Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇൗയടുത്ത കാലത്ത് മറ്റൊരു പാട്ടിനുമ കിട്ടാത്ത പബ്ലിസിറ്റിയാണ് ലാല്‍ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ജിമിക്കി കമ്മല്‍ എന്ന പാട്ടിന് ലഭിച്ചത്. സാധാരണ പാട്ടുകള്‍ ഹിറ്റാകുമ്പോള്‍ അത് മൂളിനടക്കുകയാണ് പതിവ്. എന്നാല്‍ ജിമിക്കി കമ്മല്‍ പാടുന്നതോടൊപ്പം തന്നെ എല്ലാവരും ആ താളത്തിന് ചുവടുവച്ചു. പ്രായഭേദമന്യേ ഇപ്പോഴും എല്ലാവരും ജിമിക്കി കമ്മലിനൊപ്പം ചുവടുവയ്ക്കുകയാണ്.
ബിബിസി ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ പോലും ജിമിക്ക് കമ്മലിന്റെ താളം ഏറ്റെടുത്തു കഴിഞ്ഞു. അതിനിടെ ഇന്ത്യയില്‍ നിന്നുള്ള പത്തു ഗാനങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി ജിമിക്കി കമ്മല്‍. എന്നാല്‍ ജിമിക്കി കമ്മല്‍ ഒരു ഗുജറാത്തി ഗാനത്തിന്റെ കോപ്പിയടിയാണെന്ന പ്രചരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെയുണ്ട്.
‘ജിമിക്കി കമ്മലിന്റെ വരവ് എവിടെ നിന്ന് എന്നറിയുവാന്‍ ആഗ്രഹമുണ്ടോ, ഈ അന്യഭാഷാ ചിത്രത്തിലെ പാട്ടു കേള്‍ക്കൂ’ എന്നരീതിയിലാണ് പ്രചരണങ്ങള്‍. ഷാന്‍ റഹ്മാന്റെ ട്യൂണ്‍ മോഷണമാണെന്ന് സോഷ്യല്‍ മീഡിയ വിധിയെഴുതി. ഇക്കാര്യത്തില്‍ കാളപെറ്റു എന്ന് കേട്ടയുടനെ കയറെടുത്തവര്‍ക്ക് മറുപടിയുമായി ഷാന്‍ റഹ്മാന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു.
എല്ലാ ഭാഷയിലും ഈ ഹിറ്റ് സംഗീതമെത്തിക്കുക എന്ന ജിമിക്കി കമ്മല്‍ കാമ്പയിനിന്റെ ഭാഗമായിരുന്നു ആ ഗുജറാത്തി ഗാനം. ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന ജിമിക്കി കമ്മലിനെ റീമിക്‌സ് ചെയ്ത് എഫ് എം റേഡിയോ ആണ് ഇത് സോഷ്യല്‍ മീഡിയയിലെത്തിച്ചത്. ഇതിനു പുറമെ സംഗീത സംവിധായകന്‍ തന്നെ മറുപടിയുമായി എത്തുകയും ചെയ്തു.
ഇത്തരം കാര്യങ്ങളോട് താന്‍ പൊതുവെ പ്രതികരിക്കാറില്ലെന്നും മലയാളികള്‍ തന്നെ പാട്ട് മോഷണമാണെന്ന് പ്രചരിപ്പിക്കുന്നത് കഷ്ടമാണെന്നും ഷാന്‍ റഹ്മാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ജിമിക്കി കമ്മല്‍ മലയാളികളുടെ അഭിമാനമായ ഒരു പാട്ടാണമെന്നും അന്താരാഷ്ട്ര വേദികളില്‍ പോലും ഈ ഗാനത്തിന് പലരും ചുവട് വയക്കുന്നതായും ഷാന്‍ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. ജിമിക്കി കമ്മല്‍ ഇത്രയും വിജയം നേടുമെന്ന് ഞങ്ങളും കരുതിയിരുന്നില്ല. പുറത്തിറങ്ങി ദിവസങ്ങള്‍ക്കകമാണ് ഇത്രയും വലിയ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. ഇതിന്റെ വിവിധ പതിപ്പുകള്‍ ഇറങ്ങുന്നതില്‍ സന്തോഷമുണ്ടെന്നും ഷാന്‍ പറഞ്ഞു.
ജിമിക്കി കമ്മലും അത് കോപ്പിയാണെന്ന് ചൂണ്ടിക്കാണിച്ച പാട്ടും അപ്ലോഡ് ചെയ്ത ദിവസമടക്കം വ്യക്തമാക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളും ഷാന്‍ തന്നെ പങ്കുവച്ചിട്ടുണ്ട്. ജിമിക്കി കമ്മല്‍ ഓഗസ്റ്റ് 17നും ഗുജറാത്തി ഗാനം സെപ്തംബര്‍ 22നുമാണ് യൂട്യൂബില്‍ പബ്ലിഷ് ചെയ്തിരിക്കുന്നത്.
ഗുജറാത്തി വേര്‍ഷന്‍ ജിമിക്കി കമ്മല്‍ തയ്യാറാക്കിയിരിക്കുന്നത് റെഡ് എഫ്.എം ടീമാണ്. ഇതിന് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഷാന്‍ പങ്കുവച്ചിരിക്കുന്നത്.
Leave a Reply