുന്നുണ്ട്‌.സഹീര്‍ ഖാന്‍, ഇഷാന്ത്‌ ശര്‍മ, മുഹമ്മദ്‌ ഷാമി എന്നിവരെയാണു ടീമില്‍ ഉള്‍പ്പെടുത്തിയത്‌.ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ എന്നിവരെ പരിഗണിച്ചില്ല. അജിന്‍ക്യ രഹാനെയാണ്‌ ആറാം നമ്പര്‍ സ്‌ഥാനത്തു ബാറ്റ്‌ ചെയ്‌തത്‌.
സ്‌കോര്‍ബോര്‍ഡ്‌: ഇന്ത്യ-വിജയ്‌ സി ഡിവിലിയേഴ്‌സ് ബി മോര്‍ക്കല്‍ 6,ധവാന്‍ സി താഹിര്‍ ബി സ്‌റ്റെയിന്‍ 13,പൂജാര റണ്ണൗട്ട്‌ 25,കോഹ്ലി സി ഡുമിനി ബി കാലിസ്‌ 119,രോഹിത്‌ ശര്‍മ സി ഡിവിലിയേഴ്‌സ് ബി ഫിലാന്‍ഡര്‍ 14,രഹാനെ നോട്ടൗട്ട്‌ 43,ധോണി നോട്ടൗട്ട്‌ 17.എക്‌സ്ട്രാസ്‌:18.ആകെ (90 ഓവറില്‍ അഞ്ചിന്‌) 255.വിക്കറ്റ്‌വീഴ്‌ച:1-17, 2-24,3-113,4-151,5-219.ബൗളിംഗ്‌:ഡെയ്‌ല്‍ സ്‌റ്റെയിന്‍ 32-5-56-1,വെര്‍നോണ്‍ ഫിലാന്‍ഡര്‍ 21-2-55-1,മോര്‍ണി മോര്‍ക്കല്‍ 19-10-27-1,ജാക്ക്‌ കാലിസ്‌ 14-4-37-1,ഇമ്രാന്‍ താഹിര്‍ 8-0-47-0, ഡുമിനി 5-0-30-0.

Loading...

Leave a Reply

Your email address will not be published.

More News