Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ആത്മഹത്യ ചെയ്ത നെഹറു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനു നേരെയുണ്ടായ പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ യു.ഡി.എഫ് ഹര്‍ത്താല്‍.
ഉപതിരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ തിരുവനന്തപുരത്തും കോഴിക്കോട്ടും ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.
കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡി.ജി.പിയുടെ ഓഫിസിനു മുന്നില്‍ അനിശ്ചിതകാല സമരത്തിനാണ് ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും അടക്കം 16 പേര്‍ തിരുവനന്തപുരത്തെത്തിയത്. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

ഡി.ജി.പി ഓഫീസിനു 100 മീറ്റര്‍ അടുത്തായിരുന്നു സംഭവം. റോഡില്‍ കിടന്നു പ്രതിഷേധിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തു നീക്കിയത്. മഹിജയെ പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ അവര്‍ തളര്‍ന്നുവീഴുകയും ചെയ്തു. ഇവരെ ഉടന്‍തന്നെ ആശുപത്രിയിലേക്കു മാറ്റി.
അതേസമയം, പൊലീസിന്റെമേല്‍ നിയന്ത്രണം നഷ്ടപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഉപദേഷ്ടാവിനെ വയ്ക്കാന്‍ തീരുമാനിച്ചതിലൂടെ ആഭ്യന്തര വകുപ്പ് സമ്പൂര്‍ണ പരാജയമാണെന്നു സര്‍ക്കാര്‍ സമ്മതിച്ചിരിക്കുകയാണ്. എത്ര ഉപദേഷ്ടാക്കളെ നിയമിച്ചാലും രക്ഷപെടാന്‍ കഴിയാത്ത നിലയിലാണ് ഇടതു സര്‍ക്കാരിന്റെ കാര്യങ്ങള്‍. ജിഷ്ണുവിന്റെ അമ്മയോടുള്ള പൊലീസ് നടപടി ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ജിഷ്ണുവിന്റെ കുടുംബത്തെ ഡി.ജി.പി ചര്‍ച്ചയ്ക്കു ക്ഷണിച്ചു. കുടുംബാംഗങ്ങളായ ആറുപേര്‍ക്കു ചര്‍ച്ചയില്‍ പങ്കെടുക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാവര്‍ക്കും കാണണമെന്നു ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും സഹപാഠികളും അടക്കം 16 പേരടങ്ങുന്ന സംഘമാണു സമരം നടത്താനെത്തിയത്. രാവിലെ ജിഷ്ണുവിന്റെ അമ്മ മഹിജയെ നേരിട്ടുകണ്ട മ്യൂസിയം സിഐ, ഇവിടെ സമരം ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. നിരാഹാരമിരുന്നാല്‍ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു.
കേസില്‍ ഒന്നാം പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ച പൊലീസ് നടപടി നാടകമാണെന്ന് മരിച്ച ജിഷ്ണുവിന്റെ അമ്മ മഹിജ ആരോപിച്ചിരുന്നു. പ്രതികളെ പിടികൂടുംവരെ സമരം തുടരും. ജിഷ്ണു മരിച്ച് മൂന്നു മാസമാകുമ്പോഴും പ്രതികളെ പിടികൂടാത്തതിലാണു പ്രതിഷേധം.
Leave a Reply