Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ജിഷ്ണു പ്രണോയിയുടെ കുടുംബം ആരംഭിച്ച അനിശ്ചിതകാല നിഹാര സമരം രണ്ടാം ദിവസത്തിലേക്ക്.
തങ്ങളെ ആക്രമിച്ച പൊലീസിനെതിരെ നടപടിയെടുക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കുടുംബം വ്യക്തമാക്കി. ചര്‍ച്ചയുമായി തങ്ങള്‍ സഹകരിക്കുമെന്നും എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെങ്കില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഹിജയും സഹോദരനും തങ്ങളെ ഡിസ്ചാര്‍ജ് ചെയ്താല്‍ പൊലീസ് ഹെഡ്‌കോര്‍ട്ടേഴ്‌സിന് മുന്നില്‍ സമരം തുടരുമെന്നും വ്യക്തമാക്കി.
ജിഷ്ണുവിന്റെ അച്ഛന്‍ അശോകനും അദ്ദേഹത്തിന്റെ സഹോദരി ശോഭയുമുള്‍പ്പെടെ 15 പേര്‍ മെഡിക്കല്‍ കോളേജ് വളപ്പില്‍ ഇന്നലെ നിരാഹാരസമരം തുടങ്ങിയപ്പോള്‍ സഹോദരി അവിഷ്ണ വളയത്തെ വീട്ടിലും നിരാഹാരം കിടക്കുകയാണ്.
ഇതിനിടെ പൊലീസ് നടപടിയെക്കുറിച്ച് ഐ.ജി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിയ ഡി.ജി.പി വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നിരാഹാര സമരത്തിനെത്തിയവരെ നീക്കിയ നടപടിയില്‍ വീഴ്ച സംഭവിച്ചിട്ടില്ല എന്നായിരുന്നു ഐ.ജി മനോജ് എബ്രഹാം ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പൊലീസിന്റേത് സ്വാഭാവിക നടപടിയാണെന്നും ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
എന്നാല്‍ മഹിജയുടെയും സഹോദരന്‍ ശ്രീജിത്തിന്റെയും മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ഡി.ജി.പി ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ റിപ്പോര്‍ട്ട് ഐ.ജി ഇന്ന് തന്നെ സമര്‍പ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ പുതിയ റിപ്പോര്‍ട്ടില്‍ നടപടിക്ക് സാധ്യതയുണ്ട്.
അതിനിടെ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ പ്രതികളെ പിടികൂടുന്നതിനുവേണ്ടി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. രണ്ടാഴ്ച്ചയ്ക്കകം പൊലീസിന്റെ എല്ലാ സംവിധാനവും ഉപയോഗിച്ച് പ്രതികളെ പിടികൂടണമെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
Leave a Reply