Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കോളജ് മുറികളിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ അന്വേഷണ സംഘം ശ്രമം തുടങ്ങി.
ഇതിനായി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന ഹാര്‍ഡ് ഡിസ്‌ക് പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്കയച്ചിട്ടുണ്ട്. കോളജിലെ മുറികളില്‍നിന്ന് രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കോളേജ് അധികൃതരില്‍നിന്ന് പൊലീസിന് ലഭിച്ച ഹാര്‍ഡ് ഡിസ്‌കാണ് ഫോറന്‍സിക് പരിശോധനയ്ക്കുവേണ്ടി അയച്ചിട്ടുള്ളത്.
നേരത്തെ നടത്തിയ പരിശോധനയില്‍ ജിഷ്ണു മരിച്ച ദിവസത്തെയും തൊട്ടടുത്ത ദിവസത്തെയും സിസിടിവി ദൃശ്യങ്ങള്‍ അപ്രത്യക്ഷമായതായി കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലുവിന്റെ മുറിയില്‍ രക്തക്കറ കണ്ടെത്തിയിരുന്നു.
മരിച്ച ജിഷ്ണു പ്രണോയിയെ ഇവിടെവച്ച് മര്‍ദ്ദിച്ചിരുന്നെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇടിമുറി എന്നു വിശേഷിപ്പിക്കപ്പെട്ട കോളജ് പി.ആര്‍.ഒ സഞ്ജിത്തിന്റെ മുറി, ജിഷ്ണു മരിച്ചനിലയില്‍ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലും രക്തസാംപിളുകള്‍ കണ്ടെത്തിയിരുന്നു. ഇത് മനുഷ്യരക്തമാണോയെന്നും ജിഷ്ണുവിന്റേതാണോയെന്നുമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
അതിനിടെ, നെഹ്‌റു കോളജിലെ മുറിയില്‍നിന്ന് രക്തക്കറ കണ്ടെത്തിയതോടെ ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ചു കുടുംബം രംഗത്തെത്തി. കേസ് തെളിയും വരെ നെഹ്‌റു കോളജ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് കോളജില്‍ കയറുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ പരാതി നല്‍കിയിട്ടുണ്ട്.
Leave a Reply