Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നത്തെ തിരക്കു പിടിച്ച തൊഴില്‍ മേഖലകളിലാണ് നമ്മള്‍ അമിത ജോലിഭാരത്തെ കുറിച്ച് കേട്ടുതുടങ്ങുന്നത്. എന്നാല്‍ ഇതിന്റെ പരിണിത ഫലം എന്താണെന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. രോഗങ്ങള്‍ എന്നതായിരിക്കും ഉത്തരമെങ്കിലും ഒരാളുടെ ജീവനെടുക്കാന്‍ പാകത്തിലുള്ളതാണ് ഈ അമിത ജോലിഭാരമെന്ന് തെളിയിക്കുന്നതാണ് ജപ്പാനില്‍ നടന്ന സംഭവം.
ജപ്പാനിലെ ഒരു ചാനല്‍ ജീവനക്കാരിയുടെ മരണത്തിന് കാരണമായത് അമിത ജോലിഭാരമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഔദ്യോഗിക മാധ്യമ സ്ഥാപനമായ എന്‍.എച്ച്.കെയിലെ ജീവനക്കാരിയായിരുന്ന മിവാ സാദോയാ എന്ന 31കാരിയുടെ മരണകാരണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
2013ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മിവായുടെ മരണം. ഇതു സംബന്ധിച്ച് തൊഴില്‍ വകുപ്പ് ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ജപ്പാനിലെ അമിത ജോലിഭാരം ചര്‍ച്ചയാകുകയാണ്.
എന്‍.എച്ച്.കെയുടെ ടോക്യോവിലെ ആസ്ഥാനത്താണ് മിവാ ജോലി ചെയ്തിരുന്നത്. ഓവര്‍ടൈം ആയി ഒരു മാസം 159 മണിക്കൂര്‍ ആണ് മിവായെക്കൊണ്ട് ഇവിടെ ജോലി ചെയ്യിച്ചിരുന്നത്. പോരാഞ്ഞിട്ട് മാസത്തില്‍ വെറും രണ്ടു തവണ മാത്രമാണ് ഇവര്‍ക്ക് അവധി നല്‍കിയിരുന്നത്. ഇതാണ് മിവായെ ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്ന് തൊഴില്‍ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതു കൂടാതെ 2015 ഏപ്രിലില്‍ നടന്ന സമാനമായ മരണം രാജ്യത്ത് ഏറെ വിവാദമുയര്‍ത്തിയിരുന്നു. പരസ്യ ഏജന്‍സിയിലെ ജീവനക്കാരിയായ മാത്സുറി തകാഹാഷി ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കുകയായിരുന്നു. മരിക്കുന്നതിനു മുമ്പ് ഒരു മാസം നൂറു മണിക്കൂറിലേറെയാണ് തകാഹാഷി ഓവര്‍ ടൈം ജോലിചെയ്തത്.
മാനസികമായും ശാരീരികമായും തകര്‍ന്നിരിക്കുന്നുവെന്നും അതിനാല്‍ തന്നെ മരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ആത്മഹത്യാ കുറിപ്പില്‍ എഴുതിവെച്ചാണ് ക്രിസ്മസിന്റെ തലേദിവസം 24 കാരിയായ തകാഹാഷി ജീവനൊടുക്കിയത്.
അമിത സമ്മര്‍ദ്ദമാണ് ജപ്പാനിലെ തൊഴില്‍ അന്തരീക്ഷത്തിലുള്ളത്. പുതിയ വെളിപ്പെടുത്തലോടെ ഈ പ്രശ്‌നത്തെ അടിയന്തരമായി അഭിമുഖീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതമായേക്കും.
Leave a Reply