Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:02 am

Menu

Published on December 30, 2013 at 9:53 am

വിടവാങ്ങല്‍ ടെസ്‌റ്റില്‍ കാലിസിനു സെഞ്ചുറി;രണ്ടാം ടെസ്‌റ്റ് സമനിലയാക്കാന്‍ ഇന്ത്യ പൊരുതുന്നു

jacques-kallis-to-retire-from-test-cricket

ഡര്‍ബന്‍: വിടവാങ്ങല്‍ ടെസ്റ്റ് മത്സരത്തിനിറങ്ങിയ സൗത്താഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക് കാലിസിന് സെഞ്ച്വറി(111). തന്റെ അവസാന ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി നേടി വിടവാങ്ങല്‍ മത്സരം അനശ്വരമാക്കിയിരിക്കുകയാണ് കാലിസ്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനോ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിനോ നേടാന്‍ കഴിയാത്ത നേട്ടമാണ് കാലിസ് ഡര്‍ബന്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ നേടിയിരിക്കുന്നത്.കാലിസിന്റെ വിടവാങ്ങലില്‍ വിജയമുറപ്പിക്കാന്‍ ആഞ്ഞടിച്ച ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ നേടിയത് 500 റണ്‍സ്. 166 റണ്‍സ് ലീഡ്‌വഴങ്ങിയ ഇന്ത്യ, മത്സരം സമനിലയിലാക്കാന്‍ പൊരുതുകയാണ്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോഴും 98 റണ്‍സ് പിന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക് അവസാന ദിവസം രണ്ടു സെഷനുകളെങ്കിലും അതിജീവിക്കേണ്ടിവരും. ചേതേശ്വര്‍ പുജാരയും (32), വിരാട് കോലിയും (11) ക്രീസില്‍ നില്‍ക്കുന്നു. സ്‌കോര്‍: ഇന്ത്യ 334, രണ്ടിന് 68. ദക്ഷിണാഫ്രിക്ക 500.രവീന്ദ്ര ജഡേജയുടെ ആറുവിക്കറ്റ് പ്രകടനം മാത്രമാണ് നാലാം ദിനം ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നത്. ഇന്ത്യന്‍ പേസര്‍മാരെ ദക്ഷിണാഫ്രിക്ക അനായാസം നേരിട്ടപ്പോള്‍ റണ്‍സ് ഒഴുകിയെത്തി. ഇടയ്ക്ക് പെയ്ത മഴയാണ് ദക്ഷിണാഫ്രിക്കയെ പിടിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായകമായത്. കാലിസും (115), സ്റ്റെയ്‌നും(44) റോബിന്‍ പീറ്റേഴ്‌സണും (61) ഫാഫ് ഡു പ്ലെസിയും (43) ദക്ഷിണാഫ്രിക്കയ്ക്ക് നിര്‍ണായകമായ ലീഡ് നേടിക്കൊടുത്തു.നൈറ്റ് വാച്ച്മാനായി ഇറങ്ങിയ സ്റ്റെയ്ന്‍ ആറാം വിക്കറ്റില്‍ കാലിസുമൊത്ത് 86 റണ്‍സാണ് ചേര്‍ത്തത്. കാലിസിനെ പുറത്താക്കി ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ജഡേജയുടെ അഞ്ചാമത്തെ ഇരയായി കാലിസ് പുറത്താകുമ്പോഴേക്കും ദക്ഷിണാഫ്രിക്ക ലീഡ് പിടിച്ചെടുത്തിരുന്നു. 316 പന്ത് നേരിട്ട കാലിസ് 13 ബൗണ്ടറി സഹിതമാണ് 115 റണ്‍സെടുത്തത്. 2012 നവംബറില്‍ ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടിയ ശേഷം കാലിസിന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണിത്. കരിയറിലെ 45-ാം ടെസ്റ്റ് സെഞ്ച്വറിയും.