Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ജിഷയെ കൊന്നവനെ മാത്രമല്ല കൊല്ലിച്ചവനെയും പിടിക്കണമെന്ന് ജിഷയുടെ പിതാവ് പാപ്പു.തനിക്ക് പോലിസില്‍ വിശ്വാസമില്ല. തന്റെ മകളെ കൊല്ലിച്ചത് പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകനാണ്. തനിക്ക് വധഭീഷണിയുള്ളതിനാലാണ് താന്‍ ഇക്കാര്യം പുറത്തുപറയാതിരുന്നതെന്നും പാപ്പു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പെരുമ്പാവൂരിലെ മുഴുവന്‍ ജനങ്ങളും കൊലപാതകം ആസൂത്രണം ചെയ്തത് ഇയാളാണെന്ന് വിളിച്ചു പറഞ്ഞിട്ടും പോലിസ് ആ വഴിക്ക് അന്വേഷണം നടത്തിയില്ല. പോലിസ് ഇപ്പോള്‍ ഒരു പ്രതിയെ കണ്ടെത്തി കേസ് ഒതുക്കാന്‍ നോക്കുകയാണ്. ഇപ്പോള്‍ പിടിക്കപ്പെട്ട പ്രതി പോലിസിന്റെ കൈയില്‍ നേരത്തെ ഉണ്ടായിരുന്ന ആളാണ്. ഇയാളെ പാലക്കാടു നിന്നു പിടിച്ചുവെന്ന് പോലിസ് പറയുന്നത് പച്ചക്കള്ളമാണ്.
ചാനലുകാര്‍ പലരും തന്നെ സമീപിച്ച് കൊലപാതകവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ചോദിച്ചെങ്കിലും താന്‍ പറഞ്ഞ കാര്യങ്ങളൊന്നും അവര്‍ വാര്‍ത്തയായി നല്‍കിയില്ല. മറിച്ച് പറഞ്ഞതിന് എതിരായി വാര്‍ത്ത നല്‍കി. തനിക്ക് ആരെയും വിശ്വാസമില്ല. യുഡിഎഫും, എല്‍ഡിഎഫും ഒത്തുകളിച്ച് തന്റെ മകളെ കൊന്നവരെയും കൊല്ലിച്ചവരെയും രക്ഷപ്പെടുത്തുകയാണ്.
മകള്‍ മരിച്ച ശേഷം ആശുപത്രിയില്‍ കഴിഞ്ഞ തന്നെ കുറുപ്പംപടി മേഖലയില്‍നിന്നുള്ള ഒരു കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം വന്നു കണ്ടിരുന്നു. മകളുടെ കാര്യങ്ങള്‍ പറഞ്ഞതിനുശേഷം ഇയാള്‍ തന്റെ പോക്കറ്റിലേക്ക് ആയിരത്തിന്റെ നോട്ട് വച്ചുതന്നിരുന്നു. ആശുപത്രിയില്‍ കഴിയുന്നതിനാല്‍ തന്നെ സഹായിക്കാനാണ് പണം നല്‍കിയതെന്നു കരുതി. എന്നാല്‍, നാളിതുവരെ തന്നെ കണ്ടാല്‍ ഒന്നു ചിരിക്കാന്‍ പോലും തയ്യാറാവാത്ത പഞ്ചായത്ത് അംഗത്തിന്റെ നീക്കം പിന്നീടാണ് താന്‍ മനസ്സിലാക്കിയത്.
കെപിസിസിയുടെ ധനസഹായമായ 15 ലക്ഷം രൂപ വാങ്ങിയതിന് ശേഷമാണ് ജിഷയുടെ അമ്മ രാജേശ്വരി പി പി തങ്കച്ചന്റെ വീട്ടില്‍ ജോലിക്ക് നിന്നിട്ടില്ല എന്നു പറഞ്ഞത്. ഇപ്പോള്‍ പെന്‍ഷനും വീടും മൂത്തമകള്‍ക്ക് ജോലിയും ലഭിച്ചതോടെ രാജേശ്വരി കൊലപാതകികള്‍ക്കൊപ്പം ചേര്‍ന്നുവെന്നും പാപ്പു കുറ്റപ്പെടുത്തി. മാത്രമല്ല തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്ന ഉന്നതനെക്കുറിച്ച് നിരവധി തവണ ജിഷ കുറുപ്പംപടി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പറഞ്ഞിരിക്കുന്ന ഉന്നതന്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ പോലിസ് തയ്യാറാവണം.
മകളുടെ മൃതദേഹം ദഹിപ്പിക്കരുതെന്നും മതാചാരപ്രകാരമുള്ള കര്‍മം നടത്തണമെന്നും കുറുപ്പംപടി എസ്‌ഐയോടും സിഐയോടും താന്‍ കാലുപിടിച്ച് പറഞ്ഞതാണെന്നും എന്നിട്ടും രാത്രി തന്നെ ധൃതിപിടിച്ച് സംസ്‌കാരം നടത്തിയതായും പാപ്പു പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പാപ്പു ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും പാപ്പു പറഞ്ഞു.
Leave a Reply