Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: 500, 2000 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ ലഭ്യമാകും.ബാങ്കുകള്‍ ഇന്നു മുതല്‍ പുതിയ നോട്ടുകള്‍ വിതരണം ചെയ്തു തുടങ്ങും. എന്നാല്‍ എടിഎം കൗണ്ടറുകള്‍ നാളെ മുതലേ പ്രവര്‍ത്തിച്ചു തുടങ്ങൂ.നോട്ട് മാറാനുള്ള ബുദ്ധിമുട്ട് കുറയ്ക്കാനായി ബാങ്കുകള്‍ വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുമെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു. ഇന്നും നാളെയും ബാങ്കുകള്‍ കുടുതല്‍ സമയം പ്രവര്‍ത്തിക്കും. പല ബാങ്കുകളും എ.ടി.എം. ഇടപാടിനുള്ള ഫീസും എണ്ണം സംബന്ധിച്ച നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ധനകാര്യ സെക്രട്ടറി അശോക് ലവാസയാണ് ഇക്കാര്യം അറിയിച്ചത്. നോട്ടുകളുടെ പിന്‍വലിക്കല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇത് പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും ധനകാര്യ സെക്രട്ടറി പറഞ്ഞു.
അതേസമയം, നിലവിലെ സാഹചര്യം കണക്കിലെടുത്ത് വ്യാഴാഴ്ച ബാങ്കുകളിൽ കൂടുതൽ താൽക്കാലിക കൗണ്ടർ ആരംഭിക്കാൻ എസ്.ബി.ഐ തീരുമാനിച്ചു. ഒരു ദിവസത്തെ അവധിക്കു ശേഷം ബാങ്കുകൾ തുറക്കുമ്പോഴുള്ള തിരക്ക് ഒഴിവാക്കാനാണ് നടപടി. പ്രധാന ശാഖകളിലെല്ലാം കൂടുതൽ കൗണ്ടറുകൾ തുറക്കും. അതേസമയം, മൂന്നുദിവസം എ.ടി.എമ്മുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്ന് ചില സ്വകാര്യ ബാങ്കുകള്‍ വിവിധ ബ്രാഞ്ചുകൾക്ക് നിർദേശം നൽകിയതായും സൂചനകളുണ്ട്. പഴയ നോട്ടുകള്‍ മാറാന്‍ പ്രത്യേക ഫോം പൂരിപ്പിച്ച് നൽകണം. ആധാര്‍,തെരഞ്ഞെടുപ്പ് ഐഡി, പാന്‍കാര്‍ഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, തൊഴിലുറപ്പു കാർഡ് എന്നിവയിലൊന്ന് തിരിച്ചറിയൽ കാർഡായി സ്വീകരിക്കും.
സർക്കാർ ആശുപത്രികൾ, റെയിൽവേ ടിക്കറ്റ് കൗണ്ടർ, പൊതുഗതാഗത സംവിധാനം, പാൽ വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പഴയ നോട്ടുകൾ വെള്ളിയാഴ്ച വരെ സ്വീകരിക്കും. ശനിയാഴ്ച വരെ മെട്രോ സ്റ്റേഷനുകളിലും പഴയ നോട്ടുകൾ സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ വെള്ളിയാഴ്ച വരെ ടോൾബൂത്തുകളിൽ പണം നൽകേണ്ടതില്ല.
ആഭരണം വാങ്ങലുകളും നിരീക്ഷണത്തിലായിരിക്കും. ആഭരണങ്ങള്‍ വാങ്ങുന്നവരുടെ പാന്‍ നമ്പര്‍ രേഖപ്പെടുത്താന്‍ ജ്വല്ലറികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതു ചെയ്തില്ലെങ്കില്‍ ജ്വല്ലറികള്‍ക്കെതിരേ നടപടിയുണ്ടാകും. വില്‍പന രേഖകളും ജ്വല്ലറികളുടെ ബാങ്ക് നിക്ഷേപങ്ങളും തട്ടിച്ചുനോക്കിയുള്ള നിരീക്ഷണവുമുണ്ടാകും.
Leave a Reply