Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
‘നിങ്ങളൊക്കെ എന്ത് നാട്ടുകാരാണ്, എന്റെ മോളെ കൊന്നവരെ കണ്ടുപിടിക്ക്’.. പെരുമ്പാവൂരിൽ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ജിഷയുടെ അമ്മയുടെ വാക്കുകളാണിത്. ഇടറിയ ശബ്ദത്തില്‍ അലറിക്കരയാനേ ജിഷയുടെ അമ്മയെക്കൊണ്ട് കഴിയുന്നുള്ളൂ.ജിഷയും അമ്മ രാജേശ്വരിയും പെരുമ്പാവൂരിലെ ഏതെങ്കിലും ആള്‍താമസമില്ലാത്ത പ്രദേശത്ത് ഒറ്റപ്പെട്ട് ജീവിച്ചവരല്ല. ചുറ്റും വീടുകളും സൗധങ്ങളുമുള്ള മേഖലയിലെ കനാല്‍ പുറംമ്പോക്കില്‍ ഒറ്റപ്പെട്ട് ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. താരതമ്യേനെ തിരക്കുള്ള ഒരു റോഡിന്റെ അരികിലാണ് കനാലിലേക്ക് തള്ളിനില്‍ക്കുന്ന ഈ വീട്. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യം പോലുമില്ലാത്ത തകരഷീറ്റിട്ട ഒരു മുറി. അയല്‍ക്കാര്‍ തിരിഞ്ഞുനോക്കാത്ത വീട്. സാമൂഹ്യമായി ഒറ്റപ്പെട്ട ഒരു ദളിത കുടുംബം.
ആറു ദിവസങ്ങള്‍ക്കുമുമ്പ് പെരുമ്പാവൂരിലെ ജനവാസകേന്ദ്രത്തിനടുത്ത്, എന്നാല്‍ അടച്ചുറപ്പില്ലാതെ ഒറ്റപ്പെട്ടു കിടക്കുന്ന ആ വീട്ടില്‍ നിന്ന് സന്ധ്യയ്ക്ക് ഒരു അമ്മ തന്റെ മകളെ ആരോ കൊന്നെന്നു പറഞ്ഞ് വിളിച്ചു കൂവിയപ്പോള്‍ തിരിഞ്ഞു നോക്കാന്‍ അയല്‍വാസികള്‍ പോലും തയ്യാറായില്ല. സംസ്‌കാരിക സമ്പന്നതയോ, സാക്ഷരതയിലെ നൂറുശതമാനമോ ഒന്നും ആ നിലവിളികേട്ട ഒരാളെയും ആ വീട്ടിലെത്തിച്ചില്ല.
തെരഞ്ഞെടുപ്പ് തലയ്ക്കു പിടിച്ച നേതാക്കന്മാരോ മാധ്യമങ്ങളോ സംസ്‌കാരിക നായകരോ ആരും; ആരും അതു വഴി കയറിയില്ല. നാലാം നാള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു പുറത്തുവന്നു. റിപ്പോര്‍ട്ടില്‍ ഇങ്ങനെയെഴുതി: ഇത് ക്രൂരമായ പീഢനം. അപ്പോഴായിരുന്നു മാധ്യമങ്ങള്‍ മരണത്തിലെ വാര്‍ത്താ പ്രധാന്യം കണ്ടെത്തിയത്. ഒരു പക്ഷേ പോസ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ ആ വാചകം എഴുതിച്ചേര്‍ത്തില്ലെങ്കില്‍ വെറുമൊരു കൊലപാതകമായി ഏങ്ങുമെത്താതെ അവസാനിക്കുമായിരുന്നു പെരുമ്പാവൂരിലെ ജിഷയുടെ മരണവും.
‘ശല്യപ്പെടുത്തുന്നവരില്‍ നിന്ന് രക്ഷപ്പെടാന്‍ എനിക്കൊരു വക്കീലാകണം’ ആ അമ്മ പാതിമയക്കത്തിലും ആശുപത്രിക്കിടക്കയില്‍ വേദനതിന്ന് പാതി മുറിഞ്ഞ വാക്കുകളില്‍ മകളുടെ സ്വപ്‌നത്തെക്കുറിച്ച് പറയുമ്പോള്‍, ഇന്ന് ശല്യം ചെയ്തവരെ ചോദ്യം ചെയ്യാന്‍ ജിഷ ഇല്ല.
” എന്റെ മോളെ എനിക്ക് തിരിച്ചു തരണം സാറേ, എനിക്ക് എന്റെ കുഞ്ഞിനേ വേണം. ഞങ്ങളോട് ഇങ്ങനെ എന്തിന് ചെയ്തു. ഞാന്‍ ആരുടേയും മുമ്പില്‍ എന്റെ കുഞ്ഞുങ്ങളേയും കൊണ്ട് കൈ നീട്ടാന്‍ വന്നില്ലല്ലോ. ഞങ്ങളെ അവിടുന്ന് ഓടിക്കാന്‍ ചെയ്തതാണോ?”.ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്താനുള്ള ബാധ്യത സമൂഹത്തിനുണ്ട്. ദളിതരായി പോയത് കൊണ്ട് സമൂഹത്തിന് നടുവില്‍ ഒറ്റപ്പെട്ടു പോയ ഒരു കുടുംബത്തിന്റെ ദുര്‍ഗതിക്ക് സമാധാനം പറയേണ്ടത് നമ്മളെല്ലാമാണ്.
ഒറ്റപ്പെടുത്തലിന് പലകാരണങ്ങള്‍ നാട്ടുകാര്‍ക്കു പറയാനുണ്ടാവാം. ദളിത, ദരിദ്ര, അങ്ങനെ കേരളം പോലൊരു പൊതു സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുവാന്‍ ആവശ്യത്തിലധികം കാരണങ്ങള്‍ ആ അമ്മയ്കും മകള്‍ക്കും മാത്രം പറയാനുണ്ടാകും. കേള്‍ക്കുന്ന നമ്മളെയെല്ലാം ആ വാക്കുകള്‍ പ്രതിസ്ഥാനത്താക്കുംമെന്നും തീര്‍ച്ച.
Leave a Reply