Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:59 pm

Menu

Published on April 25, 2013 at 6:22 am

ഐടി തൊഴിലവസരം ഇക്കൊല്ലം കുറയും: നാസ്കോം ചെയര്‍മാന്‍

it-hiring-shrinking

കൊച്ചി : ഐടി മേഖലയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഈ വര്‍ഷം അവസരങ്ങള്‍ മുന്‍ വര്‍ഷത്തെക്കാള്‍ കുറവായിരിക്കുമെന്നു നാഷനല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വെയര്‍ ആന്‍ഡ് സര്‍വീസ് കമ്പനീസ് (നാസ്കോം) ചെയര്‍മാന്‍ കൃഷ്ണകുമാര്‍ നടരാജന്‍. ഉദ്യോഗാര്‍ഥികളുടെ തിരഞ്ഞെടുപ്പിലുണ്ടാകുന്ന കുറവിനെ പക്ഷേ ഡിമാന്‍ഡിലെ കുറവായി വ്യാഖ്യാനിക്കരുതെന്നും മുന്‍ വര്‍ഷങ്ങളില്‍ ആവശ്യത്തിന് ആനുപാതികമല്ലാതെ തിരഞ്ഞെടുക്കപ്പെവര്‍ക്കു നിയമനം നല്‍കാന്‍ ബാക്കിനില്‍ക്കുന്നതുകൊണ്ടാണ് ഈ വര്‍ഷത്തെ ബുദ്ധിമുട്ടെന്നും അദ്ദേഹം വിശദീകരിച്ചു.

നാസ്കോമിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി ഐടി വ്യവസായത്തിന്റെ പ്രശ്നങ്ങളും പ്രതീക്ഷകളും മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവച്ച കൃഷ്ണകുമാര്‍ നടരാജന്‍ ഉദ്യോഗാര്‍ഥികളുടെ തിരഞ്ഞെടുപ്പില്‍ 20 ശതമാനത്തോളം കുറവാണ് ഈ വര്‍ഷം കണക്കാക്കുന്നത്. അദ്ദേഹവുമായുള്ള സംഭാഷണത്തില്‍നിന്ന്:

ജീവനക്കാരുടെ എണ്ണത്തിലെ വളര്‍ച്ചയാകരുതു വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കു മാനദണ്ഡം. അവരുടെ ഉല്‍പാദനക്ഷമതയായിരിക്കണം കണക്കിലെടുക്കേണ്ടത്. ആളെണ്ണം പരിമിതപ്പെടുത്തിയും ഓരോ ജീവനക്കാരനില്‍നിന്നുമുള്ള വരുമാനം വര്‍ധിപ്പിച്ചുമുള്ള പ്രവര്‍ത്തനശൈലിയാണ് ഐടി മേഖലയിലെ കമ്പനികള്‍ക്കു ഭാവിയില്‍ അഭിലഷണീയം.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10.2% മാത്രം വളര്‍ച്ച നേടിയ ഐടി വ്യവസായം നടപ്പു വര്‍ഷം 12 – 14% വളര്‍ച്ച പ്രതീക്ഷിക്കുന്നു. തുടര്‍ന്നും മികച്ച അവസരങ്ങളാണു വ്യവസായം പ്രതീക്ഷിക്കുന്നത്. ആറു ലക്ഷം കോടിയോളം രൂപയുടെ വ്യവസായത്തിന്റെ  2020ലെ ലക്ഷ്യം 18 ലക്ഷം കോടി രൂപയാണ്. ഈ ലക്ഷ്യം നേടുന്നതിനുള്ള മാര്‍ഗങ്ങള്‍ നാസ്കോം കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം 15,000 കോടിയോളം രൂപയുടെ മാത്രം വലുപ്പമുള്ള സാങ്കേതിക ഉല്‍പന്ന (ടെക്നോളജി പ്രോഡക്ട്സ്) വ്യവസായത്തിന്റെ വികാസമാണ്.

ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, ആരോഗ്യരക്ഷ, വിദ്യാഭ്യാസം, എന്‍ജിനീയറിങ്, ഗവേഷണ – വികസനം എന്നിവയുമായി ബന്ധപ്പെട്ടതാണു മറ്റു മുന്‍ഗണന മേഖലകള്‍.
പത്തു വര്‍ഷത്തിനകം 20 നഗരങ്ങളിലായി ‘സ്റ്റാര്‍ട്ട് അപ് എന്ന നിലയിലുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്. ഇവയില്‍ 1000 കേരളത്തിലായിരിക്കും. നാസ്കോമിന്റെ ഓഫിസ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

ഇന്ത്യയിലെ ഐടി വ്യവസായം നേരിടുന്ന വെല്ലുവിളികളിലൊന്നു യുഎസ് വീസ സംബന്ധിച്ച നിര്‍ദിഷ്ട പരിഷ്കാരങ്ങളാണ്. ഇന്ത്യയിലെ ഐടി മേഖല ഈ പരിഷ്കാരത്തില്‍ വ്യാപാര വിരുദ്ധ  വിവേചനമാണു കാണുന്നത്. കുടിയേറ്റ സംബന്ധമായ പ്രശ്നമല്ല, വ്യാപാര പ്രശ്നമാണ് ഇതെന്നു വരുമ്പോള്‍ ലോക വ്യാപാര സംഘടനയുടെ ഇടപെടലിനു സമ്മര്‍ദം വേണ്ടിവന്നേക്കാം.

നികുതി രഹിത മേഖല എന്ന ആശയത്തില്‍ അധിഷ്ഠിതമായി സ്ഥാപിച്ചിട്ടുള്ളവയാണു പ്രത്യേക സാമ്പത്തിക മേഖലകള്‍ (സെസ്).  എന്നാല്‍ സെസുകളിലെ യൂണിറ്റുകള്‍ക്കു 2011ല്‍ ഏര്‍പ്പെടുത്തിയ മാറ്റ് എന്ന നികുതി (മിനിമം ആള്‍ട്ടര്‍നേറ്റ്  ടാക്സ്) ഒഴിവാക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. 20 ശതമാനമാണു മാറ്റ്. സര്‍ക്കാരില്‍നിന്ന് അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണു നാസ്കോം.

Loading...

Leave a Reply

Your email address will not be published.

More News