കാലിസും സ്‌റ്റെയ്‌നും തുടരെ പുറത്തായെങ്കിലും ദക്ഷിണാഫ്രിക്ക കീഴടങ്ങാന്‍ കൂട്ടാക്കിയില്ല. അതിവേഗം സ്‌കോര്‍ ചെയ്ത റോബിന്‍ പീറ്റേഴ്‌സണും (52 പന്തില്‍ 61) ഡു പ്ലെസിയും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 110 റണ്‍സ് ചേര്‍ത്തു. ലഞ്ചിനുശേഷം 14.1 ഓവറില്‍ 102 റണ്‍സാണ് ഇവര്‍ അടിച്ചുകൂട്ടിയത്. അവസാന ബാറ്റ്‌സ്മാന്‍ മോണി മോര്‍ക്കലിനെ സ്വന്തം ബൗളിങ്ങില്‍ പിടിച്ച് ജഡേജ ആറുവിക്കറ്റ് പൂര്‍ത്തിയാക്കുമ്പോഴേക്കും ദക്ഷിണാഫ്രിക്ക 500 റണ്‍സെന്ന സുരക്ഷിതമായ സ്‌കോറിലെത്തിയിരുന്നു. 138 റണ്‍സ് വഴങ്ങിയാണ് ജഡേജ കരിയറിലെ ആദ്യ ആറുവിക്കറ്റ് പ്രകടനം കാഴ്ചവെക്കുന്നത്. രണ്ടാം തവണയാണ് ജഡേജ അഞ്ചോ അതിലധികമോ വിക്കറ്റ് നേടുന്നത്.164 റണ്‍സ് ലീഡ് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ തുടക്കം മുതലേ ഇന്ത്യയെ പരീക്ഷിച്ചു. ആദ്യ ഇന്നിങ്‌സില്‍ 97 റണ്‍സെടുത്ത മുരളി വിജയ്(6)യാണ് ആദ്യം പുറത്തായത്. ഫിലാന്‍ഡര്‍ക്കായിരുന്നു വിക്കറ്റ്. ഡു പ്ലെസിയുടെ തകര്‍പ്പനൊരു ക്യാച്ചില്‍ ധവാനും പുറത്തായി.
സ്‌കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാമിന്നിങ്‌സ് 334
ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്‌സ്
സ്മിത്ത് സി ധവാന്‍ ബി ജഡേജ 47, പീറ്റേഴ്‌സണ്‍ സി വിജയ് ബി ജഡേജ 62, അംല ബി ഷാമി 3, കാലിസ് സി ധോനി ബി ജഡേജ 115, ഡിവില്ലിയേഴ്‌സ് സി കോലി ബി ജഡേജ 74, ഡുമിനി എല്‍ബിഡബ്ല്യു ജഡേജ 28, സ്‌റ്റെയ്ന്‍ സി ധോനി ബി സഹീര്‍ 44, ഡു പ്ലെസി റണ്ണൗട്ട് 43, റോബിന്‍ പീറ്റേഴ്‌സണ്‍ സി വിജയ് ബി സഹീര്‍ 61, ഫിലാന്‍ഡര്‍ നോട്ടൗട്ട് 0, മോര്‍ക്കല്‍ സി ആന്‍ഡ് ബി ജഡേജ 0, എക്‌സ്ട്രാസ് 23, ആകെ 155.2 ഓവറില്‍ 500. വിക്കറ്റുവീഴ്ച: 1-103, 2-113, 3-113, 4-240, 5-298, 6-384, 7-387, 8-497, 9-500, 10-500. ബൗളിങ്: സഹീര്‍ഖാന്‍ 28-4-97-2, മുഹമ്മദ് ഷാമി 27-2-104-1, ഇഷാന്ത് ശര്‍മ 31-7-114-0, ജഡേജ 58.2-15- 138-6, രോഹിത് ശര്‍മ 11-1-29-0
ഇന്ത്യ രണ്ടാമിന്നിങ്‌സ്: ധവാന്‍ സി ഡു പ്ലെസി ബി പീറ്റേഴ്‌സണ്‍ 19, വിജയ് സി സ്മിത്ത് ബി ഫിലാന്‍ഡര്‍ 6, പുജാര നോട്ടൗട്ട് 32, കോലി നോട്ടൗട്ട് 11, എക്‌സ്ട്രാസ് 0, ആകെ 36 ഓവറില്‍ രണ്ടിന് 68. വിക്കറ്റ് വീഴ്ച 1-8, 2-53. ബൗളിങ്: സ്റ്റെയ്ന്‍ 7-5-5-0, ഫിലാന്‍ഡര്‍ 6-2-9-1, മോര്‍ക്കല്‍ 6-2-11-0, പീറ്റേഴ്‌സണ്‍ 9-2-23-1, ഡുമിനി 8-2-20-0

Loading...

Leave a Reply

Your email address will not be published.

More News