Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തമിഴകത്തെ മാതൃകാ ദമ്പതികളായി അറിയപ്പെടുന്നവരാണ് നടന്‍ സൂര്യയും ജ്യോതികയും. ഇരുവരുടെയും സിനിമകള്‍ പോലെതന്നെ പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷിച്ചതാണ്.
വിവാഹിതയായി രണ്ടു മക്കളുടെ അമ്മയായതോടെ ഇനി ജ്യോതികയെ കാണാനേ കിട്ടില്ലെന്നാണ് പലരും കരുതിയിരുന്നത്, എന്നാല്‍ ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ‘മുപ്പതിയാറു വയതിനിലേ’ എന്ന ചിത്രത്തിലൂടെ ജ്യോതിക വന്‍ തിരിച്ചുവരവു നടത്തി. ഭര്‍ത്താവും തമിഴ് സൂപ്പര്‍താരവുമായ സൂര്യയുടെ പിന്തുണയാണ് ഇതിന് പിന്നിലെന്ന് ജോ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
ഇപ്പോഴിതാ തന്റെ പ്രിയതമന്‍ നല്‍കുന്ന സ്‌നേഹത്തെയും പിന്തുണയെയും കുറിച്ച് എത്ര പറഞ്ഞാലും മതിവരുന്നില്ല ജ്യോതികയ്ക്ക്. ഒരു തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തിനിടെയാണ് സൂര്യ എന്ന കരുതലുള്ള, എപ്പോഴും ചേര്‍ത്തുപിടിക്കുന്ന ഭര്‍ത്താവിനെക്കുറിച്ച് ജ്യോതിക തുറന്നു സംസാരിച്ചത്.

താനിതുവരെയും സൂര്യയ്ക്കായി ഒരു കപ്പു കാപ്പി പോലും ഉണ്ടാക്കിക്കൊടുത്തിട്ടില്ലെന്ന് ജ്യോതിക പറയുന്നു. അദ്ദേഹം അത് പ്രതീക്ഷിച്ചിരിക്കുന്നുമില്ല. സൂര്യ ഒരു നല്ല ഭര്‍ത്താവായിരിക്കുമെന്ന് തനിക്കു തോന്നിയതുകൊണ്ടാണ് അദ്ദേഹത്തെ വിവാഹം കഴിച്ചത്. സ്‌കൂളിലും ജോലി സ്ഥലത്തുമൊക്കെയായി താന്‍ നിരവധിപേരെ കണ്ടിട്ടുണ്ട്, പക്ഷേ സൂര്യയെപ്പോലൊരാളെ ഇതുവരെയും കണ്ടിട്ടില്ല, ജോ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ പ്രണയത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അതു നിസ്വാര്‍ത്ഥമായിരിക്കണം എന്നായിരുന്നു ജ്യോതികയുടെ മറുപടി. നിങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്നതിനേക്കാള്‍ സ്‌നേഹിക്കുന്നയാള്‍ക്ക് എന്താണ് വേണ്ടത് എന്നാണു ചിന്തിക്കേണ്ടത്. നിങ്ങളേക്കാള്‍ പങ്കാളിക്കു സ്ഥാനം നല്‍കുന്നതാണു പ്രണയമെന്നാണ് ജ്യോതികയുടെ അഭിപ്രായം.
സൂര്യ തനിക്കു ഭര്‍ത്താവു മാത്രമല്ല അച്ഛനും അമ്മയും ആണ്, തന്റെ കുടുംബത്തെയെല്ലാം അദ്ദേഹത്തില്‍ കാണുന്നു. തനിക്കു സുഖമില്ലാതിരിക്കുന്ന അവസരങ്ങളില്‍ മക്കളുടെ കാര്യങ്ങള്‍ നോക്കുകയും തന്റെ കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്നുണ്ട് അദ്ദേഹം. ഒടുവിലായി മകന്‍ ദേവിന് സൂര്യയുടെ ഗുണങ്ങളുടെ പകുതിയെങ്കിലും കിട്ടിയിരുന്നെങ്കില്‍ താന്‍ സന്തുഷ്ടയാകുമെന്നുവരെ പറഞ്ഞാണ് ജ്യോതിക ഇക്കാര്യം അവസാനിപ്പിച്ചത്.
2006ലാണ് സൂര്യയും ജ്യോതികയും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും ദേവ്, ദിയ എന്നീ രണ്ടു മക്കളുമുണ്ട്. വിവാഹിതരായാല്‍ പിന്നെ സിനിമാ ജീവിതത്തോടു ഗുഡ്‌ബൈ പറയുന്ന നടിമാര്‍ക്കൊരു മാതൃകയാണ് ജ്യോതിക.
Leave a Reply